goodnews head

ശ്രുതിക്ക് ഡോക്ടറാകാന്‍ പണം തടസ്സമാകില്ല; ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന പഠനച്ചെലവ് ഏറ്റെടുത്തു

Posted on: 03 Jul 2015


കാസര്‍കോട്: ജീവിതത്തിനുമേല്‍ ജന്മത്തിനുമുമ്പേ കരിനിഴല്‍വീഴ്ത്തിയ എന്‍ഡോസള്‍ഫാനെ തോല്പിച്ച് ബി.എച്ച്.എം.എസ്സിന് പ്രവേശനംനേടിയ ശ്രുതിയുടെ പഠനച്ചെലവ് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഏറ്റെടുത്തു. ശ്രുതി ഹോമിയോപ്പതി പഠിക്കാന്‍ പോകുന്നു എന്നറിഞ്ഞതില്‍ ആവേശത്തിലായിരുന്നു ഹോമിയോഡോക്ടര്‍മാര്‍.

വ്യക്തിപരമായ സഹായങ്ങളുമായി ഒട്ടേറെപ്പേരും ശ്രുതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്സ്, കേരള എന്നീ സംഘടനകളാണ് പഠനച്ചെലവ് ഏറ്റെടുത്തത്. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്സ് ജില്ലാ പ്രസിഡന്റ് ഡോ. പി.ശശീന്ദ്രന്‍നായര്‍, ജില്ലാ സെക്രട്ടറി ഡോ. വിവേക് സുധാകരന്‍, ഡോ. നിതാന്ത്ബല്‍ശ്യാം, ഡോ. എം.എസ്.ഹാരിസണ്‍, ഡോ. സി.കെ.ശ്രീനിവാസ് എന്നിവര്‍ ശ്രുതിയുടെ മുള്ളേരിയ കുണ്ടാറിലെ വീട്ടിലെത്തി പഠനച്ചെലവ് ഏറ്റെടുക്കുന്ന കാര്യം അറിയച്ചു. ആദ്യഫീസ് ഗഡുവായ പതിനായിരം രൂപയും നല്കി. ശ്രുതിക്ക് കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ സീറ്റ് നല്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍കോട് ചാപ്റ്റര്‍ ഭാരവാഹിയായ ഡോ. ഇട്ടി രവി മാതൃഭൂമി കാസര്‍കോട് ബ്യൂറോവിലെത്തിയാണ് സഹായവാഗ്ദാനം അറിയിച്ചത്.

ശ്രുതിയുടെ വിജയഗാഥ മാതൃഭൂമിയില്‍ വായിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിവിധ ബ്യൂറോകളില്‍ വിളിച്ച് ശ്രുതിക്ക് സഹായം നല്കാനുള്ള താത്പര്യം അറിയിച്ചു. ബെംഗളൂരു ഹോമിയോ മെഡിക്കല്‍ കോളേജിലാണ് ശ്രുതി പ്രവേശനം നേടിയത്.

എല്‍.ഐ.സി. ഏജന്റ്‌സ് വെല്‍ഫേര്‍ഫണ്ടില്‍നിന്നുള്ള അയ്യായിരം രൂപയുടെ ചെക്ക് ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ ശ്രുതിയുടെ വീട്ടിലെത്തി നല്കി. നീലേശ്വരത്തെ പാതിക്കാല്‍ മെഡിക്കല്‍സ് ഉടമ ജോസ് ശ്രുതിയെ വിളിച്ച് ഫീസടയ്ക്കാനുള്ള പണം നല്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

നെല്ലിക്കുന്ന് എ.യു.പി. സ്‌കൂള്‍ അധ്യാപിക മുത്തു ടീച്ചര്‍ പതിനായിരം രൂപ നല്കുമെന്നറിയിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് സുവര്‍ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫേര്‍ കമ്മിറ്റി പതിനായിരം രൂപ നല്കുമെന്ന് ഭാരവാഹിയായ ഡോ. ആര്‍.അഭിലാഷ് അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദൂരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ ബാങ്ക് അക്കൗണ്ട് ശ്രുതുയടെ പേരിലുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റ തിരുവനന്തപുരം ശാഖയിലണിത്. നമ്പര്‍: 086601000040342. ശ്രുതിയുടെ ഫോണ്‍നമ്പര്‍: 7034903091.

 

 




MathrubhumiMatrimonial