Crime News

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു; മുന്നില്‍ മലപ്പുറം

Posted on: 30 Jun 2015

കെ.പി. ഷൗക്കത്തലി



കോട്ടയ്ക്കല്‍: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ കൂടുന്നു. ജനവരിമുതല്‍ ഏപ്രില്‍വരെ നാലുമാസംകൊണ്ട് 449 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍. ജില്ലയില്‍ 70 കേസുകളാണുള്ളത്. കോഴിക്കോട് (45), എറണാകുളം (40), പാലക്കാട് (39), ഇടുക്കി (39) ജില്ലകളാണ് തൊട്ടുപിറകില്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒന്‍പതു വീതം കേസുകളേ ഉള്ളൂ. ഈ രണ്ടുജില്ലകളിലാണ് ഏറ്റവും കുറവും.

ഒരോവര്‍ഷവും കേസുകളുടെ എണ്ണം കൂടിവരികയാണ്. 2013ല്‍ 1002 കേസുകളായിരുന്നു രജിസ്റ്റര്‍ചെയ്തത്. 2014ല്‍ ഇത് 1380 ആയി ഉയര്‍ന്നു. കുട്ടികള്‍ക്കു നേരെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കു പുറമെയാണ് ലൈംഗികാതിക്രമങ്ങളും കൂടുന്നത്. കുട്ടികളുമായി അടുപ്പമുള്ളവരില്‍നിന്നാണ് കൂടുതലും പീഡനമേറ്റുവാങ്ങേണ്ടി വരുന്നത്. സ്വന്തം അച്ഛന്റെ കുഞ്ഞിനെ മകള്‍പ്രസവിച്ച മൂന്നു കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളാണ് ഇത്തരം സംഭവങ്ങളിലെ ഇരകള്‍. മൂന്നുവയസ്സായ മകളെ പീഡിപ്പിച്ചതിന് നിലമ്പൂരില്‍ അറസ്റ്റിലായ പിതാവ് ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത തുടര്‍ന്ന സംഭവംവരെ ഉണ്ടായിട്ടുണ്ട്.

ആണ്‍കുട്ടികളെ ലഹരിക്കടിമകളാക്കി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കു വിധേയരാക്കുന്ന ഒരുസംഘം തന്നെ മലപ്പുറത്തുണ്ടെന്നാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ആദ്യം ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. പിന്നീട് അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. മറ്റുകുട്ടികളെ വലയില്‍പ്പെടുത്താനും സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നുണ്ട്.

മലപ്പുറം ടൗണ്‍, വേങ്ങര, അരീക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘം പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ഇവരുടെ വലയില്‍പ്പെട്ട ഒരുകുട്ടിയെ ചൈല്‍ഡ്‌ലൈന്‍ മോചിപ്പിച്ചിരുന്നു. ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കിടയാവുന്ന കേസുകളില്‍ 90 ശതമാനവും ഇത്തരത്തിലുള്ളതാണെന്നാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നത്. ഇതിനുപുറമെ മതപഠനാധ്യാപകര്‍വരെ ചൂഷണംചെയ്യുന്ന സംഭവങ്ങളുമുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് നാലുകേസുകളാണ് ചൈല്‍ഡ് ലൈന്‍ മുമ്പാകെ എത്തിയത്. അതില്‍ അറസ്റ്റിലായ ഒരാള്‍ മതപഠനാധ്യാപകനായിരുന്നു.

സ്‌കൂള്‍തലങ്ങളില്‍തന്നെ ബോധവത്കരണം നല്‍കുന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ പുറത്തുപറയാന്‍ കുട്ടികള്‍ ധൈര്യംകാണിക്കുന്നുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. അതുകൊണ്ടാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ 747 കേസുകള്‍

കോട്ടയ്ക്കല്‍:
കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത സംഭവത്തില്‍ 747 കേസുകളാണ് മലപ്പുറംജില്ലയില്‍ കോടതിയുടെ പരിഗണനയിലുള്ളത്. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കിയതിനു ശേഷമുള്ള രണ്ടരവര്‍ഷത്തെ കണക്കാണിത്. ജില്ലാകോടതിയിലായിരുന്നു ഇത്തരംകേസുകളുടെ വിചാരണ നടന്നിരുന്നത്. എന്നാല്‍ ജൂലായ് ഒന്നുമുതല്‍ ഇത് മഞ്ചേരി ഒന്നാംഅഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും.

 

 




MathrubhumiMatrimonial