Crime News

കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മതാധ്യാപകന്‍ അറസ്റ്റില്‍

Posted on: 23 Aug 2015


തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയെ മതപഠനവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡിപ്പിച്ച അറബിക് കോളേജ് അധ്യാപകനെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താവളത്തില്‍ വീട്ടില്‍ ഷാനവാസ് ഖാനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ ഇയാള്‍ മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയിലേക്ക് പോയപ്പോഴും ഇയാള്‍ പെണ്‍കുട്ടിയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.

പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരത്തിന് പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് ഷാനവാസ് ഖാന്‍ തിരുവനന്തപുരത്തെത്തി. പെണ്‍കുട്ടിയെ ആയുര്‍വേദ കോളേജിന് സമീപത്തെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികചൂഷണത്തിനിരയാക്കി. ഇക്കാര്യം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.

ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് നിസ്സഹായയായ യുവതി തമ്പാനൂര്‍ പോലീസിനെ സമീപിച്ചു. അന്വേഷണത്തിനിടെ കഴക്കൂട്ടത്തുവെച്ച് ഇയാള്‍ പിടിയിലായി. തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായര്‍, എസ്.ഐ.മാരായ എസ്.പി. പ്രകാശ്, കെ.വി. രമണന്‍, അനില്‍ ടി. ജോര്‍ജ്, എസ്.സി.പി.ഒ.മാരായ സന്തോഷ്, വിനോദ്, സി.പി.ഒ. രാജേഷ്, വനിതാ പോലീസ് റീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial