Kalpathi2009_Head

സംഗീതത്തിന്റെ സാന്ത്വനം

Posted on: 08 Nov 2009

ഡോ. സുവര്‍ണ്ണ നാലപ്പാട്ട്‌



ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍ നമ്മള്‍ ചോദിച്ചിരിക്കേണ്ട ചില സംഗതികളുണ്ട്. 1. ഇതിന്റെ ശാസ്ത്രീയമായ അടിത്തറ എന്ത്? 2. ഇതുകൊണ്ട് പാര്‍ശ്വഫലങ്ങളുണ്ടോ ? 3. മറ്റു ചികിത്സാവിധികളുടെ കൂടെ ഉപയോഗിക്കാമോ ? 4. ഇതുകൊണ്ട് സാധാരണക്കാരന്റെ ചികിത്സാച്ചെലവിന് എന്തെങ്കിലും കുറവ് കിട്ടുമോ ? 5. ഇത് പൈലറ്റ് പ്രോജക്ട് ചെയ്ത് പരിശോധിച്ചിട്ടുണ്ടോ ? 6. കോസ്റ്റ് എഫക്ടീവ് ആകയാല്‍ ആസ്​പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ ശിപാര്‍ശ ചെയ്യപ്പെടാമോ ? 7. Mass Scale ല്‍ ഉപയോഗിച്ചാല്‍ സമൂഹത്തിന് ഇതുകൊണ്ട് എന്തെല്ലാം ഗുണമുണ്ട് ? 8. ഇതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള്‍ എല്ലാം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, അതിന് പ്രേരകമാകുന്നവയും വരുംതലമുറയ്ക്ക് പ്രയോജനപ്പെടുന്നവരുമായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെടേണ്ടതല്ലേ?.

ഈ ചോദ്യങ്ങള്‍ ഓരോന്നായി എന്നോടുതന്നെ ചോദിച്ചും അവയ്ക്ക് ഓരോന്നിനും തൃപ്തികരമായ ഉത്തരമുണ്ടെന്ന് ഞാന്‍ തന്നെ പരിശോധിച്ച് ഉറപ്പാക്കിയും വര്‍ഷങ്ങളിലൂടെ നടത്തിയ ഒരു സാധനയുടെ ഫലമായിട്ടാണ് 'രാഗചികിത്സ' എന്ന ആശയം AD 2000ാം ആണ്ടില്‍ ഞാന്‍ മുന്നോട്ടുവെച്ചത്. അഥവാ മറ്റുള്ളവരോട് അതിനെപ്പറ്റി സംവദിക്കാന്‍ ആരംഭിച്ചത്. ആദ്യമൊക്കെ ചില 'കല്ലുകടി'കള്‍ അനുഭവപ്പെട്ടുവെങ്കിലും 9 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തികരമായ ചില ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. എങ്കിലും, നമുക്കിനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്ന ബോധവും ഉണ്ട്.

രാഗചികിത്സ എന്നാല്‍ എന്ത് ?

'രാഗ'ങ്ങളാല്‍ 'രാഗദ്വേഷാ'ദി ദ്വന്ദ്വങ്ങളെ ഇല്ലാതാക്കുക, രജസ്സിനെ നീക്കി സാത്വികമായ ചിത്തപ്രസാദം, ധാതുപ്രസാദം എന്നിവ ഉണ്ടാക്കുക -അതിനെ 'രാഗചികിത്സ എന്നു പറയും. ധാതു സാമ്യം ഉണ്ടാക്കല്‍ ആയുര്‍വ്വേദത്തിന്റെ അടിസ്ഥാനപരമായ പ്രക്രിയയാണ്. ധാതുസാമ്യമുണ്ടായാല്‍ ധാതുപ്രസാദവും ചിത്തപ്രസാദവും ക്രമേണ വരും. ശാരീരിക, മാനസിക, ബൌദ്ധിക ആരോഗ്യം ലഭിക്കും. സാംഖ്യം, ആയുര്‍വ്വേദം, യോഗം, ഗന്ധര്‍വ്വവേദം, കാലചക്രം (ഋതു) ഇവയെ സമന്വയിക്കുന്ന ഒന്നാണ് 'നാദലയയോഗ'ത്തിന്റെ ഭാഗമായ 'രാഗചികിത്സ'.


