Crime News

സഫിയ വധക്കേസില്‍ ഒന്നാംപ്രതിക്ക് വധശിക്ഷ

Posted on: 17 Jul 2015


കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാംപ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയെ (50) മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചു. ഈവര്‍ഷത്തെ കേരളത്തിലെ ആദ്യത്തെ വധശിക്ഷാ വിധിയാണിത്. ഹംസ ആറുവര്‍ഷം കഠിനതടവ് അനുഭവിച്ചശേഷമാണ് വധശിക്ഷ നടപ്പാക്കേണ്ടത്. കുറ്റകൃത്യം മറച്ചുവെയ്ക്കല്‍, നിയമപരമായ രക്ഷാകര്‍തൃത്ത്വത്തില്‍നിന്ന് കുട്ടിയെ തട്ടിയെടുക്കല്‍ എന്നിവ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനിടയില്‍ 10 ലക്ഷം രൂപ പിഴയായി കെട്ടിവെക്കുകയുംവേണം. അല്ലാത്തപക്ഷം മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. മൂന്നാംപ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയെ (37) മൂന്നുവര്‍ഷം തടവിനും നാലാംപ്രതിയും മൈമുനയുടെ സഹോദരനുമായ കുമ്പള ആരിക്കാടികുന്നില്‍ എം.അബ്ദുല്ല (58)യെ മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരനാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.ഷുക്കൂറാണ് വാദിഭാഗത്തിനുവേണ്ടി ഹാജരായത്.

ഹംസയ്‌ക്കെതിരെ കൊലക്കുറ്റം, കുറ്റകൃത്യം മറച്ചുവെയ്ക്കല്‍, കുട്ടിയെ തട്ടിയെടുക്കല്‍ എന്നിവയാണ് തെളിയിക്കപ്പെട്ടത്. ഹംസയില്‍നിന്ന് 10 ലക്ഷംരൂപ പിഴയായി ഈടാക്കാനും ഇതില്‍ എട്ടുലക്ഷം രൂപ സഫിയയുടെ മാതാപിതാക്കള്‍ക്ക് നല്കാനും കോടതി വിധിച്ചു. പിഴയടക്കുന്നില്ലെങ്കില്‍ മൂന്നുവര്‍ഷം കഠിനതടവ് അനുഭവിക്കണം. ഹംസയില്‍നിന്ന് പിഴയീടാക്കാനാവുന്നില്ലെങ്കില്‍ ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനസര്‍ക്കാര്‍ എട്ടുലക്ഷം രൂപ സഫിയയുടെ മാതാപിതാക്കള്‍ക്ക് നല്കണം. മൂന്നാംപ്രതി മൈമൂനയെ രണ്ട് കുറ്റകൃത്യങ്ങളിലായി മൂന്നുവര്‍ഷം വീതമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി. 5000 രൂപ വീതം പിഴ കെട്ടിവെക്കുകയും വേണം. പിഴ കെട്ടിയില്ലെങ്കില്‍ ആറുമാസം സാധാരണതടവ് അനുഭവിക്കണം. നാലാംപ്രതി അബ്ദുള്ളയും 5000 രൂപ പിഴ കെട്ടണം. ഇല്ലെങ്കില്‍ ആറുമാസം കഠിനതടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയെയും അഞ്ചാംപ്രതിയെയും കുറ്റംതെളിയാത്തതിനാല്‍ വെറുതെവിട്ടിരുന്നു.

കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി.സന്തോഷ്, ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു, ഡോ. അന്നമ്മ ജോണ്‍, ഡി.എന്‍.എ. പരിശോധന നടത്തിയ ഡോ. ലക്ഷ്മി ബാലസുബ്രഹ്മണ്യം, കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.ഷുക്കൂര്‍ എന്നിവരെ കോടതി അഭിനന്ദിച്ചു. നിഷ്‌കളങ്കയും നിരാലംബയുമായ ഒരു കുട്ടിയെ കരുതിക്കൂട്ടിയാണ് പ്രതി കൊന്നതെന്ന് വിധിന്യായത്തില്‍ പറയുന്നു. ഇത്ര മൃഗീയമായി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചില്ലെങ്കില്‍ ജ്യൂഡീഷ്യല്‍ സംവിധാനത്തെ ഒരു തമാശയായി മാത്രമേ സമൂഹം കാണൂ എന്നും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.

ഗോവയിലെ കരാറുകാരനായ ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതോടെയാണ് കേസിന്റെ തുടക്കം. 2008 ജൂലായ് ഒന്നിനാണ് കേസിലെ ഒന്നാംപ്രതി ഹംസയെ അറസ്റ്റുചെയ്തത്.

 

 




MathrubhumiMatrimonial