goodnews head

വിജയഗാഥരചിച്ച് മഴക്കാല ജൈവ പച്ചക്കറിക്കൃഷി

Posted on: 24 Jul 2015




കൂറ്റനാട്: വിഷംതീണ്ടാത്ത പച്ചക്കറികള്‍ നാടിന് ലഭ്യമാക്കുന്നതിന് ജൈവ പച്ചക്കറിക്കൃഷിയില്‍ കര്‍ഷകക്കൂട്ടായ്മകള്‍ സജീവമാകുന്നു. കൂറ്റനാട് മേഖലയില്‍ സമഗ്ര മഴക്കാല പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായി തൃത്താല കൃഷിഭവന്റെ സഹായത്താലാണ് പ്രദേശത്തെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് കൃഷി വിപുലമാക്കുന്നത്.

മേഖലയിലെ വിവിധ കര്‍ഷകക്കൂട്ടായ്മകളില്‍ 20 ഏക്കര്‍ കൃഷിഭൂമിയില്‍ പദ്ധതിയുടെ ഭാഗമായി പച്ചക്കറി ഉത്പാദനം തുടങ്ങിയിട്ടുണ്ട്. തൃത്താല, തെക്കേ കോടനാട്, വടക്കേ കോടനാട്, മേഴത്തൂര്‍ പ്രവാസി കൂട്ടായ്മ, വെള്ളിയാങ്കല്ല് ഗ്രൂപ്പ് എന്നീ കൃഷിക്കാരുടെ കൂട്ടായ്മയാണ് ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. കൃഷിക്കാര്‍ക്ക് പ്രോത്സാഹനമായി കൃഷിഭവന്റെ സാമ്പത്തികസഹായവും പച്ചക്കറിത്തൈകളുടെ വിതരണവും നടത്തിവരുന്നുണ്ട്.

പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളെയാണ് കൂടുതലും കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി കൂറ്റനാട് തെക്കേ കോടനാട്ട് 28 പേര്‍ ചേര്‍ന്ന് 85 സെന്‍റ് പറമ്പിലാണ് ജൈവരീതിയില്‍ പച്ചക്കറിക്കൃഷി തുടങ്ങിയിരിക്കുന്നത്. വെണ്ട, പയര്‍, മുളക്, മത്തന്‍, ചീര എന്നിങ്ങിനെയുള്ള നിത്യോപയോഗ ഇനങ്ങളാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്ക് ന്യായവില ലഭ്യമാക്കാനായി തൃത്താലയില്‍ സമൃദ്ധി എന്നപേരില്‍ കാര്‍ഷികസംഭരണ കേന്ദ്രവും തുടങ്ങിട്ടുണ്ട്.

നാടിന് മാതൃകയായ ജൈവകൃഷി സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ അഡീഷണല്‍ കൃഷിഡയറക്ടര്‍ വിജയന്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രമ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. മേഖലയിലുളള കര്‍ഷകരുടെ കൃഷിരീതികളെ പ്രശംസിച്ചും പുതിയ കൃഷിരീതികള്‍ അവലംബിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് ആസൂത്രണവകുപ്പ് ഉദ്യോഗസ്ഥരും കൃഷിവകുപ്പ് സംഘവും തെക്കേ കോടനാട്ടുള്ള കൃഷിയിടത്തില്‍നിന്ന് മടങ്ങിയത്.

 

 




MathrubhumiMatrimonial