
പക്ഷികള്‍ക്ക് ചേക്കേറാന്‍ കുഞ്ഞമ്മയുടെ വീട്
Posted on: 08 Dec 2009

പടിഞ്ഞാറത്തറ നായ്മൂല മൂഴിക്കല്‍ കുഞ്ഞമ്മ പക്ഷികളുമായുള്ള സഹവാസം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. ദിവസവും രാവിലെ ഏഴുമണിക്ക് അവര്‍ നല്കുന്ന ഭക്ഷണം കൊത്തിപ്പെറുക്കി അടുത്തുകൂടുന്ന പക്ഷികള്‍ വൈകുവോളം വീട്ടുവളപ്പില്‍ പറന്നുനടക്കും. ഓരോ പക്ഷിയെയും പേരെടുത്തുവിളിച്ചാല്‍ അവ ഓടിയെത്തും. പക്കിറു, ഇച്ചു, പ്രാപ്പി, വരച്ചു, സല്ലന്‍, ചാടിപ്പെണ്ണ്, ചക്കര എന്നിങ്ങനെ പക്ഷികള്‍ക്ക് ഓരോ പേര് നല്കിയിട്ടുണ്ട്. പ്രാവ്, മൈന, കാക്ക, മഞ്ഞക്കിളി, വാലാട്ടിക്കിളി, കുരുവി, തത്ത തുടങ്ങിയ ഒട്ടേറെ പക്ഷികള്‍ സഹവാസികളായെത്തുന്നു. പക്ഷികളാണ് തന്റെ പ്രിയമക്കളെന്ന് കുഞ്ഞമ്മ പറയും. പാട്ടു പാടിയും കഥ പറഞ്ഞും പ്രാര്‍ഥന ചൊല്ലിയും പക്ഷികളോട് മണിക്കൂറുകളോളം അവര്‍ സംസാരിച്ചിരിക്കും. നീട്ടി വിളിച്ചാല്‍ പക്ഷികള്‍ പ്രത്യേക ശബ്ദമുണ്ടാക്കി പറന്നെത്തും.
കലാകാരനും ഹാര്‍മോണിയം മെക്കാനിക്കുമായ തരിയോട് മൂഴിക്കല്‍ ചാക്കോയുടെ മകളായ കുഞ്ഞമ്മയ്ക്ക് തബലയിലും നാടകത്തിലും ചെറുപ്പത്തിലെ പ്രാഗല്ഭ്യം ഉണ്ടായിരുന്നു. ഇന്നും ഈണത്തില്‍ പാട്ടുപാടാന്‍ കഴിവുണ്ട്. പാഴ്മരങ്ങളില്‍ ശില്പങ്ങളും കൊത്തിയെടുക്കും. നായ്മൂലയില്‍ 20 സെന്റ് സ്ഥലത്ത് കൊച്ചുവീട്ടില്‍ കഴിയുന്ന കുഞ്ഞമ്മ പക്ഷികള്‍ക്കു ഭക്ഷണം നല്കാന്‍ ചിലപ്പോള്‍ ഭിക്ഷ തേടാറുണ്ട്.
തനിക്കു ഭക്ഷണമില്ലെങ്കിലും പ്രിയപ്പെട്ട പക്ഷികള്‍ക്ക് ഭക്ഷണം ഒരിക്കലും മുടക്കാറില്ല. സാമൂഹികപ്രവര്‍ത്തകരും മറ്റും കുഞ്ഞമ്മയെ അനാഥാലയത്തിലേക്കു മാറ്റാന്‍ ആലോചിച്ചപ്പോഴും തന്റെ പക്ഷികളെ വിട്ട് എങ്ങോട്ടുമില്ലെന്നായിരുന്നു കുഞ്ഞമ്മയുടെ മറുപടി.
