goodnews head

സ്നേഹസ്മരണകളോടെ ഗോവിന്ദ് നാട്ടിലേക്ക്

Posted on: 25 Mar 2008


മാവൂര്‍: സ്നേഹവും സംരക്ഷണവും നിര്‍ലോഭം നല്‍കിയവരോട് യാത്ര പറയുമ്പോള്‍ ഗോവിന്ദ് ബര്‍മന് സങ്കടം. ഒപ്പം ദീര്‍ഘനാളത്തെ അലച്ചിലിനുശേഷം അച്ഛനമ്മമാരുടെ അടുത്തെത്തുന്നതിന്റെ ആഹ്ലാദവും. അസമില്‍നിന്നു വഴിതെറ്റി മാവൂരിലെത്തിയ ഗോവിന്ദ് ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ മടങ്ങി.

ഏഴുമാസംമുമ്പാണ് അസമിലെ സോനാഖുലി സ്വദേശിയായ ഗോവിന്ദ് മാവൂരിലെത്തുന്നത്. ഗ്രാസിം ഫാക്ടറി പൊളിച്ചെടുക്കാന്‍ കരാര്‍ കൊണ്ട കമ്പനിയുടെ ജോലിക്കാരില്‍ ആരോ ആണെന്ന ധാരണയായിരുന്നു ആദ്യമൊക്കെ നാട്ടുകാര്‍ക്ക്. ക്രമേണ ഈ യുവാവിന്റെ വേഷവും പ്രകൃതവും ഏകനായുള്ള അലച്ചിലും നാട്ടുകാര്‍ ശ്രദ്ധിച്ചു. മാവൂര്‍ അങ്ങാടിയില്‍നിന്നു പതിവായി ചെറൂപ്പവരെയും തിരിച്ചും ഗോവിന്ദ് നടക്കും. റോഡരികിലെ വീടുകളില്‍ കയറി കോളിങ്‌ബെല്ലടിച്ച് ഒന്നും ഉരിയാടാതെ തിരിച്ചുപോരും. ആസാമീസ്ഭാഷ മാത്രം സംസാരിച്ചിരുന്ന ഗോവിന്ദിനു മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അടുത്തു ബന്ധപ്പെട്ടവര്‍ മനസിലാക്കി.

ഒരുദിവസം ഓട്ടോഡ്രൈവര്‍മാര്‍ സംഘടിച്ച് ഗോവിന്ദിനെ താടിയും മുടിയും മുറിച്ച് ചാലിയാറില്‍ കൊണ്ടുപോയി കുളിപ്പിച്ചു. പിന്നീട് നാട്ടുകാരില്‍ ചിലര്‍ ഗോവിന്ദുമായി സൗഹൃദമുണ്ടാക്കി. അങ്ങനെയാണ് അസമിലെ അകമണി തപലാപ്പീസിലെ ഫോണ്‍നമ്പര്‍ ഗോവിന്ദില്‍നിന്നു അറിയുന്നത്. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഗോവിന്ദ് ബര്‍മനെ അറിയുമെന്ന് തപാലാപ്പീസിലുള്ളവര്‍ പറഞ്ഞു. ഗോവിന്ദ്ബര്‍മന്റെ അച്ഛന്‍ തപാല്‍വകുപ്പില്‍നിന്നു വിരമിച്ച സത്യേന്ദ്രബര്‍മാനാണെന്നു അറിഞ്ഞു. പന്ത്രണ്ടാംക്ലാസുവരെ പഠിച്ച ഈ യുവാവ് നാട്ടില്‍ ഒരു കമ്പനിയിലെ കമ്മീഷന്‍ ഏജന്റായിരുന്നു. അല്പം മാനസികാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ ചികിത്സ നടത്തി. പിന്നീട് ചികിത്സയ്ക്കായി മുംബൈയിലെ ടാറ്റാ ആസ്​പത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഗോവിന്ദിനെ നഷ്ടപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗോവിന്ദിന്റെ അച്ഛന് വിരമിച്ചപ്പോള്‍ കിട്ടിയ നാലുലക്ഷം രൂപ ഒരു വര്‍ഷത്തെ തിരച്ചിലിനു ചെലവഴിച്ചതായും അവര്‍ പറഞ്ഞു. ഗോവിന്ദിനെ കണ്ടെത്താന്‍ കഴിയാതെ മാനസികമായി തളര്‍ന്ന അച്ഛനമ്മമാര്‍ മകന്‍ മാവൂരിലുണ്ടെന്നറിഞ്ഞതോടെ ആശ്വാസത്തിലാണ്.

ഗോവിന്ദ് മാവൂരിലുണ്ടെന്നു അറിഞ്ഞ് എത്തിയ ബന്ധുക്കള്‍ യുവാവിനെ തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ച. അഞ്ചുപേര്‍ക്കു നാട്ടിലെത്താന്‍ തീവണ്ടി ടിക്കറ്റിനു കാശില്ലാതെ അവര്‍ വിഷമിച്ചപ്പോള്‍ ഗോവിന്ദിനു മാവൂരില്‍ അഭയം നല്‍കിയ പുളിയുള്ളകണ്ടി റസാഖും മുരട്ടീരി അലവിക്കുട്ടിയും നാട്ടുകാരില്‍നിന്നും പണം സ്വരൂപിച്ചു നല്‍കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയുള്ള ട്രെയിനിനു ഗോവിന്ദിനെയുംകൊണ്ട് ബന്ധുക്കള്‍ അസമിലേക്ക് യാത്ര തിരിച്ചു.

 

 




MathrubhumiMatrimonial