Crime News

നേര്യമംഗലത്ത് വേറെയും ആനവേട്ട സംഘം

Posted on: 05 Aug 2015

എ.കെ. ജയപ്രകാശ്‌



# കൊന്ന ആനയുടെ അവശിഷ്ടം കണ്ടെത്തി
# രണ്ട് പ്രതികള്‍ റിമാന്‍ഡില്‍
കോതമംഗലം:
നേര്യമംഗലം വനത്തില്‍ ആനവേട്ട നടത്തിയതിന്റെ തെളിവായി ഒരു ജഡാവശിഷ്ടം കണ്ടെത്തി. മാമലകണ്ടത്തിനു സമീപം ഞണ്ടുകുളം ആദിവാസികുടിക്ക് നാല് കിലോമീറ്റര്‍ മാറി വനത്തിലാണ് ആനയുടെ ജഡാവശിഷ്ടം കണ്ടത്.
ഈ വേട്ടയിലെ മുഖ്യപ്രതി കമ്പിലൈന്‍ സ്വദേശിയും കോതമംഗലം കോഴിപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ മീനാംകുടി സജി കുര്യന്‍ (40) അറസ്റ്റിലായിട്ടുണ്ട്.

സജിയുടെ വീട്ടില്‍ നിന്ന് തോക്കും കണ്ടെടുത്തു. സജിക്ക് തോക്ക് നല്‍കിയ പഴമ്പിള്ളിച്ചാല്‍ കമ്പിലൈന്‍ കുറ്റിയാട്ട് കുഞ്ഞുമോന്‍ എന്ന ഫിലിപ്പി(62)നേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ അടിമാലി ഇരുമ്പുപാലം പരിശകല്ല് സ്വദേശി എല്‍ദോസ്, ഭൂതത്താന്‍കെട്ട് ചെങ്കര സ്വദേശി രാജീവ് എന്നിവര്‍ ഒളിവിലാണ്. മലയാറ്റൂര്‍ ഡിവിഷനിലെ തുണ്ടം വനമേഖലയിലെ ആനവേട്ടയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് നേര്യമംഗലം ആനവേട്ട ശ്രദ്ധയില്‍പ്പെടുന്നത്.

കൂടുതല്‍ ആനവേട്ട സംഘങ്ങളുണ്ട് എന്ന വസ്തുതയാണ് ഇതോടെ വെളിപ്പെടുന്നത്. ഒരു വര്‍ഷം മുമ്പാണ് പ്രതികള്‍ ആനയെ കൊന്ന് കൊമ്പെടുത്തത്. മലയാറ്റൂര്‍ ആനവേട്ടക്കേസില്‍ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായ പ്രിസ്റ്റണ്‍ സില്‍വയ്ക്കാണ് ആറ് കിലോ കൊമ്പ് വിറ്റതെന്ന് സജി കുറ്റസമ്മതം നടത്തി.

തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിലാണ് ആനയുടെ അവശിഷ്ടം കണ്ടെത്തിയത്. സജി കാണിച്ചതനുസരിച്ചാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. കൂടുതല്‍ ആനകള്‍ വേട്ടയ്ക്ക് ഇരയായിട്ടുണ്ടോ എന്ന് അറിയാന്‍ അടിമാലി, നേര്യമംഗലം, മൂന്നാര്‍ എന്നീ റെയ്ഞ്ചുകളിലെ മുഴുവന്‍ വനപാലകരും പങ്കെടുത്ത കോമ്പിങ് ഓപ്പറേഷനും നടത്തിയിരുന്നു.

സജിയുടെ പഴമ്പിള്ളിച്ചാല്‍ ഭാഗത്തെ വീട്ടില്‍ പി.വി.സി. പൈപ്പിനുള്ളില്‍ പല കഷ്ണങ്ങളായി തോക്കും തിരകളും കേപ്പും വെടിമരുന്നും കുഴിച്ചിട്ടിരിക്കുകയായിരുന്നു.

ഫിലിപ്പിന് വനത്തില്‍ നിന്ന് കളഞ്ഞ് കിട്ടിയ തോക്ക് സജിക്ക് ആയിരം രൂപയ്ക്കാണ് വിറ്റതെന്ന് മൊഴിയിലുണ്ട്. സജിയും മൂന്നംഗ സംഘവും മറ്റൊരിക്കല്‍ ആനവേട്ടയ്ക്ക് പോയപ്പോള്‍ കൂട്ടത്തിലൊരാളെ ആനയോടിച്ച് പരിക്കേറ്റിട്ടുണ്ട്. ആനയ്ക്ക് നേരെ നിറയൊഴിച്ചപ്പോള്‍ വെടിയേല്‍ക്കാതെ കലിപൂണ്ട ആന വേട്ടക്കാരുടെ നേര്‍ക്ക് പാഞ്ഞടുത്തു. തോക്കും കൂട്ടത്തിലൊരാളേയും ചവിട്ടിയതായും അറിയുന്നു. ആനയുടെ ചവിട്ടേറ്റ തോക്ക് ഒടിഞ്ഞ് പോയി. ഒരാനെയെ മാത്രമേ കൊന്നിട്ടുള്ളു എന്നാണ് സജി അന്വേഷണ സംഘത്തോട് പറഞ്ഞത്.

 

 




MathrubhumiMatrimonial