Kalpathi2009_Head

മാതൃഭൂമി-കല്‌പാത്തി സംഗീതോത്സവവേദി ഉണര്‍ന്നു

Posted on: 09 Nov 2009


More Photos

പാലക്കാട്: ശുദ്ധസംഗീതത്തിന്റെ ആലാപനത്തികവോടെ മാതൃഭൂമി-കല്പാത്തി സംഗീതോത്സവവേദി ഉണര്‍ന്നു.
മൃദംഗവിദ്വാന്‍ പാലക്കാട് രഘുവിന്റെ സ്മരണനിറഞ്ഞ വേദിയില്‍ ഞായറാഴ്ച വൈകീട്ട് മന്ത്രി എ.കെ. ബാലന്‍ സംഗീതോത്സവം ഉദ്ഘാടനംചെയ്തു. സാര്‍വലൗകിക സംഗീതപാരമ്പര്യമാണ് പാലക്കാടിന്റെ കരുത്തെന്നും അത് നിലനിര്‍ത്തുന്നതില്‍ കല്പാത്തി സംഗീതോത്സവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്പാത്തി സംഗീതോത്സവം വന്‍വിജയമാക്കുന്നതില്‍ മാതൃഭൂമിയുടെ പങ്ക് വലുതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ.കെ. ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. സംഗീതോത്സവത്തിന് മുന്നോടിയായിനടന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് സമ്മാനങ്ങള്‍ നല്‍കി. എന്‍.എന്‍. രാമചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാലക്കാട് നഗരസഭാധ്യക്ഷ വി. ദേവയാനി, നഗരസഭാ കൗണ്‍സിലര്‍മാരായ പി.എന്‍. വിശ്വനാഥന്‍, ഗാനാകൃഷ്ണന്‍, സി.എന്‍. ഉമ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സി.ആര്‍. തുളസീധരക്കുറുപ്പ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി. വിജയാംബിക നന്ദിയും പറഞ്ഞു.



ഹൈദരാബാദ് സഹോദരിമാരായ ലളിത, ഹരിപ്രിയ എന്നിവരുടേതായിരുന്നു ആദ്യകച്ചേരി. സംഗീതകോളേജ് വിദ്യാര്‍ഥിനി അപര്‍ണ ത്യാഗരാജസ്തുതി അവതരിപ്പിച്ചു. സംഗീതോത്സവത്തിന്റെ ആദ്യദിനമായ ഞായറാഴ്ച ത്യാഗരാജസ്വാമികള്‍ദിനമായി ആചരിച്ചു. രാവിലെ ഏഴരയ്ക്ക് രഘുനാഥും സംഘവും അവതരിപ്പിച്ച മംഗളവാദ്യത്തോടെ ചടങ്ങുകള്‍ തുടങ്ങി. ജനാര്‍ദന അയ്യരുടെ നേതൃത്വത്തില്‍ കല്പാത്തിയിലെ സംഗീതജ്ഞര്‍ ഊഞ്ഛവൃത്തി നടത്തി.

രാവിലെ 10ന് പഞ്ചരത്‌നകീര്‍ത്തനാലാപനം നടന്നു. ചേറ്റൂര്‍ രാധാകൃഷ്ണന്‍, പുതുപ്പരിയാരം ഉണ്ണികൃഷ്ണന്‍, പി. വിജയാംബിക, സുജാത, പി.കെ. ശേഷാദ്രീശ്വരന്‍, രാജേശ്വരി സ്വാമിനാഥന്‍, രാജലക്ഷ്മി പരമേശ്വരന്‍, ആനന്ദി കൃഷ്ണമൂര്‍ത്തി, വനജ സുബ്രഹ്മണ്യം, സതിഭാസ്‌കര്‍, കെ. ഗണപതിഅയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രൊഫ. സ്വാമിനാഥന്‍, തിരുവനന്തപുരം സമ്പത്ത്, കൊടുന്തിരപ്പുള്ളി കെ.വി. സുബ്ബരാമന്‍, ചേര്‍ത്തല ദിനേശന്‍, കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന്‍, അമ്പത്തൂര്‍ ബാബു, അരവിന്ദ്, കാര്‍ത്തിക് (മൃദംഗം), പരമേശ്വരന്‍ (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കി. തിങ്കളാഴ്ച മുത്തുസ്വാമി ദീക്ഷിതര്‍ദിനമായാണ് സംഗീതോത്സവവേദി ആചരിക്കുക. വൈകീട്ട് ഏഴിന് ട്രിച്ചി ജി. ഗണേശന്‍േറതാണ് പ്രധാനകച്ചേരി.


 




MathrubhumiMatrimonial