Crime News

മാറാട് കൂട്ടക്കൊല കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

Posted on: 30 Jun 2015


കോഴിക്കോട്: 2003ലെ മാറാട് കൂട്ടക്കൊല കേസുകളുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പി.ഡി. രവി രാജിവെച്ചു. ഈ കേസിന്റെ ആദ്യവിചാരണ കാലയളവില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെയും വിചാരണ പ്രത്യേക കോടതിയിലും ജുവനൈല്‍ ബോര്‍ഡ് മുമ്പാകെയും പുരോഗമിച്ചു വരുന്നതിനിടെയാണ് രാജി. ഇതോടെ തത്കാലത്തേക്കെങ്കിലും ഈ രണ്ട് കേസുകളുടെയും വിചാരണ തടസ്സപ്പെടും. ചൊവ്വാഴ്ച്ചയാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് രാജി സമര്‍പ്പിച്ചത്.


വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവെയ്ക്കുന്നതെന്ന് അഡ്വ.പി.ഡി. രവി വ്യക്തമാക്കി. മാറാട് കൂട്ടകൊലയ്ക്കിടെ മരിച്ച സന്തോഷിന്റെ അമ്മ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിചാരണ കോടതിയായ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ മുമ്പാകെ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ രവിയ്ക്ക് ഒപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ.പി.കെ.ഹരിദാസിനെ വീണ്ടും നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, തീരുമാനം സര്‍ക്കാറാണ് കൈകൊള്ളേണ്ടതെന്ന് വ്യക്തമാക്കി കോടതി ഈ ഹര്‍ജി തള്ളിയിരുന്നു.

2002ലെ മാറാട് കലാപ കേസിന്റെയും 2003ലെ മാറാട് കൂട്ടകൊല കേസിന്റെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി 2005 ജൂലായിലാണ് അഡ്വ.രവിയെ ആഭ്യന്തര വകുപ്പ് നിയമിച്ചത്. ഇദ്ദേഹത്തോടൊപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ സീനിയര്‍ അഭിഭാഷകനായ പി.കെ.ഹരിദാസ് ആരോഗ്യപരമായ കാരണങ്ങളാല്‍ 2003 കൂട്ടകൊല കേസിന്റെ വിചാരണ വേളയില്‍ പൂര്‍ണ്ണമായി കോടതിയില്‍ ഹാജരാകാതിരുന്നപ്പോള്‍ രവിയാണ് പ്രോസിക്യൂഷന്‍ വിസ്താരവും വാദങ്ങളും പൂര്‍ത്തിയാക്കിയത്.

 

 




MathrubhumiMatrimonial