goodnews head

മോഷ്ടാക്കള്‍ ജാഗ്രതൈ;രാമചന്ദ്രന്‍ പിന്നാലെയുണ്ട്‌

Posted on: 03 Nov 2009


തിരുവനന്തപുരം: നഗരത്തിലെ മോഷ്ടാക്കള്‍ക്കും പിടിച്ചുപറിക്കാര്‍ക്കും പേടിക്കാനൊരാള്‍ - രാമചന്ദ്രന്‍. ഏതെങ്കിലും മോഷ്ടാവിനെ കണ്‍വെട്ടത്തു കണ്ടാല്‍ ട്രാഫിക് മോണിറ്ററായ കരമന തളിയല്‍ സത്യാനഗര്‍ ഹൗസ് നമ്പര്‍ 113 ല്‍ രാമചന്ദ്രന്‍ ഓടിച്ചിട്ടു പിടികൂടും.

കഴിഞ്ഞമാസം കിഴക്കേകോട്ട വച്ച് ചിറയിന്‍കീഴ് സ്വദേശി സുനില്‍കുമാറിന്റെ മൊബൈല്‍ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ രാമചന്ദ്രന്‍ പിന്തുടര്‍ന്നു. പിടികൂടുമെന്ന സ്ഥിതി വന്നതോടെ മോഷ്ടാവ് ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ചാടി. ആരും ഇറങ്ങാന്‍ മടിക്കുന്ന അഴുക്കുചാലിലേക്ക് രണ്ടിലൊന്ന് ആലോചിക്കാതെ രാമചന്ദ്രനും എടുത്തുചാടി. ഇതിനിടെ മുള്ളുവേലിയില്‍ തട്ടി രാമചന്ദ്രന്റെ കൈ മുറിഞ്ഞെങ്കിലും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ ആമയിഴഞ്ചാന്‍ തോട്ടില്‍വെച്ച് തന്നെ കീഴടക്കി. സംഭവമറിഞ്ഞ് പോലീസെത്തി മോഷ്ടാവായ തിരുവല്ലം മന്നംനഗര്‍ കല്ലട ഹില്‍ ഹൗസില്‍ ഷാനവാസ്ഖാനെ കസ്റ്റഡിയിലെടുത്തു.

രാമചന്ദ്രന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കായി കിഴക്കേകോട്ടയിലേക്ക് ബൈക്കില്‍ വരവേയാണ് പഞ്ചാബ് സ്വദേശിനികളായ ശ്രേയയേയും നേഹയേയും കടന്നുപിടിച്ചശേഷം ഒരാള്‍ ഓടിരക്ഷപ്പെടുന്നത് കണ്ടത്. നാലാഞ്ചിറ സ്വദേശി സുനില്‍ദാസായിരുന്നു അക്രമി. പെണ്‍കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ ഓടി. രാമചന്ദ്രന്‍ പിന്നാലെ ഓടി ഓവര്‍ബ്രിഡ്ജ ിനു സമീപംവച്ച് ഇയാളെ പിടികൂടുകയായിരുന്നു.

21-കാരനായ രാമചന്ദ്രന്‍ നാലുവര്‍ഷം മുമ്പാണ് ട്രാഫിക് മോണിറ്ററായത്. പ്ലസ്ടു കഴിഞ്ഞശേഷം പഠനത്തിന് കാശില്ലാത്തതിനാല്‍ ട്രാഫിക് മോണിറ്ററായി ചേരുകയായിരുന്നു. മുന്‍ കമ്മീഷണര്‍ മനോജ് എബ്രഹാമാണ് രാമചന്ദ്രനെ ട്രാഫിക് മോണിറ്ററായി തിരഞ്ഞെടുത്തത്. മാസം മൂവായിരം രൂപ ശമ്പളം കിട്ടും. ഒപ്പം 37 പേര്‍ ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരെല്ലാം ജോലി മതിയാക്കി പോയി. ഇന്ത്യ റിസര്‍വ് പോലീസിന്റെ ഒന്നാംഘട്ട കായിക പരീക്ഷ കഴിഞ്ഞ് അടുത്തഘട്ട പരീക്ഷാതീയതിയും കാത്തിരിക്കുകയാണ് രാമചന്ദ്രന്‍.

 

 




MathrubhumiMatrimonial