Kalpathi2009_Head

പാലക്കാട്; കര്‍ണാടക സംഗീതം വന്ന വഴികള്‍

Posted on: 08 Nov 2009

ഡോ. എം.ജി.ശശിഭൂഷണ്‍



ഏതാണ്ട് ഇരുപത് മൈല്‍ നീളം വരുന്ന സഹ്യപര്‍വതത്തിലെ നെടും പിളര്‍പ്പ്, പാലക്കാടിനെ എന്നും തുറന്നിട്ടിരിക്കുന്ന കേരളത്തിന്റെ പടിപ്പുരയാക്കി. പ്രകൃതിയുടെ വിസ്മയമായും സഹ്യപര്‍വ്വതത്തിന്റെ വൈചിത്ര്യമായും വിശേഷിപ്പിക്കാറുള്ള ഈ നെടും പിളര്‍പ്പിലൂടെ തിരുവയ്യാറില്‍ നിന്നും തിരുവാരൂരില്‍ നിന്നും മേലാറ്റൂരില്‍ നിന്നും എത്തിയ കുടിയേറ്റക്കാരിലൂടെയാണ് കര്‍ണാടക സംഗീതവും പാലക്കാട് കേള്‍ക്കാന്‍ തുടങ്ങിയത്.

എം.ഡി.രാമനാഥന്റെ കീഴ്സ്ഥായി പോലെയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നാദ നയാഗ്രപോലെയും പാലക്കാട്ട് മണി അയ്യരുടെ തനിയാവര്‍ത്തനംപോലെയുമാണ് പാലക്കാടന്‍ കാറ്റെന്ന് എസ്.ഗുപ്തന്‍ നായര്‍ നിരീക്ഷിച്ചിട്ടുണ്ട്. പരദേശികളെ കേരളത്തിലേക്ക് ക്ഷണിച്ചതും കേരളാചാരം പാലിക്കാതെ താമസിക്കാന്‍ അനുവാദം നല്കിയതും പന്നിയൂരെ ബ്രാഹ്മണരായിരുന്നു.

അവരുടെ മാര്‍ഗം തരൂര്‍ സ്വരൂപക്കാരായ പാലക്കാട്ട് രാജാക്കന്മാരും പിന്തുടര്‍ന്നു. തങ്ങളുടെ ആഢ്യത്വമില്ലായ്മയെ പരിഹസിച്ച നമ്പൂതിരിമാരോടുള്ള മറുപടി എന്നനിലയില്‍. തഞ്ചാവൂര്‍ നായയ്ക്കന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ച 1665 നും മറാത്താരാജവംശം തഞ്ചാവൂരില്‍ ഭരണം തുടങ്ങിയ 1676നും ഇടയ്ക്കുള്ള അന്തരാളഘട്ടത്തിലായിരുന്നു പരദേശികള്‍ സംഘം സംഘമായി പാലക്കാട്ടേക്ക് വന്നത്.

അന്നെല്ലാം കീര്‍ത്തന പാരമ്പര്യമായിരുന്നു കര്‍ണാടക സംഗീതത്തിന് വാഗ്വേയ ത്രിമൂര്‍ത്തികളുടെ കാലത്തോടെ കീര്‍ത്തന പാരമ്പര്യം അതിന്റെ സുവര്‍ണകാലഘട്ടത്തിലേക്ക് പ്രവേശിച്ചു. സ്വാതിതിരുനാളിന്റെ സദസ്സില്‍ അംഗമായിരുന്ന പാലക്കാട്ടെ പരമേശ്വര ഭാഗവതര്‍ ഈ സുവര്‍ണ കാലഘട്ടത്തിന്റെ ദീപ്തിയാണ് ഗുരുവായൂരിലും തിരുവനന്തപുരത്തും എത്തിച്ചത്.

വാഗ്വേയത്രിമൂര്‍ത്തികളുടെ പ്രശിഷ്യരായ രാമസ്വാമിശിവനും മഹാവൈദ്യനാഥ ഭാഗവതരും പട്ടണം സുബ്രഹ്മണ്യ അയ്യരും കച്ചേരി സമ്പ്രദായം കര്‍ണാടക സംഗീതത്തിന് പരിചയപ്പെടുത്തി. അനന്തരാമ ഭാഗവതരാണ് ഈ സമ്പ്രദായം പാലക്കാട്ടേക്ക് കൊണ്ടുവന്നത്.

കര്‍ണാടക സംഗീതത്തിന് കഥകളി സംഗീതത്തില്‍ നിന്നുള്ള വ്യത്യസ്തത കൃത്യമായി നിലനിര്‍ത്തണമെന്ന പക്ഷക്കാരായിരുന്നു പാലക്കാട്ടെ തമിഴ് ബ്രാഹ്മണര്‍. എന്നിട്ടും ഒരേ വീട്ടില്‍ നിന്ന് കഥകളി ഭാഗവതരും കര്‍ണാടക സംഗീതജ്ഞനും ഉണ്ടായി. ജ്യേഷ്ഠനായ മുണ്ടായ രാമഭാഗവതര്‍ അന്തര്‍മുഖനും ഏകാകിയും ആയിരുന്നു. കല്പാത്തി ക്ഷേത്രപരിസരത്തുവെച്ചായിരുന്നു അദ്ദേഹത്തിന്റെ മഹാസമാധി. അനിയനായ വെങ്കിടകൃഷ്ണ ഭാഗവതര്‍ കലാമണ്ഡല സംഘത്തിലൂടെ തെക്കും വടക്കും സംഗീതപര്യടനം നടത്തി. നമ്പീശനും എമ്പ്രാന്തിരിക്കും ഹരിദാസനുമെല്ലാം കുലഗുരുവായി.

