
നന്മയുടെ പിറവി
Posted on: 19 Dec 2009

(യാക്കോബായ സുറിയാനിസഭ - കോഴിക്കോട്, മലബാര്‍, ഓസ്‌ട്രേലിയ ഭദ്രാസനങ്ങള്‍)
ദൈവപുത്രനായ ക്രിസ്തു മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ അനുസ്മരണമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ പിറവിയെക്കുറിച്ചുള്ള വാര്‍ത്തപോലും അക്കാലത്ത് അനേകരെ അസ്വസ്ഥരാക്കി. കാരണം, അവന്‍ നന്മയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു എന്നതുതന്നെയാണ്. എവിടെയെല്ലാം നമ്മ പിറക്കുന്നുവോ അവിടെയെല്ലാം ഇന്നും തിരുജനനംതന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍, തിരുജനനം ആഘോഷിക്കുന്ന ഈ വേളയില്‍ തിരിച്ചറിയേണ്ടുന്ന യാഥാര്‍ഥ്യം, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി നാം നന്മയെ നിഷേധിക്കുന്നുവെങ്കില്‍ തിരസ്‌കരിക്കുന്നത് തിരുജനനത്തെയാണ്. ക്രിസ്തുവിന് ജന്മം നല്‍കാനായി അമ്മയും യൗസേഫ് പിതാവും ഒരിടംതേടി അനേകവാതിലുകള്‍ മുട്ടിയതുപോലെ ഇന്നും നന്മ പിറക്കുവാന്‍ ഇടം കിട്ടാതെ അലയുന്ന കാഴ്ചകള്‍ കാണാന്‍ കഴിയുന്നില്ലേ?
സത്യം സംസാരിക്കാന്‍ സാധിക്കാതെ സങ്കടപ്പെടുന്നവര്‍, അധികാരികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നീതി നിര്‍വഹിക്കാനാവാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്ന, നല്ല മനുഷ്യരും ഉദ്യോഗസ്ഥരും പവിത്രമെന്നും പരിശുദ്ധമെന്നും വിശേഷിപ്പിക്കപ്പെടുന്ന സഭപോലും പണത്തിന്‍േറയും പ്രതാപത്തിന്‍േറയും രാഷ്ട്രീയാധികാരങ്ങളുടേയും പുറകെ പോകുമ്പോള്‍, സംഭവിക്കുന്നത് നന്മയുടെ നാശംതന്നെയല്ലേ?
നന്മയുടെ പിറവി ഈ ഭൂമിയില്‍ എല്ലാവരിലും ആനന്ദം ഉണ്ടാക്കുമെന്ന് തോന്നുന്നുവോ? എങ്കില്‍ അധികാരത്തിന്റെ മത്തുപിടിച്ച് അധാര്‍മ്മികതയുടെ വഴിയില്‍ യാത്രചെയ്യുന്നവര്‍ക്ക് നന്മയും നീതിയും അംഗീകരിക്കാനോ അനുവര്‍ത്തിക്കാനോ ആവുകയില്ല. സ്നേഹിതന്‍േറയും സഹോദരന്‍േറയുമൊക്കെ വളര്‍ച്ച കാണുമ്പോള്‍ ഉള്ളിലുയരുന്നത് ആത്മാര്‍ഥമായ ആനന്ദമാണോ, അതോ ആരോടും പറയാനാവാത്ത ഒരു സങ്കടമാണോ എന്ന് ആലോചിക്കണം.
ഈ ക്രിസ്മസ് നമുക്കു നല്‍കുന്ന സന്ദേശം- 'നന്മയുടെ പിറവിക്കു പിന്തുണ നല്‍കുക, ഒപ്പം പിറന്നുവീഴുന്ന നന്മകള്‍ പിടഞ്ഞുവീണ് മരിക്കാതിരിക്കാന്‍ പരിപൂര്‍ണസംരക്ഷണവും നല്‍കുക' എന്നതാണ്. ഈ ഭൂമിയുടെ നപ്രത്യേകത, തിന്മയ്ക്ക് സംരക്ഷണം ആവശ്യമില്ല, അത് താനേ വളര്‍ന്നുകൊള്ളും. എന്നാല്‍, നന്മയെ സംരക്ഷിച്ചില്ലെങ്കില്‍ അത് നിലനില്‍ക്കില്ല. വിളയിറക്കിയാല്‍ മാത്രമേ വിളവ് ലഭിക്കുകയുള്ളൂ. ആരും കള വിളചെയ്യാറില്ലല്ലോ? രോഗം വരാതിരിക്കാന്‍ ചികിത്സിക്കണം; എന്നാല്‍, രോഗം വരാന്‍ ചികിത്സിക്കേണ്ടതില്ലല്ലോ എന്നതുപോലെ.
തിന്മ കൊടികുത്തിവാഴുന്നതു കാണുമ്പോള്‍ തളരുകയോ തകരുകയോ ചെയ്യേണ്ടുന്നവരല്ല നമ്മള്‍. നമ്മിലെ നന്മ കൂടുതല്‍ ശക്തിപ്പെടേണ്ട കാലമാണിത്. ക്രിസ്തുവിനെ, നന്മയെ നശിപ്പിക്കുവാന്‍ ഒരു ഭരണകൂടം ഒരുമിച്ച് ഒരുമ്പെട്ടിട്ടും ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല എന്നതുതന്നെയാണ് നമുക്കുള്ള ഏറ്റവും വലിയ പ്രത്യാശ. അതുകൊണ്ട്, നന്മയുടെ പിറവിക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്നവരും നന്മയുള്ളവരും പ്രത്യാശയുള്ളവരുമായി ജീവിക്കുവാന്‍ ഈ ക്രിസ്മസ് നമ്മെ സഹായിക്കട്ടെ. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍.
