Crime News

പോലീസിനെതിരെ അതിക്രമം:കെ.എസ്.യു.നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി;ഇടുക്കി ജില്ലാ പ്രസിഡന്‍റിനു സസ്‌പെന്‍ഷന്‍

Posted on: 06 Sep 2015


തൊടുപുഴ: ന്യൂമാന്‍ കോേളജ് കാമ്പസില്‍ പോലീസിനെ ആക്രമിക്കുകയും പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നിലപാടു മാറ്റി. പ്രതികളായ 35 കെ.എസ്.യു.പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു. ആഭ്യന്തരമന്ത്രിതലത്തിലുള്ള ഇടപെടലിനെത്തുടര്‍ന്നാണിത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ തൊടുപുഴ സി.ഐ. ജില്‍സണ്‍ മാത്യുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍നിന്നു സസ്‌പെന്‍ഡുചെയ്തതായി സംസ്ഥാനനേതൃത്വം അറിയിച്ചു. ന്യൂമാന്‍ കോേളജ് സംഭവത്തില്‍ കെ.എസ്.യു.പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായി ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ് കെ.പി.സി.സി.ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞദിവസം കെ.എസ്.യു. നടത്തിയ സമരത്തിനിടെയാണ് തൊടുപുഴ അഡീഷണല്‍ എസ്.ഐ. പി.വിജയനെ കൈയേറ്റംചെയ്തത്. എസ്.ഐ.യുടെ നെഞ്ചില്‍ ഇടിക്കുകയും തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിസ്സാരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ 10 പേര്‍ക്ക് അപ്പോള്‍ത്തന്നെ ജാമ്യം നല്‍കുകയുംചെയ്തു. പോലീസിനെതിരെ കൈയേറ്റമുണ്ടായില്ലെന്നും ഒരു സംഘര്‍ഷസ്ഥലമാകുമ്പോള്‍ തൊപ്പി തെറിച്ചുപോകാമെന്നുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സംഭവം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ ഡി.ജി.പി. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി കെ.വി.ജോസഫിനോട് നിര്‍ദേശിച്ചു.

നിയാസ് കൂരാപ്പള്ളി, മാത്യു കെ.ജോണ്‍, ലിനോ ജോസ്, റിയാദ്, ഷെഫിന്‍, അബൂബക്കര്‍, ജോയി, ജോം കെ.സാജു, അമല്‍ ജോസ്, ആന്‍സന്‍ കെ.വര്‍ഗീസ് എന്നിവരെയാണ് അറസ്റ്റുചെയ്ത് വിട്ടയച്ചത്. ആകെ 35 പേര്‍ക്കെതിരെ കേസുണ്ട്. എല്ലാവര്‍ക്കും ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിയാസിനും മാത്യു കെ.ജോണിനുമെതിരെ വേറെയും കേസുകളുണ്ടെന്ന് എസ്.പി. അറിയിച്ചു.

ശനിയാഴ്ച ഡി.സി.സി. പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കോേളജ് പ്രിന്‍സിപ്പല്‍ ടി.എം.ജോസഫിനെയും ബര്‍സാര്‍ ഫാ.ഫ്രാന്‍സിസ് കണ്ണാടനെയും ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അക്രമത്തില്‍ കോതമംഗലം രൂപതാ മാനേജിങ് ബോര്‍ഡ് ശക്തമായി പ്രതിഷേധിച്ചു. കോേളജിലേക്കുള്ള കടന്നുകയറ്റം നിന്ദ്യവും അധാര്‍മികവുമാണെന്ന് വികാരിജനറാള്‍ ഡോ.ജോര്‍ജ് ഒലിയപ്പുറം പറഞ്ഞു. സംഘടനയെ തുടര്‍ച്ചയായി നാണംകെടുത്തുന്ന നിയാസ് കൂരാപ്പള്ളിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പി.ടി.തോമസ് വിഭാഗം കെ.പി.സി.സി. പ്രസിഡന്റിനു പരാതി നല്‍കി. ജിയോ മാത്യു, സാം ജോസഫ് എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്വേഷണം നടത്തണം: സുധീരന്‍


തൊടുപുഴ:
ന്യൂമാന്‍ കോേളജില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ബാക്കിയുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിക്ക് നിര്‍ദേശം നല്‍കി. നിയാസ് കൂരാപ്പള്ളിക്കെതിരെ സ്വീകരിച്ച നടപടിയില്‍ സുധീരന്‍ തൃപ്തി രേഖപ്പെടുത്തി.

 

 




MathrubhumiMatrimonial