Crime News

അയര്‍ലന്‍ഡ് സ്വദേശി 20 തവണയായി കടത്തിയത് 125 കിലോ സ്വര്‍ണം

Posted on: 16 Jul 2015


നെടുമ്പാശ്ശേരി: 10 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു 20 തവണയായി മൊത്തം 125 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. 20 തവണയും ഇയാള്‍ കൊച്ചി വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്.

ദുബായില്‍ ബിസിനസ് നടത്തുന്ന ഒരു മലയാളിയാണ് ഇയാളുടെ പക്കല്‍ സ്വര്‍ണം കൊടുത്തുവിട്ടത്. ഇടപ്പള്ളി സ്വദേശിയായ ഇയാളുടെ നിര്‍ദേശപ്രകാരമാണ് എഡ്വിന്‍ ആന്‍ഡ്രു കൊച്ചിയിലെത്തി സ്വര്‍ണം കൈമാറിയിരുന്നത്. നെടുമ്പാശ്ശേരിയിലേയോ കൊച്ചിയിലേയോ ഏതെങ്കിലും ഹോട്ടലുകളില്‍ വെച്ചാണ് സ്വര്‍ണ കൈമാറ്റം നടന്നിരുന്നത്. ഇടപ്പള്ളി സ്വദേശിയുടെ ആളുകള്‍ ഹോട്ടലില്‍ എത്തി സ്വര്‍ണം ഏറ്റുവാങ്ങുകയാണ് പതിവ്. സോഫ്റ്റ് വെയര്‍ ബിസിനസ്സിന്റെ മറവില്‍ ബിസിനസ് വിസയിലാണ് ഇയാള്‍ കൊച്ചിയിലെത്തിയിരുന്നത്. ദുബായില്‍ ബിസിനസ് നടത്തുന്ന അക്ബറിനും ആന്‍ഡ്രുവുമായി ബന്ധമുണ്ട്്.

എഡ്വിന്‍ ആന്‍ഡ്രു ദുബായില്‍ നെക്‌സിജന്‍ എന്ന പേരില്‍ സോഫ്റ്റ്്് വെയര്‍ കമ്പനി നടത്തിയിരുന്നു. ഈ കമ്പനി നഷ്ടത്തിലായപ്പോള്‍ ആന്‍ഡ്രുവിനെ സാമ്പത്തികമായി സഹായിച്ചത് ദുബായില്‍ ബിസിനസ് നടത്തുന്ന മലയാളിയാണ്. സാമ്പത്തികമായി സഹായിച്ചതിന് പ്രത്യുപകാരമായി ഇയാളെ സ്വര്‍ണം കടത്താനായി ഉപയോഗപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘം തിരയുന്ന അക്ബര്‍ മുമ്പ്്് സ്വര്‍ണക്കടത്ത്് കേസില്‍ പിടിയിലായിട്ടുള്ളയാളാണ്.

തിങ്കളാഴ്ച രാത്രി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് എഡ്വിന്‍ ആന്‍ഡ്രു കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.

 

 




MathrubhumiMatrimonial