പാലക്കാട്ടെ മൃദംഗവായനക്ക് തായമ്പകയുടെയും പഞ്ചവാദ്യത്തിന്റെയും താളപ്രമാണങ്ങള്‍ പിന്തുണ നല്കി. ചാത്തപുരം സുബ്ബയ്യരില്‍നിന്ന് മണി അയ്യരിലേക്ക് വരുമ്പോള്‍ മൃദംഗധ്വനികള്‍ പ്രപഞ്ചത്തിന്റെ മിടിപ്പുകളെ എണ്ണാന്‍ തുടങ്ങി. രാജാമണിയും രഘുവും പുതുക്കോട് കൃഷ്ണനും ദ്രുതവിരല്‍ വിന്യാസങ്ങളുടെ അപൂര്‍വ സാധ്യതകള്‍ കാണിച്ചുതരുന്നു. തിരുവില്വാമല വില്വാദ്രി അയ്യരും പാലക്കാട് സുന്ദരവും വാളയാര്‍ കാടുകളിലെ മുളംചില്ലകളില്‍ത്തട്ടി തകര്‍ത്തുപായുന്ന പാലക്കാടന്‍ കാറ്റിന്റെ ശക്തി പകര്‍ന്നുതരുന്നു.

ഭാരതപ്പുഴയുടെ തീരങ്ങളില്‍ അനന്തയശയനം നടത്തുന്ന ദേശമംഗലം ഗ്രാമമാണ് വീണയുടെ വിസ്മയം. ദേശമംഗലം സുബ്രഹ്മണ്യ അയ്യര്‍, വീണാവാദനത്തിലെ ഒരപൂര്‍വത ആയിരുന്നു. മഞ്ഞപ്ര കല്യാണകൃഷ്ണ ഭാഗവതര്‍ പൂര്‍വസൂരികള്‍ നടന്ന വഴിയിലൂടെ സന്ദേഹമില്ലാതെ യാത്ര ചെയ്തു. കെ.എസ്.നാരായണസ്വാമിയും എം.കെ.കല്യാണകൃഷ്ണ ഭാഗവതരും പാരമ്പര്യത്തിന് പുനര്‍വായന നടത്തി.

വയലിന്‍ വാദകരായ വിശ്വനാഥ അയ്യരും സി.ആര്‍.മണി അയ്യരും വി.വി.സുബ്രഹ്മണ്യവുമാണ് നിളാതടത്തിലെ നെയ്യാമ്പല്‍ പൊയ്കകള്‍. വര്‍ഷകാലത്ത് നിറഞ്ഞ് കവിഞ്ഞൊഴുകി ജലസംഭരണികളെ അനുഗ്രഹിക്കുന്ന ഗായാത്രിപ്പുഴയെപ്പോലെയാണ് കെ.വി.നാരായണസ്വാമിയും പുതുക്കോട് കൃഷ്ണമൂര്‍ത്തിയും സി.എസ്.കൃഷ്ണയ്യരും.

മണ്ണൂര്‍ രാജകുമാരനുണ്ണി, സുകുമാരിനരേന്ദ്രമേനോന്‍, പി.ഉണ്ണികൃഷ്ണന്‍, അഭിഷേക്‌രഘുറാം എന്നിങ്ങനെ ഇനിയും എത്രയോ പേരെകുറിച്ച് ഓര്‍ത്തും പറഞ്ഞും പാലക്കാടിന് ആഹ്ലാദിക്കാം.

കര്‍ണാടക സംഗീതത്തിന് പാലക്കാട് നല്കിയ അനശ്വരസംഭാവന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണോ അതല്ല എം.ഡി.രാമനാഥനാണോ എന്ന് തര്‍ക്കിക്കുന്നവരുണ്ടാകാം. വള്ളത്തോളാണോ കുമാരനാശാനാണോ വലിയകവി എന്ന് ചോദിക്കുന്നവരെപ്പോലെ ചെമ്പൈയ്ക്ക് തുല്യം ചെമ്പൈ മാത്രം. രാമനാഥന് തുല്യം രാമനാഥന്‍ മാത്രം. പാലക്കാടന്‍ കാറ്റിന്റെ മൂളലും മുരളലും ഗംഭീര ഗര്‍ജനങ്ങളുമെല്ലാം രാമനാഥന്റെ നാദാമൃതത്തില്‍ കണ്ടെത്താം.

 




MathrubhumiMatrimonial