Crime News

തമിഴ്‌നാട്ടില്‍ കര്‍ഷകരെ ഇളക്കാന്‍ കീടനാശിനി കമ്പനികള്‍ രംഗത്ത്

Posted on: 01 Aug 2015

വി.ആര്‍.ഷിജു



വിഷം തളിച്ച പച്ചക്കറി


കുമളി: മാരകമായ കീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ കേരളത്തിലേക്കു കൊണ്ടുവരുന്നതു തടയാന്‍ ശ്രമിക്കുന്ന കേരളത്തിനെതിരെ തമിഴ്‌നാട്ടിലെ കര്‍ഷകരെ സമരത്തിനിറക്കുന്നത് കീടനാശിനി കമ്പനികള്‍.

ആഗസ്ത് നാലുമുതല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കീടനാശിനി തളിച്ച പച്ചക്കറികള്‍ തടയുമെന്ന് ഫുഡ്‌സേഫ്റ്റി വിഭാഗം അറിയിച്ചതോടെയാണ്, കീടനാശിനിനിര്‍മാണ കമ്പനികള്‍ ഇതിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയത്.

തമിഴ്‌നാട്ടിലെ കര്‍ഷകരെ വിളിച്ചുകൂട്ടി കേരളത്തിനെതിരെ സമരംചെയ്യാന്‍ പ്രേരിപ്പിക്കുകയാണിവര്‍. ഇതിനായി കര്‍ഷകസംഘടനാ നേതാക്കളെയാണ് രംഗത്തിറക്കുന്നത്. കീടനാശിനി തളിക്കാതെ കൃഷി അസാധ്യമാണെന്നും വീര്യം കുറഞ്ഞ കീടനാശിനികളാണു തളിക്കുന്നതെന്നും കര്‍ഷകരെ പറഞ്ഞുപഠിപ്പിക്കുന്ന കമ്പനിപ്രതിനിധികള്‍, സമരത്തിനായി കൈയയച്ചു സാമ്പത്തികസഹായവും നല്‍കുന്നു.
കേരളത്തിലേക്കുള്ള പച്ചക്കറികള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ തടഞ്ഞാല്‍ കേരളവാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ തടയുന്നതുള്‍പ്പെടെയുള്ള സമരതന്ത്രങ്ങള്‍ ഉപദേശിച്ചതും മരുന്നുകമ്പനിക്കാര്‍തന്നെയാണ്.

ആദ്യഘട്ട സമരപ്രഖ്യാപനത്തിനുള്ള പോസ്റ്ററുകള്‍ അച്ചടിച്ചുനല്‍കിയത് ഗൂഡല്ലൂരിലെ ഒരു കീടനാശിനിവില്പന കമ്പനിയാണെന്നറിയുന്നു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിഷം കലര്‍ന്ന പച്ചക്കറികള്‍ തടയാന്‍ വില്പനനികുതി വകുപ്പ് ജീവനക്കാര്‍ക്കാണ് ചുമതല.
ഫുഡ് സേഫ്റ്റി വകുപ്പിന്റെ പ്രത്യേകസ്‌ക്വാഡ് ചെക്ക്‌പോസ്റ്റില്‍വെച്ച് പച്ചക്കറികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കും. രജിസ്റ്റര്‍ചെയ്യാത്ത പച്ചക്കറിവ്യാപാരികളുടെ ചരക്കുകള്‍ ചെക്ക്‌പോസ്റ്റ് കടത്തിവിടാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 




MathrubhumiMatrimonial