
വൃദ്ധമാതാവിനെ ആസ്പത്രിയില്‍ ഉപേക്ഷിച്ചതിന് മകള്‍ക്കെതിരെ കേസ്
Posted on: 08 Jul 2015

കാഞ്ഞങ്ങാട്: ഇരുമിഴികളും മുഴുവനങ്ങ് തുറക്കാന്‍ പറ്റുന്നില്ല ഈ അമ്മയ്ക്ക്. പാതി താഴ്ന്ന കണ്‍പോളകള്‍ക്കിടയിലൂടെ കണ്ണീര്‍ ഒഴുകുന്നു. നന്നേ ക്ഷീണിതയാണവര്‍. ആസ്പത്രിയിലെത്തിച്ച് മകളും ബന്ധുവും കടന്നുകളഞ്ഞെന്ന് ഡോക്ടര്‍മാരും പോലീസും പറഞ്ഞപ്പോള്‍, പ്രായം 68 പിന്നിട്ട ഈ അമ്മ പൊട്ടിക്കരഞ്ഞുപോയി. ഇടയ്‌ക്കെപ്പോഴോ കണ്ണുതുടച്ച് വിറയാര്‍ന്ന ശബ്ദത്തില്‍, വാക്കുകള്‍ മുറിച്ചുമുറിച്ച് പറഞ്ഞു, 'അവള്‍ വരും'. അവള്‍ എന്റെ മകളല്ലേ. ഉദുമ പാക്യാരയിലെ പരേതനായ മസ്താന്റെ ഭാര്യ ഫാത്തിമയെയാണ് കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ച് മകള്‍ ഫൗസിയ മുങ്ങിയത്. ഫൗസിയയ്‌ക്കൊപ്പം ഭര്‍ത്തൃ സഹോദരന്‍ അയൂബും ഒരു ഹോം നഴ്‌സും ഉണ്ടായിരുന്നതായി ആസ്പത്രി അധികൃതര്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ ആസ്പത്രി അധികൃതര്‍ പോലീസില്‍ പരാതി നല്കി. ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തി മകള്‍ ഫൗസിയയ്ക്കും അയൂബിനുമെതിരെ കേസെടുത്തിട്ടുണ്ട്.
കിഡ്‌നി സംബന്ധമായ അസുഖമുണ്ട് ഫാത്തിമയ്ക്ക്. രക്തസമ്മര്‍ദമുണ്ട്. ദേഹമാകെ നീരുവന്ന് വീര്‍ത്തിട്ടുമുണ്ട്. ഇക്കഴിഞ്ഞ 29-നാണ് ഫാത്തിമയെ ആസ്പത്രിയിലാക്കിയത്. ഹോം നഴ്‌സിനെ ഏല്പിച്ച് ഫൗസിയയും അയൂബും അപ്പോള്‍ത്തന്നെ പോയി. പിന്നീട് ഇവര്‍ വന്നില്ല. ആസ്പത്രിയില്‍ നല്കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടിയത് ഫാത്തിമയുെട സഹോദരിയുടെ വീട്ടുകാരെ. ഇതേ നമ്പറാണ് ഹോം നഴ്‌സ് സ്ഥാപനത്തിലും നല്കിയിരുന്നത്. ബന്ധുക്കളാരും വരാത്തതിനാല്‍ ഹോം നഴ്‌സ് സ്ഥലം വിട്ടു. ആസ്പത്രിയില്‍ തനിച്ചായ ഫാത്തിമയെ ഇവിടത്തെ നഴ്‌സുമാര്‍ പരിചരിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാക്യാരയിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. തിരിച്ചെത്തിയ പോലീസ് ഫാത്തിമയെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. തുടര്‍ചികിത്സയ്ക്ക് മംഗളൂരുവിലേക്ക് പോകണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതൊന്നും കേള്‍ക്കാനോ കേട്ടാല്‍ തന്നെ അത് മനസ്സിലാക്കോനോ ഈ അമ്മയ്ക്ക് കഴിയുന്നില്ല.
