
അഞ്ച് പേര്‍ക്ക് പ്രണവ് പ്രാണനേകി
Posted on: 11 Aug 2015

കൊച്ചി: ഹൃദയത്തിനും ശ്വാസകോശത്തിനും പുറമേ പ്രണവിന്റെ കരളും വൃക്കകളുമെല്ലാം മറ്റു രോഗികള്‍ക്ക് പുതുജീവന്റെ തുടിപ്പാകും.കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കാണ് പ്രണവിന്റെ അവയവങ്ങള്‍ ജീവനേകുക.
ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 39കാരനാണ് പ്രണവിന്റെ കരള്‍ മാറ്റിവച്ചത്. കാസര്‍കോട് സ്വദേശിയാണ് ഇദ്ദേഹം. 54 വയസ്സുള്ള ആലപ്പുഴ സ്വദേശിക്ക് പ്രണവിന്റെ ഒരു വൃക്കയും മാറ്റിവച്ചു. ഇദ്ദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു രോഗിക്ക് മാറ്റിവയ്ക്കും.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ള രോഗിക്കാണ് ചെറുകുടല്‍ വച്ചുപിടിപ്പിക്കുന്നത്. നേത്രപടലങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പരിക്കേറ്റിരുന്നതിനാല്‍ അവ എടുക്കാനായില്ല.
ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 39കാരനാണ് പ്രണവിന്റെ കരള്‍ മാറ്റിവച്ചത്. കാസര്‍കോട് സ്വദേശിയാണ് ഇദ്ദേഹം. 54 വയസ്സുള്ള ആലപ്പുഴ സ്വദേശിക്ക് പ്രണവിന്റെ ഒരു വൃക്കയും മാറ്റിവച്ചു. ഇദ്ദേഹം ലേക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു രോഗിക്ക് മാറ്റിവയ്ക്കും.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലുള്ള രോഗിക്കാണ് ചെറുകുടല്‍ വച്ചുപിടിപ്പിക്കുന്നത്. നേത്രപടലങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പരിക്കേറ്റിരുന്നതിനാല്‍ അവ എടുക്കാനായില്ല.
36 കി.മീ. @ 28 മിനിറ്റ് കര്‍മനിരതരായി പോലീസ്
ലേക്‌ഷോര്‍ ആസ്പത്രിയില്‍ നിന്നും ഹൃദയം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു
കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള 36 കിലോമീറ്റര്‍ 28 മിനിറ്റു കൊണ്ടാണ് ആംബുലന്‍സില്‍ പിന്നിട്ടത്. സാധാരണ ഗതിയില്‍ ഒരു മണിക്കൂറിലേറെയെടുക്കുന്ന ദൂരം ഇത്ര കുറഞ്ഞ സമയത്തില്‍ പിന്നിടാനായത് പോലീസ് നടത്തിയ ഗതാഗത ക്രമീകരണങ്ങള്‍ മൂലമാണ്.
ട്രാഫിക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സാജന്‍ കോയിക്കലിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ് സംഘമാണ് പ്രധാന ജംഗ്ഷനുകളില്‍ ആംബുലന്‍സിന് വഴിയൊരുക്കിയത്. പ്രത്യേകം പോലീസ് എസ്‌കോര്‍ട്ടും ഉണ്ടായിരുന്നു. ലേക്‌ഷോര്‍ ആശുപത്രി മുതല്‍ മുട്ടം വരെയുള്ള സിറ്റി ലിമിറ്റ് പിന്നിട്ടത് തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ. പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ്. മുട്ടം മുതല്‍ നെടുമ്പാശ്ശേരി വരെയുള്ള ദൂരത്ത് ആലുവ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘം ഗതാഗതം ക്രമീകരിച്ചു. റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജംഗ്ഷനിലെ സിഗ്‌നലുകളിലും ഇതനുസരിച്ചുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.
അവയവം കൊണ്ടുപോയത് ഡെക്കാന്‍ ചാര്‍ട്ടേഴ്‌സില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡെക്കാന്‍ ചാര്‍ട്ടേഴ്‌സ് വിമാനത്തിലാണ് ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവയവം കൊണ്ടുപോകുന്നതിന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ഈ വിമാനം തിങ്കളാഴ്ച രാത്രി തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.ലേക്‌ഷോര്‍ ആശുപത്രിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിന് സമീപമുള്ള ഒന്നാം നമ്പര്‍ ഗേറ്റ് വരെയെത്തി. നടപടിക്രമങ്ങളെല്ലാം ഒഴിവാക്കി ആംബുലന്‍സിലുണ്ടായിരുന്നവരെ പെട്ടെന്ന് വിമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.
ഓരോ മിടിപ്പിലും സമയത്തോടു പോരടിച്ച്...
കൊച്ചി: സമയത്തോടുള്ള പോരാട്ടം കൂടിയാണ് ഓരോ അവയവ മാറ്റവും. ഓരോ സെക്കന്‍ഡിനും ഇവിടെ വലിയ വിലയുണ്ട്. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലുമായി നടന്ന ശസ്ത്രക്രിയയില്‍ സമയത്തിനൊപ്പമുള്ള ഓട്ടം ഇങ്ങനെയായിരുന്നു.ചൊവ്വാഴ്ച രാവിലെ 8.00 ലേക്‌ഷോറില്‍ അവയവമെടുക്കല്‍ ശസ്ത്രക്രിയ തുടങ്ങി.
8.30 ചെന്നൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ലേക്‌ഷോറിലെത്തി.
11.45 അവയവമെടുക്കല്‍ പൂര്‍ണം.
11.58 നീല പെട്ടിയില്‍ ഹൃദയവും ശ്വാസകോശവും പുറത്തേക്ക്.
12.00 ലേക്‌ഷോറില്‍ നിന്ന് ആംബുലന്‍സ് നെടുമ്പാശ്ശേരിയിലേക്ക്.
12.17 ആംബുലന്‍സ് 20 കിലോമീറ്റര്‍ പിന്നിടുന്നു.
12.28 നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍. മിനിറ്റുകള്‍ക്കകം വിമാനം പുറപ്പെട്ടു.
ഉച്ചയ്ക്ക് 2.00 വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍.
2.15 റോഡ് മാര്‍ഗം ആശുപത്രിയിലെത്തി ശസ്ത്രക്രിയ തുടങ്ങി.
വൈകീട്ട് 5.10 ശസ്ത്രക്രിയ പൂര്‍ത്തിയായി
5.30 ശസ്ത്രക്രിയ വിജയമെന്ന് പ്രഖ്യാപിച്ച് ചെന്നൈയിലെ ആശുപത്രി അധികൃതരുടെ പത്രസമ്മേളനം.
ശസ്ത്രക്രിയ നീണ്ടത് നാല് മണിക്കൂര്‍
കൊച്ചി: ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ എടുക്കുന്നതിന് കൊച്ചിയില്‍ നടന്ന ശസ്ത്രക്രിയ നാല് മണിക്കൂറോളമാണ് നീണ്ടത്. തിങ്കളാഴ്ച വൈകീട്ടാണ് പ്രണവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ അവയവ ദാനത്തിന് സന്നദ്ധത അറിയിച്ചതോടെ കേരള നെറ്റ്!വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങിന് വിവരം കൈമാറി. കേരളത്തില്‍ അവയവ മാറ്റത്തിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ക്കിടയിലെ പരിശോധന ഇവരുടെ നേതൃത്വത്തിലായിരുന്നു.
ഓര്‍ഗന്‍ ഷെയറിങ് ലിസ്റ്റ് വഴി മറ്റ് അവയവങ്ങളുടെ കാര്യത്തിലും തീരുമാനമായി. കരളും ഒരു വൃക്കയും ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ലഭിച്ചു. അതോടെ കരള്‍ മാറ്റിവയ്ക്കലിനും വൃക്ക മാറ്റിവയ്ക്കലിനുമുള്ള ഒരുക്കങ്ങളും ആശുപത്രിയില്‍ തുടങ്ങിയെന്ന് ലേക്‌ഷോര്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു.
