Crime News

പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: 11 Jul 2015


കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. മരങ്ങാട്ട്പള്ളി സ്വദേശി സിബിയാണ് മരിച്ചത്. ഇയാള്‍ക്ക് കസ്റ്റഡിയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് കുറ്റങ്ങളുണ്ടെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടാകും. സര്‍ക്കാരോ പോലീസോ സംഭവത്തെ ലാഘവത്തോടെ കാണില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സിബി ഒന്നര ആഴ്ച്ചയായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആഭ്യന്തര സെക്രട്ടറിയോടും കോട്ടയം എസ്.പിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിക്ക് തലക്കാണ് പരിക്ക്. യുവാവിനെ ആസ്പത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മദ്യപിച്ച് ബഹളമുണ്ടാക്കിയ കുറ്റത്തിനാണ് സിബിയെ പോലീസ് കഴിഞ്ഞ മാസം 29ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കും മുമ്പ് തന്നെ സിബിക്ക് മര്‍ദ്ദനമേറ്റിരുന്നതായാണ് പോലീസ് പറയുന്നത്. സിബിക്ക് പരിക്കേറ്റ സംഭവത്തില്‍ എസ്.ഐ ജോര്‍ജ്ജ്കുട്ടിയെ ആദ്യം സ്ഥലം മാറ്റുകയും ഇന്നലെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് മരങ്ങാട്ട്പള്ളി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ഡി.വൈ.എഫ്.ഐയും ബിജെപിയും തീരുമാനിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സി.പി.എം കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

 

 




MathrubhumiMatrimonial