Kalpathi2009_Head

മാതൃഭൂമി-കല്‌പാത്തി സംഗീതോത്സവം സമാപിച്ചു

Posted on: 14 Nov 2009


പാലക്കാട്: ആറുനാള്‍ സംഗീത വിരുന്നൊരുക്കിയ മാതൃഭൂമി-കല്പാത്തി സംഗീതോത്സവത്തിന് സമാപനമായി. വെള്ളിയാഴ്ച വൈകുന്നേരം നിയമസഭാ ഡെപ്യൂട്ടിസ്​പീക്കര്‍ ജോസ്‌ബേബി സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു.

സംഗീതാഭിമുഖ്യമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നത് പ്രതീക്ഷപകരുന്നതായി ജോസ്‌ബേബി പറഞ്ഞു. കല്പാത്തി സംഗീതോത്സവത്തിന്റെ യശസ്സ് വര്‍ധിച്ചുവരുന്നത് ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ സമൂഹത്തില്‍ സംഗീതത്തിന് ഇത്രമാത്രം വ്യാപ്തിയുണ്ടെന്ന് വ്യക്തമാവുന്നത് ഇത്തരം ചടങ്ങുകളിലൂടെയാണെന്ന് ജോസ്‌ബേബി വ്യക്തമാക്കി.

അടുത്തവര്‍ഷം സംഗീതോത്സവത്തിന് കൂടുതല്‍ സര്‍ക്കാര്‍സഹായം ലഭ്യമാക്കാനാവുമെന്ന് അധ്യക്ഷനായ കെ.കെ.ദിവാകരന്‍ എം.എല്‍.എ. പറഞ്ഞു. പാലക്കാട് മണിഅയ്യര്‍ സ്മാരകം പൂര്‍ത്തിയായാല്‍ സ്ഥിരം സംഗീത വേദിയാക്കാന്‍ സാധിക്കണമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു.

പൈതൃകത്തിന്റെ വസന്തം പൂത്തുനില്‍ക്കുന്ന അഗ്രഹാരത്തിലെ സംഗീതോത്സവത്തിന്റെ പങ്കാളിത്തം 'മാതൃഭൂമി'യുടെ അഭിമാനമാണെന്ന് ചടങ്ങില്‍ സംസാരിച്ച മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ പ്രൊഫ. പി.എ.വാസുദേവന്‍ പറഞ്ഞു. മുന്‍മന്ത്രിയും ഗ്രാമവാസിയുമായ സുന്ദരംസ്വാമിയായിരുന്നു എല്ലാത്തിനും തുടക്കമെന്ന് അദ്ദേഹം ഓര്‍മിച്ചു.

സംഘാടകസമിതി ജോയന്റ്കണ്‍വീനര്‍ പി.കെ.നാരായണന്‍, കണ്‍വീനര്‍ പി.വിജയാംബിക, എന്‍.എന്‍.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സി.ആര്‍.തുളസീധരക്കുറുപ്പ് സ്വാഗതവും പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. ആര്‍.സ്വാമിനാഥന്‍ നന്ദിയും പറഞ്ഞു.

 




MathrubhumiMatrimonial