ദ്രവ്യം, ത്രിമാനം, ഗണിതം എന്നിവ രാഗ ചികിത്സയില്‍

രാഗം സ്വരങ്ങളാല്‍ ഉണ്ടാവുന്നു. സ്വരം ഒരു ദ്രവ്യമാണ്. അതിനാല്‍ ദ്രവ്യചികിത്സയിലാണ് രാഗചികിത്സ ആയുര്‍വ്വേദപ്രകാരം ഉള്‍പ്പെടുക. പക്ഷെ സ്വരം മറ്റു ദ്രവ്യങ്ങളെപ്പോലെ ഒരു കെമിക്കല്‍ (രാസവസ്തു) അല്ല; ഭൗതികവസ്തുവല്ല. കേള്‍ക്കാനേ കഴിയൂ. മറ്റു ദ്രവ്യങ്ങളെപ്പോലെ കാണാനാവില്ല. അതില്‍ ആകാശം, വായു ചലനം എന്നിവയേ ഉള്ളൂ. (പഞ്ചഭൂതങ്ങളില്‍). പിന്നെ എങ്ങനെ ദ്രവ്യമെന്ന് പറഞ്ഞു ? ദ്രവ്യത്തിന് (Matter) ത്രിമാനമുണ്ട്. ദീര്‍ഘം (നീളം), ഉയരം, Volume എന്നിവ ഉണ്ട്. സ്വരത്തിനും അതുണ്ട്. അതിനാല്‍ സ്വരത്തെ അളക്കാം Measurable).

സ... സാ.... (നീട്ടി ഉച്ചരിച്ചാല്‍ എത്ര മാത്ര ദൈര്‍ഘ്യം എന്ന് നമുക്ക് അളക്കാം.

അതുപോലെ താഴെ അതിമന്ദ്രം മുതല്‍ മേലെ അതിതാരം വരെ അതിന്റെ ഉയരം അളക്കാം.

ഇതുപോലെ അതിന്റെ ജ്യാമിതീയമായ രൂപം ആരോഹണാവരോഹണത്താല്‍ ഉണ്ടാക്കുകയും Volume അളക്കുകയും ചെയ്യാം. മാത്രമല്ല, ത്രിമാനത്തോട് 'കാലം' എന്ന ചതുര്‍ത്ഥമാനം ചേര്‍ത്ത് ദേശകാലങ്ങളോടെ, 7 സ്വരങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. ഇക്കാരണങ്ങളാല്‍ രാഗചികിത്സ (ഏതുവിധം സംഗീതചികിത്സയും) ആയുര്‍വ്വേദവിധിപ്രകാരമുള്ള ദ്രവ്യചികിത്സയില്‍പ്പെടും. കാലചക്രത്തില്‍ 7 ദിനമുള്ള ആഴ്ച, 12 രാശിയുള്ള രാശിചക്രം എന്നിവയാണ് സപ്തസ്വരവും 12 സ്വരസ്ഥാനവും. ഒരു വൃത്തത്തിന്റെ പരിധി (ഇതിന് ജ്യോതിഷം 'പ' എന്നു മാത്രമേ എഴുതൂ. പഴയ ബ്രാഹ്മി ലിപിയില്‍ പ എന്ന് എഴുതുക Õ എന്നാണ്. ഇതാണ് പൈ എന്ന ചിഹ്നം ഗണിതത്തില്‍. ഇതാണ് ഇന്നും നമ്മള്‍ സംഗീതത്തില്‍ ശബ്ദവീചികളുടെ ചിഹ്നമായി ഉപയോഗിക്കുന്നത്) എന്നാല്‍ 22/7 ആണ്. കാലചക്രവൃത്തത്തിനായാലും ശരി, താളവൃത്തത്തിനായാലും ശരി വൃത്തപരിധി കാണാന്‍ 7, 22 എന്ന് രണ്ട് സംഖ്യ വേണം. 7 സ്വരം, 22 ശ്രുതിസ്ഥാനം. ഇവകൊണ്ട് ഉണ്ടാക്കുന്ന സംഗീതത്തിന് അതിനാല്‍ 72 സമ്പൂര്‍ണ്ണ രാഗങ്ങളേ സാധിയ്ക്കുകയുള്ളൂ. (മാക്‌സിമം). മറ്റെല്ലാം അതിന്റെ ജന്യങ്ങളാണ്. അതാണ് എല്ലാ സംഗീതത്തിനും ആധാരമായ 'മേളകര്‍ത്താരാഗചക്ര'ത്തിന്റെ രഹസ്യം. ജ്യോതിഷബ്രഹ്മരഹസ്യവും നാദയോഗരഹസ്യവും മനുഷ്യശരീരത്തിലെ നാഡീചക്രരഹസ്യവും ആ ഒരു 72 എന്ന സംഖ്യയില്‍ ഋഷിമാര്‍ സമന്വയിച്ചു. ജ്യോതിഷവും മനുഷ്യ ശരീരഘടനയും മ്യൂസിക്കോളജിയും, യോഗശാസ്ത്രവും പഠിക്കാന്‍ സാധിച്ചതുകൊണ്ടുമാത്രമാണ് ഈ ഒരു നിഗൂഢമായ അറിവ് ഇവയില്‍ മറഞ്ഞിരിക്കുന്നത് കണ്ടുപിടിക്കാന്‍ എനിയ്ക്ക് സാധിച്ചതെന്ന് കരുതുന്നു. അത് ഈശ്വരകടാക്ഷം മാത്രമാണ്.

