Crime News

ഹനീഫ വധം : പോലീസിന്റെ കൈയും കാലും കെട്ടിയിട്ടു - പിണറായി

Posted on: 17 Aug 2015



ചാവക്കാട്:
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസിന്റെ കൈയും കാലും കെട്ടിയിടപ്പെട്ട നിലയിലാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ പറഞ്ഞു. നിഷ്പക്ഷരും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരെക്കൊണ്ട്് കേസന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹനീഫയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

കുറ്റവാളികളെ പിടികൂടാനാവശ്യമായ അന്വേഷണമല്ല നടക്കുന്നത്. എഫ്.ഐ.ആറില്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പറയുന്നുണ്ടെങ്കിലും ആ വഴിക്ക് അന്വേഷണം നടത്താന്‍ പോലീസിനെ രാഷ്ട്രീയനേതൃത്വം അനുവദിക്കുന്നില്ല. പ്രായമായ ഉമ്മയുടെ മുന്നിലിട്ടാണ് അക്രമികള്‍ ഹനീഫയെ കൊലപ്പെടുത്തിയത്. പ്രതികള്‍ ആരാണെന്ന് ഉമ്മയ്ക്ക് അറിയുകയും ചെയ്യാം. എന്നാല്‍ ആ കാര്യം അന്വേഷിക്കാന്‍ പോലീസ് തയ്യാറല്ല. ഇവിടെ എന്താണ് നടക്കുന്നതെന്ന്്് കോണ്‍ഗ്രസ് നേതാക്കളായ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അറിയില്ല. അവര്‍ ഇവിടെ വന്നാലല്ലെ സംഭവത്തിന്റെ ഗൗരവം മനസ്സിലാകൂ -അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും കോണ്‍ഗ്രസ് ഭരണത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കാനാവില്ല. തൃശ്ശൂര്‍ ജില്ലയില്‍ ക്രിമിനലുകളെ കോണ്‍ഗ്രസ് സംരക്ഷിക്കുന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇരയായിട്ടുണ്ട്. എത്രാമത്തെ കോണ്‍ഗ്രസ്സുകാരനാണ് ജില്ലയില്‍ കോണ്‍ഗ്രസ്സുകാരുടെ കൈയാല്‍ മരിക്കേണ്ടിവന്നത്. ഇങ്ങനെയാണോ പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടത്. ഇവിടത്തെ ജമാഅത്ത് കമ്മിറ്റിയും അന്വേഷണത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നുണ്ട്്. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും ഒരൊറ്റ കുറ്റവാളി പോലും രക്ഷപ്പെടരുതെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി. സുമേഷ്, സി.പി.എം. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് എന്നിവര്‍ പിണറായിക്കൊപ്പമുണ്ടായിരുന്നു.

 

 




MathrubhumiMatrimonial