Crime News

ഷാഹുല്‍ ഹമീദ് വധം: ഒരു പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

Posted on: 03 Jul 2015


ഉദുമ: പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഷാഹുല്‍ ഹമീദിനെ അടിച്ചുകൊന്ന കേസിലെ പ്രതി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വകുപ്പിന്റെ പിടിയിലായി. പാക്യാരയിലെ ഷാഹിദാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഷാഹിദ് ഗള്‍ഫിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുടുങ്ങിയത്. പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ യുവാവിനെ തടഞ്ഞുവെക്കുകയായിരുന്നു.

ഒളിവിലുള്ള പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ബേക്കല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വിവരം രാജ്യത്തെ എല്ലാ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാഹിദിനെ ബേക്കലിലേക്ക് കൊണ്ടുവരാന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. പി.നാരായണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു.

ഷാഹുല്‍ ഹമീദ് വധക്കേസില്‍ നേരത്തേ നാലുപേര്‍ പോലീസിന്റെ പിടിയിലായിരുന്നു. കേസില്‍ എട്ട് പ്രതികളാണുള്ളത്. ഒളിവില്‍ കഴിയുന്ന നാല് പ്രതികളെ പിടികൂടാന്‍ ബേക്കല്‍ പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കഴിഞ്ഞ മെയ് 11ന് തിങ്കളാഴ്ച രാത്രിയാണ് ഷാഹുല്‍ ഹമീദിനെ എട്ടുപേരടങ്ങിയ സംഘം അടിച്ചുകൊന്നത്. ബന്ധു മരിച്ചതറിഞ്ഞ് ഉദുമ പടിഞ്ഞാറുള്ള ആ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂള്‍ പരിസരത്ത് റോഡില്‍ തടഞ്ഞുനിര്‍ത്തി എട്ടംഗം സംഘം അടിച്ചുകൊല്ലുകയായിരുന്നു. ബാദുഷയ്ക്കും മര്‍ദനം ഏറ്റിരുന്നു. ഗള്‍ഫില്‍ ആയിരുന്ന ഷാഹുല്‍ ചികിത്സയ്ക്കുവേണ്ടിയായിരുന്നു നാട്ടില്‍ വന്നത്.

 

 




MathrubhumiMatrimonial