ഒരുപക്ഷെ ഈ പഴയ സമന്വയസമ്പ്രദായം നമുക്ക് കൈമോശം വന്നത് കാലപ്പഴക്കം കൊണ്ടാവാം. ഓരോ ശാസ്ത്രശാഖയും ഓരോ 'സ്‌പെഷ്യാലിറ്റി' യായി വളര്‍ന്നുവികസിച്ചിട്ടുതന്നെ ഏതാണ്ട് 5000 വര്‍ഷം കഴിഞ്ഞു, ഇന്ത്യയില്‍! അപ്പോള്‍ അത് നഷ്ടപ്പെട്ടുപോയതില്‍ അത്ഭുതമില്ല. ഈ നഷ്ടപ്പെട്ട സമ്പ്രദായത്തെ പുനരുദ്ധരിക്കുന്നതാണ് 'രാഗചികിത്സ'. എന്നാല്‍ ഈ പുനരുദ്ധാരണത്തില്‍ ഒരു പ്രത്യേകതയുണ്ട്. അലോപ്പതി എന്ന ആധുനികശാസ്ത്രശാഖയില്‍ പ്രവര്‍ത്തിക്കുന്നവളാണ് ഞാന്‍. അതിനാല്‍ ഏറ്റവും ആധുനികമായ ഗവേഷണസമ്പ്രദായങ്ങള്‍ ഉപയോഗിച്ചും ശാസ്ത്രസങ്കേതങ്ങള്‍ക്ക് അനുസൃതമായും ആണ് പുനരുദ്ധാരണം. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അതിപ്രാചീനവും നവീനവുമായ രണ്ട് ശാസ്ത്രസമ്പ്രദായങ്ങളുടെ ഒരു ഏകീകരണം അതിലുണ്ട്. കലയും ശാസ്ത്രവും തമ്മിലുള്ള സമന്വയവും ഉണ്ട്. ഇങ്ങനെ എല്ലാവിധത്തിലും Intergrated' Medicine ആണ് എന്റെ ദര്‍ശനത്തിലെ രാഗചികിത്സ.

മേളകര്‍ത്താരാഗങ്ങള്‍

സമ്പൂര്‍ണ്ണ രാഗങ്ങള്‍ക്കും അസമ്പൂര്‍ണ്ണ രാഗങ്ങള്‍ക്കും Healing Power ഉണ്ട്. ഏതുരാഗം കൊണ്ടും ചികിത്സിക്കാം പക്ഷെ സമ്പൂര്‍ണ്ണരാഗങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. 'ഭരതകോശം' ആ പ്രത്യേകതയെ ഇങ്ങനെ രേഖപ്പെടുത്തുന്നു.

