Crime News

അനീഷിന്റെ പുറത്താക്കല്‍ ഉത്തരവ് വ്യാജമെന്ന് വിവരാവകാശരേഖ

Posted on: 03 Sep 2015


മലപ്പുറം: മൂന്നിയൂര്‍ ഹൈസ്‌കൂളില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത അധ്യാപകന്‍ കെ.കെ. അനീഷിന്റെ പുറത്താക്കല്‍ ഉത്തരവ് വ്യാജമായിരുന്നു എന്നതിനു തെളിവ്. ഉത്തരവ് ടൈപ്പ് ചെയ്തതിനോ അയച്ചതിനോ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഒരു രേഖയുമില്ലെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍നിന്ന് വ്യക്തമാകുന്നു.

സ്‌കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന അനീഷിനെ പുറത്താക്കുന്നതിന് മാനേജര്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവ് മലപ്പുറം ഡി.ഡി.ഇ. കെ.സി. ഗോപി കഴിഞ്ഞവര്‍ഷം മെയ് 30നാണ് പുറപ്പെടുവിച്ചത്. 31ന് കെ.സി. ഗോപി സര്‍വീസില്‍നിന്ന് വിരമിക്കുകയുംചെയ്തു. എന്നാല്‍ വിവരാവകാശരേഖകള്‍ പറയുന്നത് മലപ്പുറം ഡി.ഡി.ഇ. ഓഫീസില്‍നിന്ന് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ്.
ഓഫീസില്‍ ഏതെങ്കിലും ഒരു േരഖ ടൈപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഫെയര്‍കോപ്പി രജിസ്ടറില്‍ രേഖപ്പെടുത്തണം. എന്നാല്‍ രജിസ്ടറിലെവിടെയും ഉത്തരവില്‍ രേഖപ്പെടുത്തിയ ഫയല്‍നമ്പറുള്ള ഒരു രേഖയുമില്ല.

ഓഫീസില്‍നിന്ന് പുറത്തുപോകുന്ന ഏതുകടലാസും ഡെസ്പാച്ച് രജിസ്ടറില്‍ രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ അനീഷിന്റെ അവസാന ഹിയറിങ്മുതല്‍ ഉത്തരവ് കൈപ്പറ്റിയ ദിവസംവരെ ഈ ഫയല്‍ നമ്പറിലുള്ള ഒന്നും രജിസ്ടറിലില്ല.
ഇനി നേരിട്ടാണ് ഉത്തരവ് കൈമാറുന്നതെങ്കില്‍ അത് ലോക്കല്‍ ഡെലിവറി രജിസ്ടറില്‍ രേഖപ്പെടുത്തണം. പക്ഷെ ഇതിലും അത്തരത്തിലൊന്നു കാണാനായില്ല.

ഇക്കാര്യം സംബന്ധിച്ച് മലമ്പുഴ പോലീസ് കഴിഞ്ഞദിവസം ഡി.ഡി.ഇ. ഓഫീസില്‍ പരിശോധന നടത്തി.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ രണ്ടിനാണ് കെ.കെ. അനീഷിനെ മലമ്പുഴയിലെ ലോഡ്ജ്മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

 

 




MathrubhumiMatrimonial