TravelBlogue

വനപര്‍വ്വം

Posted on: 17 Nov 2009



വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു... നേര്‍ത്ത മഞ്ഞു പരക്കുന്നുണ്ട്. എത്രയും വേഗം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടക്കുവാനുള്ള ധൃതിയില്‍ സുന്ദരേട്ടന്‍ വണ്ടിക്ക് വേഗം കൂട്ടി. ബന്ദിപ്പൂരില്‍ നിന്നും മുതുമലയിലേക്കുള്ള യാത്ര.

ചെക്ക്‌പോസ്റ്റില്‍ പതിവിന് വിപരീതമായി ആരേയും കാണുന്നില്ല. ചെക്ക് പോസ്റ്റിനരികില്‍ കാട്ടിലെ കരിവീരന്‍മാര്‍ നിരന്ന് നില്‍ക്കുന്നത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു. പോലീസുകാര്‍ പ്രാണരക്ഷാര്‍ത്ഥം ഉള്‍വലിഞ്ഞിരിക്കുന്നു. നൈറ്റ് ക്യാമ്പിലെത്താനുള്ള ധൃതിയില്‍ ആനക്കൂട്ടത്തെ ക്യാമറയില്‍ പകര്‍ത്താതെ ഞങ്ങള്‍ ചെക്ക്‌പോസ്റ്റ് കടന്നു. പെട്ടന്ന് തന്നെ സുന്ദര്‍ജി വണ്ടി നിര്‍ത്തി. ഇരുട്ടില്‍ കമ്പിളിക്കെട്ടു പോലെ എന്തോ ഒന്ന് വണ്ടിക്ക് മുന്നില്‍... ഞങ്ങള്‍ സൂക്ഷിച്ച് നോക്കി, അവന്‍ ഞങ്ങളേയും. ഒരു വലിയ കരടി. ക്യാമറകളെല്ലാം ഓണാക്കി നിശബ്ദരായി ഞങ്ങളിരുന്നു. പക്ഷേ അവന്‍ പെട്ടന്ന് റോഡ് മുറിച്ച് കടന്ന് കാടിന്റെ നിഗൂഡതയില്‍ അപ്രത്യക്ഷനായി.

കോഴിക്കോട് നഗരത്തില്‍ നിന്നും വയനാടന്‍ ചുരം കയറി എത്തിയതാണ് ഞങ്ങള്‍. സൂര്യകാന്തി പൂക്കുന്ന ഗുണ്ടല്‍പേട്ട് താണ്ടി പ്രകൃതി സ്‌നേഹികളുടെ പറുദീസയായ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലെത്തി. ഒപ്പം ലാല്‍, സുനില്‍ നാടന്‍, സുനില്‍, ശിവരാജന്‍ എന്നിവരും. രാത്രി എഴരയോട് കൂടി തമിഴ്‌നാട് വനംവകുപ്പിന്റെ കീഴിലുള്ള മുതുമല കാര്‍ഗുഡിയിലെ 'പീക്കോക്ക്' എന്ന ഗസ്റ്റ് ഹൗസില്‍ ഞങ്ങളെത്തി.