ആയുര്‍ധര്‍മ്മോ യശഃകീര്‍ത്തി
ബുദ്ധിസൌഖ്യ ധനാനി ച
രാജ്യാഭിവൃദ്ധിഃ സന്താനാഃ
പൂര്‍ണ്ണരാഗേഷു ജായതേ.

ആയുസ്സ്, ധര്‍മ്മം, യശസ്സ്, കീര്‍ത്തി, ബുദ്ധിശക്തി, ധനം, രാജ്യത്തിനും വരുംതലമുറയ്ക്കും അഭിവൃദ്ധി എന്നിവ ഉണ്ടാക്കാന്‍ സമ്പൂര്‍ണ്ണ രാഗങ്ങള്‍ക്കേ സാധിക്കുകയുള്ളൂ. സമ്പൂര്‍ണ്ണരാഗം സമ്പൂര്‍ണ്ണവ്യക്തിവികസനം സാധിച്ച രാഗമാണ്. അമ്പൂര്‍ണ്ണരാഗങ്ങള്‍ അമ്പൂര്‍ണ്ണവ്യക്തിത്വങ്ങളാണ്. രോഗം മാറ്റാന്‍ മാത്രമല്ല, സമ്പൂര്‍ണ്ണവ്യക്തിത്വവികസനത്തിനും ലോകശാന്തിക്കും രാഷ്ട്രാഭിവൃദ്ധിയ്ക്കും ഇപ്പോള്‍ ഉള്ളവര്‍ക്കും ഇനി വരാനിരിക്കുന്നവരുമായ എല്ലാവര്‍ക്കും (സന്താനപരമ്പര) പൂര്‍ണ്ണാരോഗ്യത്തിനാണ് മേളകര്‍ത്താ (സമ്പൂര്‍ണ്ണ) രാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത്.

നമുക്ക് ഇന്ന് ലഭ്യമായ സമ്പൂര്‍ണ്ണരാഗങ്ങള്‍ വളരെ കുറവാണ്. 1. മഹാവൈദ്യനാഥന്‍ ശിവന്റെ സംസ്‌കൃതഭാഷയിലുള്ള രാഗമാലിക, 2. കോടീശ്വരയ്യരുടെ തമിഴ്ഭാഷയിലുള്ള കന്തഗാനാമൃതം. 3. മുത്തുസ്വാമി ദീക്ഷിതരുടെ രാഗാംഗരാഗ ശൈലിയിലുള്ള സംസ്‌കൃത കൃതികള്‍. 4. ബാലമുരളീകൃഷ്ണയുടെ തെലുങ്കുഭാഷയിലുള്ള രാഗാംഗജാവലി. 5. ത്യാഗരാജരുടെ 41 മേളകര്‍ത്താരാഗങ്ങള്‍ മാത്രം കിട്ടിയിട്ടുള്ളൂ.

മലയാളികള്‍ക്കായി രചിച്ച ഒരു മേളകര്‍ത്താരാഗകൃതി (അമരസിന്ധു) 2000 എ.ഡി. മുതല്‍ ഒട്ടേറെ രോഗികളിലും വളണ്ടിയര്‍മാരിലും പരിശോധിക്കുകയുണ്ടായി. മലയാളത്തില്‍ മേളകര്‍ത്താരാഗങ്ങളുടെ കുറവ് നികത്താനും അവയെ രാഗചികിത്സയില്‍ പ്രയോഗിക്കാനുമായിരുന്നു ഇത്.

രാഗമുദ്രയും കവിമുദ്രയും (സുവര്‍ണ്ണ) ചേര്‍ന്ന് പഴയ ശൈലിയില്‍ രചിച്ച് ഗവേഷണത്തില്‍ ഉപയോഗിച്ച അവയില്‍ ഒന്ന് താഴെ കൊടുക്കുന്നു. സാത്വികമായ ഒരു ശബ്ദം, രാഗം പാടാനുള്ള അറിവും കഴിവും; വാത്സല്യം, മധുരം, ഭക്തി എന്നീ ഭാവങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ദയാമസൃണമായ ഒരു ഹൃദയം - ഇവയുള്ള ഗായകര്‍ക്ക് എല്ലാം രാഗചികിത്സയില്‍ വിജയം ലഭിക്കും.

 




MathrubhumiMatrimonial