Crime News

സ്വര്‍ണക്കടത്ത്: എയര്‍ഹോസ്റ്റസുമാരും നിരീക്ഷണത്തില്‍

Posted on: 11 Jul 2015

പി.പി. ഷൈജു



നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്്് കേസില്‍ എയര്‍ഹോസ്റ്റസുമാര്‍ അടക്കമുള്ള വിമാനജീവനക്കാര്‍ നിരീക്ഷണത്തില്‍.

വിമാനജീവനക്കാരെപറ്റി പ്രാഥമിക അന്വേഷണം നടത്തിയതായി പ്രത്യേക സംഘം പറഞ്ഞു. ഇതില്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക്്് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. എങ്കിലും പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രത്യേക സംഘം അറിയിച്ചു. സ്വര്‍ണക്കടത്ത്് കേസില്‍ വിമാനത്താവളത്തില്‍ ജോലി നോക്കിയിരുന്ന മൂന്ന് വിമാനക്കമ്പനി ജീവനക്കാര്‍ അറസ്റ്റിലായിട്ടുണ്ട്്്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിലാണ് പതിവായി സ്വര്‍ണം കടത്തുന്നത്. ചെലവ് ചുരുക്കാന്‍ വേണ്ടി ഈ വിമാനക്കമ്പനി എയ്‌റോബ്രിഡ്ജ് ഉപയോഗിച്ചിരുന്നില്ല. പകരം വിമാനമിറങ്ങുന്ന യാത്രക്കാരെ ബസ്സിലാണ് ടെര്‍മിനലില്‍ എത്തിച്ചിരുന്നത്. ഓരോ തവണയും വിമാനക്കമ്പനി എയ്‌റോബ്രിഡ്ജ് ഉപയോഗിക്കാതെ 3,000 രൂപ ലാഭിച്ചപ്പോള്‍ കള്ളക്കടത്ത്് സംഘം അവസരം മുതലാക്കി കോടികളുടെ സ്വര്‍ണം കടത്തുകയും ചെയ്തു. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചും വിമാനത്തിലെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ചും വരെ സ്വര്‍ണം കടത്തിയിട്ടുണ്ട്്്. വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ വരെ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമം നടന്നു. ഇതെല്ലാം കണക്കിലെടുത്താണ് വിമാനജീവനക്കാരെയും നിരീക്ഷിക്കുന്നത്.

കള്ളക്കടത്ത്്‌സംഘം പതിവായി സ്വര്‍ണം കടത്തിയിരുന്ന വിമാനം ഗള്‍ഫില്‍ നിന്ന് കൊച്ചിയില്‍ എത്തിയ ശേഷം തുടര്‍ന്ന്്് ചില ആഭ്യന്തര കേന്ദ്രങ്ങളിലേക്കാണ് പറക്കുന്നത്. ഈ സൗകര്യവും സംഘം ഉപയോഗപ്പെടുത്തി. ഗള്‍ഫില്‍ നിന്ന് കൊച്ചിക്ക് വിമാനം കയറുന്ന യാത്രക്കാരന്‍ കൈവശമുള്ള സ്വര്‍ണം സീറ്റിനടിയില്‍ ഒളിപ്പിക്കും. ഇയാള്‍ കൊച്ചിയില്‍ ഇറങ്ങും. കൊച്ചിയില്‍ നിന്ന് സംഘത്തിന്റെ മറ്റൊരു പ്രതിനിധി ഈ വിമാനത്തില്‍ കയറും. അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ സീറ്റിനടിയിലെ സ്വര്‍ണവും എടുത്ത്്് കൂളായി പുത്തിറങ്ങുകയും ചെയ്യും. കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാനാണ് ഇത്തരം ഓപ്പറേഷനുകള്‍. ആഭ്യന്തര യാത്രക്കാര്‍ക്ക്്് കസ്റ്റംസ് പരിശോധനയില്ല.
കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച്്് നടക്കുന്ന സ്വര്‍ണക്കടത്ത്് കേസില്‍ ഇതുവരെ അറസ്റ്റിലായ 32 പേരില്‍ 20 പേരും വിമാനത്താവളത്തില്‍ ജോലി നോക്കിയിരുന്നവരാണ്. വിമാനമിറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കുന്ന ബസ്സില്‍ സ്വര്‍ണം ഒളിപ്പിച്ച്്് കടത്തിയിരുന്നത് മൂവാറ്റുപുഴ സ്വദേശി നൗഷാദിനും സംഘത്തിനും വേണ്ടിയായിരുന്നു. സ്വര്‍ണം കടത്തുന്നതിന് കൂടുതലായും ഈ വിമാനം തന്നെ ഉപയോഗപ്പെടുത്താനുള്ള മറ്റു കാരണങ്ങളും അന്വേഷിക്കുന്നുണ്ട്.

 

 




MathrubhumiMatrimonial