ഭക്ഷണത്തിന് ശേഷം അവിടുത്തെ സിമന്റ് ബെഞ്ചിലിരുന്ന് തൊപ്പക്കാട്ടില്‍ നിന്നും കാര്‍ഗുഡിയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മുളം കൂട്ടങ്ങളില്‍ ആനക്കൂട്ടങ്ങളെ കണ്ടതിന്റെ ആവേശം പറഞ്ഞ് തീര്‍ക്കുകയായിരുന്നു ഞങ്ങള്‍. പെട്ടന്നാണ് കാടിനുള്ളില്‍ നിന്നും ഒരു മുഴക്കം കേട്ടത്. എല്ലാവരും നിശബ്ദരായി. 'സാമ്പര്‍ ഡിയറി'ന്റെ ശബ്ദമാണതെന്ന് ശിവരാജന്‍ പറഞ്ഞു. കാട്ടിലെ ശബ്ദങ്ങളെക്കുറിച്ചുള്ള ഒരു ക്ലാസ്സും അദ്ദേഹം ആ നിമിഷം കൊണ്ട് നടത്തി. അതിനിടയ്ക്ക് അങ്ങോട്ട് കടന്നു വന്ന മെസ്സ് നടത്തിപ്പുകാരന്‍ ഉപദേശിച്ചു. 'രാത്രിയില്‍ വെളിച്ചമില്ലാത്തിടത്തേക്ക് ഇറങ്ങി നടക്കരുത്. ആനയും പുലിയുമുള്ള കാടാണ്. മിനിങ്ങാന്ന് ഒരു കൊമ്പന്‍ മെസ്സ് ഹാളിന്റെ ജനലിലൂടെ തുമ്പിക്കൈ നീട്ടി പച്ചക്കറികള്‍ മുഴുവന്‍ അപഹരിച്ചത്. മലയാളിയായ മെസ്സ് നടത്തിപ്പുകാരന്റെ ഉപദേശം കേട്ട് ഉള്ളില്‍ ചെറുതായി ഭയം കയറി തുടങ്ങി. ഇരുളില്‍ പൊന്തക്കാടുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേള്‍ക്കുന്നു. ടോര്‍ച്ചടിച്ചു നോക്കി. നൂറുകണക്കിന് തിളങ്ങുന്ന കണ്ണുകള്‍ ഞങ്ങള്‍ക്ക് ചുറ്റിലും! അത് പുള്ളിമാനുകളുടെ കണ്ണുകളാണെന്ന് രാജേഷ് പറഞ്ഞപ്പോളാണ് ശ്വാസം നേരെവീണത്. ക്രൂരമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മാന്‍കൂട്ടങ്ങള്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് ചുറ്റും രാത്രിയില്‍ വന്ന് തമ്പടിക്കാറുണ്ട്. പുറത്ത് തണുപ്പിന് ശക്തികൂടി വരുന്നു, എല്ലാവരു കരിമ്പടത്തിനുള്ളിലേക്ക് കയറി. രാത്രിയില്‍ ആക്രമിക്കപ്പെടുന്ന മാനിനിന്റെ കരച്ചിലിനും ഒറ്റയാന്റെ ചിന്നം വിളിക്കും കാതോര്‍ത്ത് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വീണു.

രാവിലെ ക്യാമറയും തൂക്കി നടക്കാനിറങ്ങി. വഴിയിലിരുവശവും തേക്കുമങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു. മരത്തിന് മുകളില്‍ ഒരു ചുവപ്പ് രാശി. അതൊരു മലയണ്ണാനായിരുന്നു. ക്യാമറകള്‍ ക്ലിക്ക് ചെയ്തു. അതൊന്നും അങ്ങേര് മൈന്‍ഡ് ചെയ്തില്ല. നിലത്ത് പൊടിമണ്ണില്‍ അവ്യക്തവും വ്യക്തവുമായ കുറെ കാല്‍പ്പാടുകള്‍. മാന്‍കൂട്ടങ്ങളുടേതാവാം, അല്ലെങ്കില്‍ കാട്ടുപന്നികളുടേതാവാം. പക്ഷെ അതില്‍നിന്നെല്ലാം വ്യത്യസ്തമായി പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളും ഉണ്ടായിരുന്നു. കുളിച്ച് റെഡിയായി ഞങ്ങള്‍ ബന്ദിപ്പൂരിലേക്ക് തിരിച്ചു അവിടെ സഞ്ചാരികളുടെ തിരക്ക് തുടങ്ങുന്നേയുള്ളു. റോഡിനപ്പുറത്തെ മുളങ്കാടിനോട് ചേര്‍ന്ന് മാന്‍കൂട്ടങ്ങള്‍ മേയുന്നുണ്ട്.

അടുത്തുള്ള മരത്തില്‍ രസകരമായ കാഴ്ച്ച. ഒരുപറ്റം ഹനുമാന്‍ കുരങ്ങുകള്‍ ജോഡികളായി കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. പതിനഞ്ചോളം പേരുണ്ട്. തണുപ്പില്‍ നിന്നും രക്ഷനേടാനോ, ഉറക്കത്തില്‍ താഴെ വീഴാതിരിക്കാനോ ആയിരിക്കാം, ഇങ്ങനെ ഇരിക്കുന്നത്. ഈ ചിത്രം എല്ലാവരും ക്യാമറിയില്‍ പകര്‍ത്തി, ഒന്നല്ല ഒരുപാട് തവണ.

