xmas ravu

ദൈവത്തെ മറന്ന ജീവിതം പ്രതിസന്ധി സൃഷ്ടിക്കും

Posted on: 11 Dec 2009


ഡോ. തോമസ് മാര്‍ തിമോത്തിയോസ്
(മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധിപന്‍)


സര്‍വജനത്തിനും സമാധാനത്തിന്റെ സന്ദേശം നല്‍കുന്നതിനായി ഭൂമിയില്‍ യേശുക്രിസ്തു അവതരിച്ചതിന്റെ അനുസ്മരണപ്പെരുന്നാളില്‍ ഒരിക്കല്‍ക്കൂടി പങ്കാളികളാകാന്‍ നമ്മെ ഇടയാക്കിയ ദൈവത്തെ നമുക്ക് ഓര്‍ക്കാം, നന്ദിയോടെ മഹത്ത്വപ്പെടുത്താം. കന്യക ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിക്കുമെന്നും അപ്രകാരം ജനിക്കുന്ന പൈതലിന് ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള 'ഇമ്മാനുവേല്‍' എന്ന് പേര്‍ വിളിക്കുമെന്നും കാലങ്ങള്‍ക്കുമുമ്പ് ഏശായ ദീര്‍ഘദര്‍ശി വെളിപ്പെടുത്തിയ സത്യം നിവര്‍ത്തിക്കപ്പെട്ടതിന്റെ അനുസ്മരണയാണ് ക്രിസ്മസ്.
ഈ ജനനപ്പെരുന്നാള്‍ ആഘോഷം വഴിയായി യേശുക്രിസ്തുവിനെ നമ്മുടെ ഹൃദയമാകുന്ന ബേദ്‌ലഹേമില്‍ ഉള്‍ക്കൊള്ളാനും അവിടുന്ന് നല്‍കിയ സമാധാനവും സ്‌നേഹവും നിലനിര്‍ത്താനും കഴിയണം. അതുവഴി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല ഫലങ്ങള്‍ നമ്മില്‍നിന്ന് പുറപ്പെട്ട് നമ്മുടെ സമസൃഷ്ടികള്‍ക്ക് പുതിയ അനുഭവം ഉണ്ടാകാനും ഈ വര്‍ഷത്തെ ജനനപ്പെരുന്നാളിന്റെ അനുസ്മരണം സഹായിയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒരു വര്‍ഷംകൂടി പിന്നിടുന്ന ഈ അവസരത്തില്‍ കഴിഞ്ഞകാല ജീവിതത്തില്‍ ദൈവം നല്‍കിയിട്ടുള്ള എല്ലാ നന്മകളേയും നന്ദിയോടെ ഓര്‍ക്കാം. ദൈവത്തെ മറന്നുള്ള മനുഷ്യന്റെ പ്രവൃത്തികള്‍ അവനെ പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. ലോകജനതയ്ക്ക് മുമ്പില്‍ ഭീകരവാദം വലിയ ഭീഷണിയായി വളര്‍ന്നുവരികയാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ ജനം വലയുന്നു. സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കുന്നു. ഇതുമൂലം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കപ്പെടുന്നു. സ്വതന്ത്രമായ ജീവിതത്തിനുള്ള സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിച്ചുവരുന്നു.
മനുഷ്യന്റെ സമാധാന ജീവിതത്തെ ഹനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ദൈവത്തെ അറിഞ്ഞ് മനുഷ്യന്‍ ജീവിക്കുമ്പോള്‍ മാറ്റം സംഭവിക്കും. അതിലൂടെ സാമൂഹ്യനന്മയും ലോകത്തിന്റെ വികസനവും നമുക്ക് സാധ്യമാക്കാം. ലോകരക്ഷകനായ ദൈവപുത്രന്റെ ജനനം ഓര്‍മ്മപ്പെടുത്തുന്ന ഈ അവസരത്തില്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ക്രിസ്മസിന്റേയും പുതുവത്സരത്തിന്റേയും എല്ലാ നന്മകളും ആശംസകളും നേരുന്നു.



MathrubhumiMatrimonial