
ബാങ്ക് കവര്‍ച്ച; അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം
Posted on: 09 Sep 2015

തിങ്കളാഴ്ച ഉച്ചയ്ക്കാണ് രണ്ട് സ്ത്രീ ജീവനക്കാരെയും ഒരു ഇടപാടുകാരിയെയും ബന്ദികളാക്കി കവര്‍ച്ച നടത്തിയത്. 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. രണ്ടു ബൈക്കുകളിലായെത്തിയ മുഖംമൂടി സംഘമാണ് കവര്‍ച്ച നടത്തിയത്. ആയിരത്തിലധികം വരുന്ന ഇടപാടുകാരുടെ സ്വര്‍ണം ബാങ്കിലുണ്ടായിരുന്നു. ഇതില്‍ തൊള്ളായിരത്തോളം പേരുടെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്.
കവര്‍ച്ചാ സംഘം ബൈക്കിലാണ് കടന്നുകളഞ്ഞതെന്ന് ബാങ്കിലുണ്ടായിരുന്ന ഇപാടുകാരിയായ കമ്മര്‍ബാനു മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഏത് ഭാഗത്തേക്കാണ് പോയതെന്ന് വിവരമില്ല. മോഷ്ടാക്കള്‍ കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മംഗലാപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും കര്‍ണാടക പോലീസിന്റെ സഹായം തേടുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് പറഞ്ഞു. ദേശീയപാതയിലെ കാമറയും പരിശോധിക്കും. നേരത്തെ കവര്‍ച്ചാ കേസുകളില്‍ പ്രതികളായി ശിക്ഷ കഴിഞ്ഞിറങ്ങിയ ചിലരെയും സംശയിക്കുന്നുണ്ട്.
അന്വേഷണത്തിനായി കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ജില്ലാ പോലീസ് ചീഫ് നിയോഗിച്ചു. കാസര്‍കോട് സി.ഐ. പി.കെ.സുധാകരന്‍, എസ്.ഐ. രത്‌നാകരന്‍, എ.എസ്.ഐ. ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്, രാജേഷ്, ലക്ഷ്മിനാരായണ, പ്രകാശന്‍, സുനില്‍ എബ്രഹാം, പ്രദീഷ്, ഓസ്റ്റിന്‍ തമ്പി എന്നിവരാണ് സംഘത്തിലുള്ളത്.
