Crime News

മനോജ് വധം: സി.പി.എം. ഏരിയാസെക്രട്ടറിക്ക് ജാമ്യം

Posted on: 12 Aug 2015


തലശ്ശേരി: ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ കിഴക്കെകതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. നേരത്തേ കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം തുടരാന്‍ മധുസൂദനന്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍.നാരായണപിഷാരടി ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സി.ബി.ഐ. ഉയര്‍ത്തിയ വാദം കോടതി തള്ളി.

മധുസൂദനനെതിരെ പുതിയ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ അന്വേഷണത്തെ തടസ്സപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ഒളിവില്‍ പോകാന്‍ പാടില്ല. രാജ്യത്തുതന്നെയുണ്ടാവണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജൂലായ് 28-ന് കോടതിയില്‍ ഹാജരായ മധുസൂദനന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ആഗസ്ത് ആറുവരെയാണ് ഇടക്കാലജാമ്യം അനുവദിച്ചത്.

ആറിന് കോടതിയില്‍ ഹാജരായ മധുസൂദനന് 11വരെ ജാമ്യം നീട്ടിനല്കി. മധുസൂദനനെ ഒരുദിവസമെങ്കിലും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടാണ് കോടതിയില്‍ സി.ബി.ഐ. സ്വീകരിച്ചത്. പ്രധാന പ്രതി വിക്രമന് ചികിത്സനല്കാന്‍ 11-ാംപ്രതി കൃഷ്ണനെ സഹായിച്ചുവെന്നതാണ് മധുസൂദനനെതിരെയുള്ള കുറ്റം.

ജൂലായ് ഒന്പതിനാണ് മധുസൂദനന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിചേര്‍ത്ത് കോടതിയില്‍ സി.ബി.ഐ. റിപ്പോര്‍ട്ട് നല്കിയത്. കേസില്‍ 20-ാംപ്രതിയാണ് മധുസൂദനന്‍.

 

 




MathrubhumiMatrimonial