രാവിലെ എട്ടു മണിയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. 11.45ഓടെ പൂര്‍ണമായി. ഹൃദയവും ശ്വാസകോശവും ഒരാള്‍ക്ക് തന്നെ മാറ്റിവയ്ക്കുന്നതിനാല്‍ ഇവ ഒരേ സമയത്തുതന്നെ നീക്കം ചെയ്തുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരിലൊരാളായ ഡോ. മുഹമ്മദ് ഷാഹുല്‍ നെബു പറഞ്ഞു. പിന്നീട് കരളും ചെറുകുടലും വൃക്കയുമെല്ലാം എടുത്തു. ഹൃദയം മരുന്ന് ലായനിയില്‍ വച്ച് ഐസ് പായ്ക്കിലാക്കി പ്രത്യേകം സജ്ജീകരിച്ച പെട്ടിയിലേക്ക് മാറ്റി.
അവയവ മാറ്റത്തിന് മുന്നോടിയായി ദാതാവിന്റെ ശരീരത്തില്‍ പൂര്‍ണ പരിശോധന ആവശ്യമാണ്. മസ്തിഷ്‌ക മരണം എന്നതൊഴികെ ബാക്കിയെല്ലാ ശാരീരിക അവസ്ഥകളും സാധാരണ ഗതിയിലാണെങ്കില്‍ മാത്രമേ അവയവദാനം സാധ്യമാകൂ. ഇതിനായി എല്ലാ ശാരീരിക അവസ്ഥകളും പരിശോധിക്കേണ്ടതുണ്ട്.
ഹൃദയം മാറ്റിവയ്ക്കലിന്റെ കാര്യത്തില്‍ രക്തഗ്രൂപ്പിന് പുറമേ, ഹൃദയത്തിന്റെ വലിപ്പം, രക്തക്കുഴലുകളുടെ വലിപ്പം, പ്രവര്‍ത്തന രീതി എന്നിവയെല്ലാം കണക്കിലെടുക്കണം. ഒരാളില്‍ നിന്ന് വേര്‍പെടുത്തിയ ഹൃദയം നാല് മണിക്കൂറിനകം മറ്റൊരു ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കണമെന്നതും നിര്‍ബന്ധമാണ് ഡോ. നെബു പറഞ്ഞു. ലേക്‌ഷോര്‍ ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. മൂസക്കുഞ്ഞി, ഡോ. രാകേഷ് ഗോപാല്‍, ഡോ. കെ.പി. മഞ്ജുരാജ്, ഡോ. എസ്. മഹേഷ്, ഡോ. മല്ലി എബ്രഹാം, ഡോ. ജയ സൂസന്‍ ജേക്കബ്, ഡോ. മത്തായി സാമുവല്‍ എന്നിവരുള്‍പ്പെട്ട വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ചെന്നൈയിലെ ഫോര്‍ട്ടിസ് ആസ്പത്രിയില്‍ നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ 12 അംഗ സംഘവും ശസ്ത്രക്രിയാ മേല്‍നോട്ടത്തിന് ലേക്‌ഷോറില്‍ എത്തിയിരുന്നു.
ഹൃദയമാറ്റശസ്ത്രക്രിയ വിജയം
പ്രണവിന്റെ ഹൃദയം ചെന്നൈയില്‍ മിടിച്ചുതുടങ്ങി
ചെന്നൈ: കേരളത്തില്‍നിന്നെത്തിയ ഹൃദയം മഹാരാഷ്ട്ര സ്വദേശിയായ ഇരുപത്തിനാലുകാരനില്‍ മിടിച്ചുതുടങ്ങിയതായി ചെന്നൈ മലര്‍ ആസ്പത്രയില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കെ.ആര്‍. ബാലകൃഷ്ണന്‍ പറഞ്ഞു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. ജന്മനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്റെ ജീവന്‍രക്ഷിക്കാന്‍ അവയവമാറ്റമല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍സംഘം വിശദീകരിച്ചു.
തന്റെ ശരീരത്തോടുചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഹൃദയവും ശ്വാസകോശവും ലഭിക്കുന്നതിനായി കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം മലര്‍ ആസ്പത്രിയില്‍ കഴിഞ്ഞുവരികയായിരുന്നു. ഹൃദയവും ശ്വാസകോശവും ഒരുമിച്ചുതന്നെ ചൊവ്വാഴ്ച മാറ്റിവെച്ചു.