ബന്ദിപൂരില്‍ നിന്നും വനയാത്രയ്ക്കുള്ള ആദ്യബസ്സ് വനാന്തര്‍ഭാഗത്തേയ്ക്ക് പ്രവേശിച്ചു. വഴിക്കിരുവശവും വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചടികളിലും പുല്ലിലും മഞ്ഞുതുള്ളികള്‍ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു. മൈതാനം പോലുള്ള സ്ഥലത്തേക്ക് ബസ്സ് കയറി. പ്രഭാതത്തിന്റെ സുഖകരമായ തണുപ്പും കാട്ടിലെ ശുദ്ധവായുവും കണ്ണിന് കുളിരേകുന്ന കാഴ്ച്ചയും ശരീരത്തിനും മനസ്സിനും ഉണര്‍വ് പകര്‍ന്നു.

മൈതാനത്തിന്റെ നടുവിലൂടെ ബസ്സ് സാവധാനം നീങ്ങിക്കൊണ്ടിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ ഇരുവശവും പരതിനടന്നു. ഒരു പുലിയോ കടുവയോ ഇളംവെയില്‍ കൊണ്ട് കിടക്കുന്നുണ്ടോ...കഴിഞ്ഞ യാത്രയില്‍ കണ്ട കടുവയുടെ ചിത്രം മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന മുതുമലയും ഇപ്പോള്‍ ടൈഗര്‍ റിസര്‍വ്വ് ആണ്.

ആദ്യമായി ഞങ്ങളെ വരവേറ്റത് കുറേ കാട്ടുപോത്തുകളായിരുന്നു. പന്ത്രണ്ടെണ്ണമെങ്കിലും കാണും. അവ അരികിലുളള അരുവിയില്‍ വെള്ളം കുടിക്കുന്നു. വഹനത്തിന്റെ ശബ്ദം കേട്ട് അവ തലയുയര്‍ത്തി. ചിലവ പൊന്തക്കാട്ടിലേക്ക് കയറി നിന്നു. ബസ്സിനുള്ളില്‍ കുട്ടികള്‍ 'ബൈസണ്‍' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. എല്ലാവരോടും നിശബ്ദരായി ഇരിക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ബസ്സ് കുറേക്കൂടി മുന്നോട്ട് നീങ്ങി. പെട്ടന്നതാ ആനക്കൂട്ടം റോഡിനിരുവശത്തും. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ട്. ആനക്കുട്ടിയെ സംരക്ഷിക്കാനായി ആനകള്‍ പെട്ടന്ന് അണിനിരന്നു. ഒരു പിടിയാന മുന്‍കാലുകള്‍ നിലത്ത് ആഞ്ഞ് ചവുട്ടി. പൊടി പറന്നു. ചെവികള്‍ അനക്കാതെ അവ ആക്രമണത്തിന് തയ്യാറെടുക്കുന്നത് കണ്ടപ്പോള്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. ആനക്കുട്ടം പിന്നില്‍ മറഞ്ഞു. ഏകദേശം ഒരുമണിക്കൂറിന് ശേഷം ഞങ്ങള്‍ കാടിന് വെളിയില്‍ ഇറങ്ങി.

വനസവാരിക്ക് ശേഷം ജംഗിള്‍ ടൗണായ മസിനഗുഡിയിലേക്ക് തിരിച്ചു. തൊപ്പക്കാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്നും ഊട്ടി റോഡില്‍ ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മസിനഗുഡി എന്ന കൊച്ചു പട്ടണത്തില്‍ എത്താം. വനത്താല്‍ ചുറ്റപ്പെട്ട മഴനിഴല്‍ പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണീയത വന്യമൃഗങ്ങളെ അവയുടെ തനത് ആവാസവ്യവസ്ഥയില്‍ കാണാം എന്നതാണ്. കാഴ്ച്ചയില്‍ ശുഷ്‌ക്കമെന്ന് തോന്നുന്ന ഇലപൊഴിയും വരണ്ടക്കാടുകളുടേയും, മുള്‍ക്കാടുകളുടെയും സമ്മിശ്രമായ ഈ വനമേഖലയില്‍ ആന, കരടി, കാട്ടുപോത്ത്, മാന്‍, കാട്ടുനായ, പുള്ളിപ്പുലി അപൂര്‍വ്വമായി കടുവ എന്നീ മൃഗങ്ങളെ മെയിന്‍ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്നെ കാണാം.

