
രാജപദവികള്‍ വലിച്ചെറിഞ്ഞ് ത്യാഗപാതയിലൂടെ ജൂഡ്
Posted on: 18 Mar 2008

300 വര്‍ഷംമുമ്പ് നാഗര്‍കോവിലില്‍നിന്ന് ശ്രീലങ്കയില്‍ കുടിയേറിയവരാണ് ജൂഡിന്റെ പൂര്‍വികര്‍. അന്നേ തുടങ്ങിയതാണീ മദ്യവ്യവസായം. കാന്‍ഡി പട്ടണത്തില്‍ തുടങ്ങി ശ്രീലങ്കയിലാകെ പ്രശസ്തമായ സാമ്രാജ്യം. അതുപിന്നെ കിങ്‌സ് ഗ്രൂപ്പെന്ന് പേരെടുത്തു. 14 ബാറുകള്‍, ഹോട്ടലുകള്‍.
10 വര്‍ഷംമുമ്പ് ജൂഡിന്റെ മനസ്സുമാറി. മദ്യം വിട്ട് വേറെന്തെങ്കിലും ബിസിനസ്സിലേക്ക് വഴിതിരിയാന്‍ മനസ്സ് പറഞ്ഞു. ഇതിനിടെ ശ്രീലങ്കയില്‍ വംശീയകലാപം ശക്തമായതോടെ ചെന്നൈയില്‍ അഭയം തേടി. പിന്നെ, അവിടെയിരുന്നായി മദ്യവ്യാപാരം നിയന്ത്രിക്കല്‍.
ബാറുകള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന് ആദ്യവിജയം ഇവിടെവെച്ചാണ്. 75 ലക്ഷം രൂപയ്ക്കാണ് ആദ്യബാര്‍ വിറ്റത്. മദ്യവ്യാപാരം വിടുകയാണെങ്കിലും തന്റെ ബാറുകളില്‍ മദ്യവില്പന തുടരുമെന്ന കുറ്റബോധം മനസ്സിനെ ഉലച്ചു. തുടര്‍ന്ന്, തന്റെ മറ്റു ബാറുകളെല്ലാം ലാഭമില്ലാതെ ശ്രീലങ്കന്‍ സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. ബാറുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന്, നാടിനെ ലഹരിമുക്തമാക്കാന്‍ ജൂഡും ഭാര്യ പരിമളയും ജനങ്ങളിലേക്കിറങ്ങുകയായിരുന്നു. മൂന്നുനൂറ്റാണ്ട് പിന്നിട്ട മദ്യസാമ്രാജ്യം തകര്‍ത്തെറിഞ്ഞ് പുതുവഴിയേ പോകുമ്പോഴും ഇവര്‍ക്ക് വ്യസനമില്ല. പകരം മനംനിറഞ്ഞ സന്തോഷം മാത്രം.
