
തസ്‌നിയുടെ മരണം: ജീപ്പോടിച്ച വിദ്യാര്‍ഥി അറസ്റ്റില്‍
Posted on: 24 Aug 2015

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ (സി.ഇ.ടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വാഹനമോടിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ കല്യാശ്ശേരി കൊള്ളിയില്‍ വീട്ടില്‍ ബൈജു (21)വാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ ശ്രീകാര്യം സ്റ്റേഷനില്‍ കീഴടങ്ങിയ ബൈജുവിന്റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. അപകടമുണ്ടായതിന് പിന്നാലെ ബൈജു കൊടൈക്കനാലിലേക്കാണ് പോയത്. അവിടെനിന്ന് മധുരയിലേക്കും പിന്നീട് കൊല്ലത്തും എത്തി. അവിടെനിന്നാണ് തിരുവനന്തപുരത്തെത്തി പോലീസില്‍ കീഴടങ്ങിയത്.
ബൈജുവിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഡി.സി.പി. സഞ്ജയ് കുമാര്‍, ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്, കണ്‍ട്രോള്‍ റൂം എ.സി. എ.പ്രമോദ് കുമാര്‍, മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയില്‍ എന്നിവര്‍ ബൈജുവിനെ ചോദ്യംചെയ്തു. സംഭവ സമയത്ത് ജീപ്പ് ഓടിച്ചത് താനാണെന്നും മനഃപൂര്‍വമല്ല അപകടമെന്നും ബൈജു പോലീസിനോട് പറഞ്ഞു. ജീപ്പിന്റെ ബോണറ്റില്‍ മറ്റു വിദ്യാര്‍ഥികള്‍ കയറി നൃത്തം ചെയ്തതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അതിനാല്‍ തസ്‌നി റോഡരികിലൂടെ നടന്നുപോകുന്നത് കണ്ടില്ല.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുന്ന ബൈജുവിനെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങി സി.ഇ.ടി.യില്‍ വിശദമായ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് സി.ഐ. ഷീന്‍ തറയില്‍ അറിയിച്ചു. ബൈജുവിനെതിരെ നരഹത്യക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കെതിരെ പ്രേരണാ കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കാമ്പസില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച 'ചെകുത്താന്‍' ലോറി ആറ്റിപ്രഭാഗത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷത്തിനായി വാടകയ്‌ക്കെടുത്തതായിരുന്നു ലോറി. വാഹനങ്ങള്‍ കാമ്പസില്‍ കയറ്റുന്നത് തടയാതിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു.
ബൈജുവിന് പുറമെ ഏഴുപേര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. സംഭവസമയം ജീപ്പിലുണ്ടായിരുന്ന മുഴുവന്‍പേരെയും പോലീസ് തിരിച്ചറിഞ്ഞു. സംഭവസമയം ഉപയോഗിച്ച മറ്റൊരു ജീപ്പും ശനിയാഴ്ച ശ്രീകാര്യം തൃപ്പാദപുരത്ത് നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഇതിലെ ബാറ്ററി ഇളക്കിമാറ്റിയിരുന്നു. തസ്‌നിയെ ഇടിച്ചുതെറിപ്പിച്ച ജീപ്പ് കഴിഞ്ഞ ദിവസം കാര്യവട്ടം കാമ്പസിനുള്ളിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്.
