
കാപട്യമില്ലായ്മയും സത്യാന്വേഷണത്വരയും മാതൃകയാക്കണം
Posted on: 10 Dec 2009

മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ
(മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പരമാധ്യക്ഷന്‍)
(മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ പരമാധ്യക്ഷന്‍)
ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പിറവി വിളിച്ചറിയിച്ച് വീണ്ടും ഒരു ക്രിസ്മസ്‌കൂടി എത്തുന്നു. നിഷ്‌കളങ്കരായ ആട്ടിടയര്‍ക്കാണ് ആദ്യം യേശുവിനെ കാണാനും വണങ്ങാനും അവസരം ലഭിച്ചത്. കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ക്കും അതിനു കഴിഞ്ഞു. ആട്ടിടയന്മാരുട കാപട്യമില്ലായ്മയും വിദ്വാന്മാരുടെ സത്യാന്വേഷണ ത്വരയുമാണ് അവര്‍ക്ക് ഈ ഭാഗ്യം ലഭിക്കാന്‍ അവസരമൊരുക്കിയത്. ഒരിക്കല്‍ക്കൂടിയെത്തുന്ന ക്രിസ്മസ്സിന് ഇവരെ നമുക്കു മാതൃകയാക്കാം.
സമാധാനമാണ് ക്രിസ്മസ്സിന്റെ സന്ദേശം. സമാധാനം സ്ഥാപിക്കുന്നതിനെക്കാള്‍ അസ്സമാധാനം സൃഷ്ടിക്കുന്ന ഘടകങ്ങളാണ് ഇന്ന് നമുക്കുചുറ്റും. ആഘോഷങ്ങള്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള അവസരങ്ങളാക്കി നാം മാറ്റുകയാണ്. ഇത് ദുഃഖകരമാണ്. യഥാര്‍ത്ഥ ക്രിസ്തു ഇല്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനാണ് ഇന്ന് പലര്‍ക്കും താല്പര്യം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് ലോകജനത. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ച് ഈ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. ആഗോളതാപനം നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. സാമ്പത്തികമാന്ദ്യവും മൗലികവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയുമുണ്ട്. ഇത്തരം പ്രതികൂല സാഹചര്യത്തിലാണ് 'സന്മനസുള്ളവര്‍ക്ക് സമാധാനം' എന്ന നിത്യനൂതന സന്ദേശവുമായി ക്രിസ്മസ് വീണ്ടും എത്തുന്നത്.
ക്രിസ്മസ്സിന്റെ സന്ദേശമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകണം. ഈ ക്രിസ്മസ് വേളയില്‍ ജാതിമതഭേദമെന്യേ സര്‍വര്‍ക്കും സ്നേഹത്തിലൂന്നിയ സഹവര്‍ത്തിത്വത്തിലൂടെ സമാധാനം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.
