
കുട്ടിക്കടത്ത് കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണം: ഹൈക്കോടതി
Posted on: 07 Jul 2015

കൊച്ചി: കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ നിയമം പാലിക്കാതെ കൊണ്ടുവന്ന കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്ന അനാഥാലയങ്ങള്‍ക്കും മറ്റ് ആശ്രയ കേന്ദ്രങ്ങള്‍ക്കും 2000-ലെ ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2014 മെയ് 24, 25 തീയതികളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന 578 കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയിരുന്നു. മതിയായ രേഖകളില്ലാതെ കുട്ടികളെ കൂട്ടത്തോടെ കൊണ്ടുവന്ന സംഭവത്തില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പോലീസ് കുട്ടിക്കടത്തിന് രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. ആ കേസുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370-ാം വകുപ്പ് പ്രകാരം കുട്ടിക്കടത്തിന്റെ േപരിലെ മറ്റു കേസുകളും സി.ബി.ഐ. അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ആ കുട്ടികളുടെ കാര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് നിയമാനുസൃതം നടപടിയെടുക്കാം.
അനാഥാലയങ്ങളും മറ്റ് ശിശുഭവനങ്ങളും ബാലനീതി നിയമവ്യവസ്ഥ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ അതത് ജില്ലകളിലെ ശിശുക്ഷേമ സമിതികള്‍ പരിശോധന നടത്തണം. പരിശോധനയ്ക്ക് ജില്ലാ കളക്ടര്‍മാര്‍ ആവശ്യമായ സഹായം നല്‍കണം. കുട്ടികളെ പരിപാലിക്കുന്നതില്‍ അപാകം കണ്ടെത്തിയാല്‍ അക്കാര്യത്തില്‍ ഉചിതമായ നടപടി ശിശുക്ഷേമ സമിതിക്ക് എടുക്കാവുന്നതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരാന്‍ അനാഥാലയ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയും അതത് സംസ്ഥാനത്തിന്റെ ശുപാര്‍ശയും ആവശ്യമാണ്. അനാഥാലയ നിയന്ത്രണ നിയമത്തിലെ ഭേദഗതിയിലൂടെ കൊണ്ടുവന്ന ഈ വ്യവസ്ഥ കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ പാലിക്കണം.
പാലക്കാട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏജന്‍റുമാരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കേരളത്തിനു പുറത്തുള്ളവര്‍ കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണ്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സി.ബി.ഐ.ക്ക് നല്‍കണം. പാലക്കാട് പോലീസ് എടുത്ത കേസ് നിലവില്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
കുട്ടികളുടെ അവകാശ ലംഘനം തടയണമെന്നാവശ്യപ്പെട്ട് 'തമ്പ്' എന്ന സംഘടനയ്ക്കു വേണ്ടി രാജേന്ദ്ര പ്രസാദ്, കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കു വേണ്ടി ഗോപിക ഗോവിന്ദന്‍ എന്നിവരുടേതുള്‍പ്പെടെയുള്ള ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച അഡ്വ. ദേവന്‍ രാമചന്ദ്രന്റെ സേവനത്തെ കോടതി അഭിനന്ദിച്ചു. ഹര്‍ജിക്കാരായ തമ്പിനു വേണ്ടി അഡ്വ. സന്ധ്യ രാജുവും ശിശുക്ഷേമ സമിതിക്കു വേണ്ടി അഡ്വ. സുഭാഷ് ചന്ദും ഹാജരായി. 2014 മെയ് 25, 26 തീയതികളിലാണ് പാലക്കാട്ട് അന്യസംസ്ഥാനത്തു നിന്നുള്ള 578 കുട്ടികളെ രേഖകളില്ലാതെ കണ്ടെത്തിയത്. 2015 മെയ് 20-ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ 29 പേരെ കണ്ടെത്തി ശിശുക്ഷേമ സമിതിക്ക് കൈമാറി. ജൂണില്‍ അരുണാചല്‍ പ്രദേശില്‍ നിന്നെത്തിയ 16 പേരെയാണ് കണ്ടെത്തിയത്.