മസിനഗുഡിയില്‍ നിന്നും മോയാര്‍ ജലവൈദ്യുത പദ്ധതി കാണുന്നതിനായി വനത്തിലൂടെ ഞങ്ങള്‍ പുറപ്പെട്ടു. ഏതുസമയത്തും ഒരു ഒറ്റയാനോ കരടിയോ കടുവയോ വാഹനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാം. ഇരുവശവും ഇടതൂര്‍ന്ന കുറ്റിക്കാടുകള്‍ മൂലം വന്യമൃങ്ങള്‍ തൊട്ടടുത്തെത്തിയാല്‍ മാത്രമേ നമ്മുടെ ശ്രദ്ധയില്‍പെടു. മോയാറിലെ പവര്‍ഹൗസിലേക്കുള്ള ഗേറ്റില്‍ പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു. പവര്‍ഹൗസ് സന്ദര്‍ശിക്കാന്‍ ആരേയും അനുവദിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. നിരാശയോടെ ഞങ്ങള്‍ ബേയിസ് ക്യാമ്പായ ബ്ലൂവാലി റിസോര്‍ട്ടില്‍ തിരിച്ചെത്തി.

വൈകുന്നേരം നാല്മണിക്ക് കാടിനുള്ളിലേക്ക് പോകുവാനുള്ള തുറന്ന ജീപ്പുമായി ഡ്രൈവറെത്തി. മസിനഗുഡി ദൂരെയാണ്. സാഹസികമായ യാത്രയായിരുന്നു അത്. വഴിയില്‍ പിഴുതിട്ടിരിക്കുന്ന കുറ്റിച്ചെടികളും മരക്കൊമ്പുകളും കാണാമായിരുന്നു. ആനയുടെ സാന്നിധ്യം വിളിച്ചറിയിച്ചു കൊണ്ട് ആന പിണ്ഡം ചിതറി കിടക്കുന്നു. ഞങ്ങള്‍ കരുതലോടെ മുന്നോട്ട് നീങ്ങി. ആനച്ചൂരുള്ള കാറ്റു വീശുന്നുണ്ട്. കുറച്ചകലെ പത്തോ പന്ത്രണ്ടോ വരുന്ന ആനക്കൂട്ടം. ആന ചന്തം കണ്ട് മെല്ലെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ റോഡിനിരുവശവും ചെറിയ മൊട്ടക്കുന്നുകള്‍ കാണാറായി. കുന്നിന്‍ മുകളില്‍ കാട്ടുപോത്തുകളുടെ കൂട്ടം മേയുന്നുണ്ട്. കാലില്‍ വെളുത്ത സോക്‌സിട്ട് എണ്ണ തേച്ചു മിനുക്കിയ പോലുള്ള ഉടലോട്കൂടിയ സുന്ദരികളും സുന്ദരന്‍മാരും. വണ്ടി നിര്‍ത്തി ഞങ്ങള്‍ ചിത്രങ്ങളെടുത്തു. യാത്ര തുടര്‍ന്നു വീരപ്പന്റെ അമ്പലമാണ് ലക്ഷ്യം.

മസിനഗുഡിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരത്താണ് ആനക്കട്ടിക്കടുത്തുള്ള മാരിയമ്മന്‍ കോവില്‍. 50 രൂപ പ്രവേശന ഫീസ് കൊടുത്താല്‍ മാത്രമേ ഈ കോര്‍ മേഖലയിലേക്ക് പ്രവേശനമുള്ളു. ഇലക്ട്രിക്ക് ഫെന്‍ലസിങ്ങിനാല്‍ ചുറ്റപ്പെട്ട ക്ഷേത്രവളപ്പിലേക്ക് പ്രവേശിച്ചു. മസിനഗുഡി മേഖലയില്‍ ഗംഭീര ഉത്സവം നടക്കുന്ന ക്ഷേത്രം കൊടുംകാടിനുള്ളിലാണ്. ഈ പ്രദേശത്ത് ആകെയുള്ള താമസക്കാര്‍ 'ബഡുഗ' എന്ന ഗോത്ര വര്‍ഗ്ഗത്തില്‍പെട്ടവരാണ്. കനലാട്ടമാണ് ഇവിടുത്തെ പ്രധാന ആചാരം. കനലാട്ട സമയത്ത് വീരപ്പന്‍ ഇവിടെ വന്നു പോവാറുണ്ടായിരുന്നുവെന്ന് തദ്ദേശവാസികള്‍ പറയുന്നു. വീരപ്പനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ അവര്‍ തയ്യാറായില്ല.

കടുംചായത്തിലുള്ള ക്ഷേത്രബിംബങ്ങള്‍ അവിടെയുണ്ട്. ഉത്സവത്തിന് കനലാട്ടം കാണുവാനുള്ള ഗാലറിയുടെയും കനല്‍ നിറയ്ക്കുവാനുള്ള വലിയ ആഴിയുടെയും അവശിഷ്ടങ്ങള്‍ അവിടെയുണ്ട്. തദ്ദേശവാസികളോട് കുശലാന്വേഷണം നടത്തി ഇരുട്ടുന്നതിന് മുന്‍പ് ബേസ് ക്യാമ്പിലേക്ക് തിരിച്ചു. യാത്രയുടെ അവസാനഘട്ടത്തിലേക്കെത്തിയിരുക്കുന്നു ഞങ്ങള്‍. സാധാരണ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നുമുള്ള രണ്ടുദിവസത്തെ ഒളിച്ചോട്ടം അവസാനിക്കുകയാണ്. രാവിലെ തന്നെ എല്ലാവരും പായ്ക്ക് ചെയ്തു തുടങ്ങി. മസിനഗുഡിക്കടുത്തുള്ള 'സിങ്കാര' നദിയില്‍ കുളിച്ച്, തിരിച്ച് കോഴിക്കോട്ടേയ്ക്ക് പുറപ്പെടാനാണ് പ്ലാന്‍ ചെയ്തു.

മസിനഗുഡിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ് സിങ്കാര. ഇവിടെയും തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വന്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് ഉണ്ട്. അങ്ങോട്ടുള്ള വഴിക്ക് ഇരുവശവും ധാരാളം മയിലുകളെ കണ്ടു. സിങ്കാര നദിയിലെ ഐസു പോലത്തെ തണുത്ത വെള്ളത്തിലുള്ള മുങ്ങി കുളി ഒരനുഭവം തന്നെയാണ്. കുളിക്കുന്നതിനിടയില്‍ ശിവരാജന്‍ ക്യാമറയുമായി ഓടുന്നത് കണ്ടു. 'ഒരു ഉഗ്രന്‍ ഉടുമ്പ്'. ഉടുമ്പ് ഓടിയോടി അടുത്ത പൊന്തക്കാട്ടിലൊളിച്ചു. ഉടുമ്പിന്റെ കലങ്ങി മറിഞ്ഞ ചിത്രങ്ങള്‍ മാത്രം കിട്ടിയ അവന്‍ നിരാശനായി.

വനത്തെയും വന്യജീവികളെയും ഇത്രയും അടുത്ത് കാണുവാനും ആസ്വദിക്കുവാനും കഴിഞ്ഞതില്‍ ഞങ്ങളെല്ലാവരും സന്തുഷ്ടരായിരുന്നു. മനോഹരികളായ കന്യാവനങ്ങളില്‍ നിന്നുള്ള വേര്‍പാടിന്റെ നൊമ്പരം എല്ലാവരെയും മൂകരാക്കി. വണ്ടി പതുക്കെ മലയിറങ്ങി. വീണ്ടും നഗരത്തിന്റെ തിരക്കുകളിലേക്ക്.

Text: Dr.Rajesh.K.T
Photos: Shivarajan



MathrubhumiMatrimonial