Crime News

പെരുമഴയത്ത് അമ്മയെ ചായ്‌പില്‍ തള്ളി; മക്കള്‍ക്ക് പോലീസിന്റെ താക്കീത്‌

Posted on: 30 Jun 2015




വൈറ്റില: എ.സി.യുടെ സുഖശീതളിമയും സുരക്ഷയുമുള്ള വീട്ടില്‍ മക്കള്‍ സുഖമായി ഉറങ്ങുമ്പോള്‍ പെറ്റുവളര്‍ത്തിയ അമ്മ പുറത്ത് പെരുമഴയത്ത് തൊഴുത്തിന് സമാനമായ ചായ്പില്‍. മരട് കുണ്ടന്നൂരിലാണ് പെരുമഴയത്ത് വെള്ളംകയറുന്ന ചായ്പില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ചുള്ള മക്കളുടെ ക്രൂരത. പണ്ടാരക്കാട്ടില്‍ ചക്കമ്മ എന്ന തൊണ്ണൂറുകാരിക്കാണ് നൊന്തുപെറ്റ മക്കളില്‍ നിന്ന് ഈ ദുര്‍ഗതി നേരിടേണ്ടി വന്നിരിക്കുന്നത്. ദിവസങ്ങളായി ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് മലമൂത്ര വിസര്‍ജ്യങ്ങളിലും മഴവെള്ളത്തിലുമായി നനഞ്ഞ് അവശ നിലയിലായി കിടന്നിരുന്ന ചക്കമ്മയെ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് എത്തി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മക്കള്‍ അമ്മയോട് ചെയ്തുവന്ന ക്രൂരത നാടറിഞ്ഞത്. 42 വര്‍ഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചക്കമ്മയുടെ ഭര്‍ത്താവ് കൊച്ചാട്ടോ മരിച്ചതാണ്. ശേഷം സമീപത്തെ ദേവീക്ഷേത്രത്തില്‍ അടിച്ചുതളി നടത്തിയാണ് ചക്കമ്മ മക്കളെ വളര്‍ത്തിയത്. ഒരു മകളും മൂന്ന് ആണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. ഇതില്‍ രണ്ടുപേര്‍ മത്സ്യത്തൊഴിലാളികളും ഒരാള്‍ കൂലിപ്പണിക്കാരനുമാണ്. കുടുംബഭൂമി വീതം െവച്ച് നല്‍കിയ സ്ഥലത്ത് തന്നെയാണ് അടുത്തടുത്ത് വീടുെവച്ച് ആണ്‍മക്കളുടെ താമസം. ഇതിനു സമീപത്തായുള്ള ചെറിയ ചായ്പിലാണ് വാര്‍ധക്യത്തിന്റെ അവശതകളുമായി കഴിഞ്ഞിരുന്ന അമ്മയെ ഇവര്‍ ഉപേക്ഷിച്ചത്.

മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ജീവന്‍മാത്രം ബാക്കിയുള്ള നിലയിലായിരുന്നു പോലീസെത്തുമ്പോള്‍ ചക്കമ്മ നനഞ്ഞുകിടന്നിരുന്നത്.
അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് അഡീഷണല്‍ എസ്.ഐ. ശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് അമ്മയെ ചായ്പില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് മക്കളെത്തന്നെ വിളിച്ച് അവരെ കുളിപ്പിച്ച് വൃത്തിയാക്കിച്ചു. പോലീസ് വാഹനത്തില്‍ ആശുപത്രിയിലാക്കി. തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി നന്നായി നോക്കിക്കൊള്ളാമെന്ന് വീട്ടുകാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ മക്കളെ താക്കീത് നല്‍കി വിട്ടയച്ചു.

 

 




MathrubhumiMatrimonial