കൊച്ചിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച പ്രണവിന്റെ ഹൃദയവും ശ്വാസകോശവും മലര്‍ ആസ്പത്രിയിലെ രോഗിയിലേക്ക് മാറ്റിവെക്കാന്‍ 4.45 മണിക്കൂര്‍ സമയമാണ് എടുത്തത്. അവയവദാന നടപടിക്രമങ്ങളനുസരിച്ച് നാലുമണിക്കൂറിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍, ദാതാവും സ്വീകര്‍ത്താവും യുവാക്കളായതിനാല്‍ സമയദൈര്‍ഘ്യം ശസ്ത്രക്രിയയെ ബാധിച്ചില്ലെന്ന് ഡോ. ബാലകൃഷ്ണന്‍ അറിയിച്ചു. രക്തഗ്രൂപ്പ്, ഉയരം, ഭാരം എന്നിവയിലെല്ലാം ദാതാവും സ്വീകര്‍ത്താവും തമ്മില്‍ പൊരുത്തമുള്ളതായും അദ്ദേഹം വ്യക്തമാക്കി.
മലര്‍ ആസ്പത്രിയിലെ 51ാമത്തെ അവയവമാറ്റ ശസ്ത്രക്രിയയാണ് ചൊവ്വാഴ്ച നടന്നത്.
കൊച്ചിയിലെ ആശുപത്രിയില്‍ പ്രണവിന്റെ ബന്ധുക്കള്‍
ഇതെന്റെ കുഞ്ഞിന്റെ 'പുണ്യം'
കൊച്ചി: ''കുറെപ്പേര്‍ക്ക് ജീവനേകിയാണല്ലോ എന്റെ മോന്‍ പോകുന്നത്. അതെന്റെ കുഞ്ഞിന്റെ പുണ്യമാകാം'' അവയവ ദാനത്തെക്കുറിച്ച് സംസാരിച്ച ഡോക്ടറോട് പ്രണവിന്റെ അച്ഛന്‍ ഹരിലാലിന്റെ തേങ്ങലോടെയുള്ള പ്രതികരണം ഇങ്ങനെയായിരുന്നു.ഒരു മരണത്തിന്റെ ദുഃഖം വിട്ടുമാറും മുന്‍പേയാണ് മറ്റൊരു ദുരന്തം കായംകുളം കണ്ണമ്പിള്ളില്‍ ഭാഗം കോട്ടോളില്‍ വീടിനെ തേടിയെത്തിയത്. ഹരിലാലിന്റെ അച്ഛന്‍ മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
മരണാനന്തര കര്‍മങ്ങള്‍ ചെയ്തത് പ്രണവായിരുന്നു. ''ഈ മരണത്തിനു ശേഷം പ്രണവ് വീട്ടില്‍ നിന്ന് പുറത്തേക്കൊന്നും പോയിരുന്നില്ല. ഞായറാഴ്ച കൂട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങിയത്. കൂട്ടുകാരന്റെ വീട് വരെ പോയി മടങ്ങുന്ന വഴിക്കായിരുന്നു അപകടം'' പ്രണവിന്റെ ചിറ്റപ്പന്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു. ആദ്യം ഹരിപ്പാട് ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
എന്നാല്‍, നില ഗുരുതരമായതോടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് പ്രണവിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. വീട്ടുകാരെ ഇത് അറിയിക്കുന്നതിനിടെയാണ് അവയവ ദാനത്തെക്കുറിച്ച് വിശദീകരിച്ചത്.വീട്ടുകാര്‍ അനുമതി നല്‍കിയതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ നടപടിക്രമങ്ങളുടെ ഭാഗമായി രണ്ട് തവണ പരിശോധന നടത്തി.
ആലപ്പുഴ കായംകുളം കണ്ണമ്പിള്ളില്‍ ഭാഗം കോട്ടോളില്‍ വീട്ടില്‍ ഹരിലാലിന്റെയും ബിന്ദുവിന്റെയും മകനാണ് പ്രണവ് (19). ബന്ധുക്കളിലേറെയും ആശുപത്രിയിലുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ വരെ മരണ വിവരം അമ്മയെ അറിയിച്ചിരുന്നില്ല.
