
അപവാദപ്രചാരണം: പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികള്‍ അറസ്റ്റില്‍
Posted on: 06 Aug 2015

കഞ്ഞിക്കുഴി: കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വിഷം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമീപവാസികളായ അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം പാറയില്‍ സരോജനി(72), മകന്‍ രാജേന്ദ്രന്‍(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മുപ്പതിന് പഴയരിക്കണ്ടം കാരിനാട്ട് സാബുവിന്റെ മകള്‍ സുചിത്ര(17) യെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടിരുന്നു. പെണ്‍കുട്ടി എഴുതിയ കത്ത് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയത് ബന്ധുക്കള്‍ പോലീസിന് കൈമാറിയിരുന്നു. സമീപവാസികളുടെ അപവാദപ്രചാരണംമൂലം വിഷം കഴിക്കുകയായിരുന്നു എന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നതായും ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അപവാദപ്രചാരണകുറ്റം (305 വകുപ്പ്) ചുമത്തി പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കഞ്ഞിക്കുഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ജോര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ സി.വി.എബ്രാഹം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
