Crime News

സ്വര്‍ണക്കടത്ത്: രഹസ്യാന്വേഷണത്തിലും പാളിച്ച

Posted on: 08 Jul 2015


നെടുമ്പാശ്ശേരി: സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട, തന്ത്രപ്രധാന കേന്ദ്രമായ വിമാനത്താവളം വഴി വന്‍ തോതില്‍ കള്ളക്കടത്ത് സ്വര്‍ണം ഒഴുകിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച മൂലം. കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍, കസ്റ്റംസ്, റോ, സ്‌പെഷല്‍ ബ്രാഞ്ച്, സിഐഎസ്എഫ് എന്നീ ഏജന്‍സികള്‍ക്കെല്ലാം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉണ്ട്. ഇത്രയും ഏജന്‍സികള്‍ ഉണ്ടായിട്ടും വിമാനത്താവളം കേന്ദ്രീകരിച്ച്് ടണ്‍ കണക്കിന് സ്വര്‍ണക്കടത്ത് നടന്നത് രഹസ്യാന്വേഷണം കാര്യക്ഷമമല്ല എന്ന സൂചനയാണ് നല്‍കുന്നത്. വേലി തന്നെ വിളവ് തിന്നിട്ടും രഹസ്യാന്വേഷണ വിഭാഗം ഇതൊന്നും അറിഞ്ഞില്ല. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ പിടിയിലായ 32 പേരില്‍ 20 പേര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നവരാണ്.

നിയമം നടപ്പാക്കേണ്ട എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അടക്കം സ്വര്‍ണം കടത്തിയിട്ടും ഒരു ഏജന്‍സിക്കും കണ്ടുപിടിക്കാനായില്ല. സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ക്കിടയിലുണ്ടായ ചേരിതിരിവാണ് കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് വിവരം ചോരാന്‍ കാരണമായത്. സാധാരണ കുടുംബത്തിലെ അംഗമായ എമിഗ്രേഷന്‍ മുന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കോടികള്‍ സമ്പാദിച്ചിട്ടും രഹസ്യാന്വേഷണ വിഭാഗം അതൊന്നും ഗൗരവമായി കണ്ടില്ല.

ഒന്നര വര്‍ഷത്തിനുള്ളിലാണ് 75 ലക്ഷത്തിന്റെ വീടും കോടികള്‍ വില വരുന്ന വ്യാപാര സമുച്ചയവും രണ്ട് ആഡംബര കാറുമെല്ലാം ജാബിനും കുടുംബവും സ്വന്തമാക്കിയത്. സ്വര്‍ണത്തില്‍ മഞ്ഞളിച്ച് ആഡംബര ജീവിതം നയിച്ച ജാബിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാതെ പോയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ച തന്നെയാണ്. ജാബിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കു പിന്നിലെ രഹസ്യം ഇയാളുടെ ഭാര്യവീട്ടുകാര്‍ തന്നെ വിവിധ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഒടുവില്‍ ഇന്റലിജന്‍സ് ബ്യൂറോ ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തില്‍ നിന്ന് സ്ഥലം മാറ്റി ആ പ്രശ്‌നം ഭംഗിയായി ഒതുക്കിത്തീര്‍ത്തു. തുടര്‍ അന്വേഷണമൊന്നും കാര്യമായി ഉണ്ടായതുമില്ല.

 

 




MathrubhumiMatrimonial