Crime News

12 ലക്ഷം രൂപയുടെ ക്യാമറകള്‍ മോഷ്ടിച്ച രണ്ടുകുട്ടികള്‍ അറസ്റ്റില്‍

Posted on: 05 Aug 2015


ചങ്ങനാശ്ശേരി: രണ്ടുമാസംമുമ്പ് ചങ്ങനാശ്ശേരി അരമനപ്പടിയിലുള്ള ക്യാമറവില്പനശാലയില്‍ മോഷണം നടത്തിയ രണ്ടു കുട്ടിക്കള്ളന്മാരെ പോലീസ് അറസ്റ്റുചെയ്തു. 12 ലക്ഷം രൂപയുടെ ക്യാമറകളാണ് വിരുതന്മാര്‍ കവര്‍ന്നത്.

പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്ന് ആദ്യം സംശയം തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. അടുത്തകാലത്ത് ചങ്ങനാശ്ശേരിയിലും കോട്ടയത്തും പല മോഷണങ്ങളും നടത്തിയത് കുട്ടിക്കള്ളന്മാരാണെന്നു തെളിഞ്ഞതിനാല്‍ അന്വേഷണം ആവഴിക്കും നടന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍, മല്ലപ്പള്ളിയില്‍ 17 വയസ്സുള്ള ഒരു വിദ്യാര്‍ഥിയുടെ കൈയില്‍ ഒരു ക്യാമറയുണ്ടെന്നുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് മല്ലപ്പള്ളിയിലും പത്തനംതിട്ടയിലും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കള്ളന്മാര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്.

കുട്ടികള്‍ നേരത്തെതന്നെ ഈ കട കണ്ടുെവച്ച് മോഷണം നടത്താന്‍ പ്ലാന്‍ചെയ്തിരുന്നു. ഇവരിലൊരാളുടെ അച്ഛന്റെ കാറിന്റെ ജാക്കി എടുത്തുമാറ്റി ചുറ്റികയും ആക്‌സോബ്ലേഡും സംഘടിപ്പിച്ച്, കൂട്ടുകാരന്റെ മോട്ടോര്‍സൈക്കിളില്‍ രാത്രി ഒരുമണിയോടെ അരമനപ്പടിയിലെത്തി. മതിലുചാടിക്കടന്ന് കടയുടെ മുകളിലത്തെ നിലയില്‍ എത്തി. ജാക്കി ഉപയോഗിച്ച് ഷട്ടര്‍ പൊക്കി, സ്‌ക്രൂ അഴിച്ച് കതകു മാറ്റിയാണ് മോഷണം നടത്തിയത്.

ഇവരില്‍നിന്ന്, മോഷണംപോയ ക്യാമറകളുംമറ്റും കണ്ടെടുത്തു. ചങ്ങനാശ്ശേരിയില്‍ അടുത്തകാലത്തുണ്ടായ ബൈക്കുമോഷണം, സ്‌കൂളിലെ കമ്പ്യൂട്ടര്‍ മോഷണം, വീടുകളിലെ മോഷണം, എന്നിവയെല്ലാം ചെയ്തതിനുപിന്നില്‍ കുട്ടിക്കള്ളന്മാരാണെന്നു തെളിഞ്ഞിട്ടുണ്ട്.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്‍, ഷാഡോപോലീസിലെ കെ.കെ.റെജി, പ്രദീപ്ലാല്‍, കുര്യാക്കോസ്, സിബിച്ചന്‍ ജോസഫ്, രമേശ്കുമാര്‍, കെ.വി.പ്രകാശ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial