TravelBlogue

Calypso capers : ക്രിക്കറ്റും കുറുമ്പികളും

Posted on: 17 Sep 2009

Text&photos: J K Mahendraക്രിക്കറ്റ് കളിക്കുന്ന മിക്ക രാജ്യങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്്, കളിച്ചിട്ടുമുണ്ട്്. പക്ഷെ വെസ്റ്റിന്‍ഡീസ് ദ്വീപുകള്‍ മാത്രം പിടിതരാതെ പലപ്പോഴും ഒഴിഞ്ഞു നിന്നു. രണ്ടു തവണ ഞാന്‍ പോകാനൊരുങ്ങിയിരുന്നതാണ്, പ്രത്യേകിച്ച് 2007ലെ ലോകകപ്പിന്റെ സമയത്ത്. ഞാനന്ന് അമേരിക്കയിലുണ്ടായിരുന്നു. ലോകകപ്പിന്റെ സെമി കാണാനായി, ടിക്കറ്റുകളൊക്കെ മുന്‍കൂട്ടി ബുക്കു ചെയ്തു. എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇന്ത്യ നേരത്തേ പുറത്തായതോടെ പദ്ധതികളൊക്കെ തകിടം മറിഞ്ഞു. ഒടുവില്‍ സമയം ഒത്തു വന്നു. ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കാണാനായി സെന്റ് ലൂസിയയിലേക്ക് പോകാന്‍ ഞാന്‍ ഉറച്ചു. നൊബേല്‍ ജേതാക്കളായ ഡെറക് വാല്‍ക്കോട്ടിന്റെയും, ആര്‍തര്‍ ലൂയിസിന്റെയും നാടാണ് സെന്റ് ലൂസിയ.


അമേരിക്കയിലെ മിയാമിയില്‍ നിന്നാണു ഞാന്‍ സെന്റ് ലൂസിയയിലേക്ക് പറന്നത്,. അറ്റ്‌ലാന്റിക്കിനു മുകളിലൂടെ മൂന്നു മണിക്കൂര്‍. കടലിന്റെ കടുത്ത നീല നിറത്തില്‍ ചിതറിക്കിടക്കുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ മുകളിലൂടെയുള്ള യാത്ര മനോഹരമായ ഒരനുഭവമാണ്. സെന്റ് ലൂസിയയിലേത് ചെറിയ വിമാനത്താവളമാണ്. ബ്രിട്ടിഷ് വിസയുണ്ടെങ്കില്‍ ഓണ്‍ അറൈവല്‍ വിസ കിട്ടും. (പഴയ ബ്രിട്ടിഷ് കോളനിയാണ സെന്റ് ലൂസിയ). ട്വന്റി-20 ലോകകപ്പിന് ഇംഗ്ലണ്ടില്‍ വെച്ചു സുഹൃത്തായ വെസ്റ്റിന്‍ഡീസ് ടീം മാനേജര്‍ എനിക്കായി ഹോട്ടല്‍ ബുക്കു ചെയ്തിരുന്നു. ബേ ഗാഡന്‍ ബീച്ച് റിസോര്‍ട്ട് ഹോട്ടല്‍.

വിമാനത്തില്‍ നിന്ന് ഒരു ലോക്കല്‍ ടാക്‌സി പിടിച്ചു. ഹോട്ടലിലേക്ക് 70 കിലേമീറ്ററുണ്ട്. ഒന്നര മണിക്കൂര്‍ ദൂരം. അറ്റ്‌ലാന്റിക് തീരങ്ങളെ ഉരുമ്മുന്ന മലനിരകള്‍ക്കിടയിലൂടെയുള്ള ഡ്രൈവ്. റോഡിനിരുവശത്തും തെങ്ങുകളും മാവുകളും നേന്ത്രവാഴത്തോട്ടങ്ങളും, കരിമ്പു പാടങ്ങളും കശുമാവിന്‍ തോട്ടങ്ങളും പപ്പായച്ചെടികളും. കേരളത്തേയും, ശ്രീലങ്കയേയും ഓര്‍മ്മിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍. ഡ്രൈവര്‍ സഹൃദയനായിരുന്നു. ദ്വീപിന്റെ പ്രത്യേകതകളെ കുറിച്ച് അയാള്‍ വിവരിച്ചു തന്നു.

ഞാന്‍ താമസിക്കുന്ന അതേ ഹോട്ടലിലായിരുന്നു കരീബിയന്‍ ടീമും താമസിച്ചിരുന്നത്. അവരുമായി ഇടപഴകാനും ബീച്ചില്‍ ഒത്തു ചേരാനും കഴിഞ്ഞത് രസകരമായ അനുഭവവായിരുന്നു. ഹോട്ടലിനു തൊട്ടു പിറകില്‍ ബീച്ചാണ്. ബീച്ചിനോട് അരികു ചേര്‍ന്ന് നിറയെ ഹോട്ടലുകളണ്. തൊട്ടടുത്തുള്ള റോയല്‍ ഹോട്ടലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിച്ചത്.

ദിവസവും രാവിലെ കടലോരത്തെ പഞ്ചാരമണലില്‍ നടക്കുകയായിരുന്നു എന്റെ പ്രധാന വിനോദം. പഞ്ചസാര മണല്‍ത്തരികളും, തിരകളില്ലാത്ത നീലക്കടലും. കടലിനുള്ളിലേക്ക് 100 വാര വരെ സുഖമായി ഇറങ്ങിച്ചെല്ലാം. വിന്‍ഡീസ് ടീമിനൊപ്പം ഒരുപാടു സമയം കടലില്‍ കുളിച്ചു തകര്‍ത്തു. സ്​പീഡ് ബോട്ടിങ്ങ്, ജെററ് സ്‌കൈയിങ്ങ്, വാട്ടര്‍ സ്‌കൂട്ടറിങ്ങ് തുടങ്ങിയ വിനോദോപാധികള്‍ക്കു നേരം കണ്ടെത്തി. ടൂറിസത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ എന്തു കൊണ്ട് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിക്കൂടാ എന്തു ചിന്തിച്ചു പോയി.ഹോട്ടലില്‍ നിന്ന് ടൗണിലേക്ക് ഒരു കിലോമീറ്റര്‍ നീളമുള്ള റോഡുണ്ട്. റോഡിനിരുവശവും മാളുകളാണ്. റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, നിശാക്ലബ്ബുകള്‍ എല്ലാമുണ്ട്. ഒറ്റ ഇന്ത്യന്‍ റെസ്‌റ്റൊറന്റു മാത്രമേ അവിടെയുള്ളൂ. സസ്യാഹാരി ആയതു കൊണ്ടും, ഇന്ത്യന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ശീലമുള്ളതു കൊണ്ടും ഞാന്‍ അവിടുത്തെ പതിവുകാരനായി. ഡിന്നര്‍ കഴിക്കാന്‍ ഇന്ത്യന്‍ ടീമും അവിടെയായിരുന്നു വരാറ്. കളിക്കായി അമേരിക്കയില്‍ നിന്നും വന്ന ഇന്ത്യക്കാരും, കരീബിയയിലെ ഇന്ത്യന്‍ വംശജരും കളിക്കാരെ കാണാന്‍ അവിടെ വന്നു ചേരും.

കളിയില്ലാത്ത ദിവസങ്ങളില്‍ ബീച്ചില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമാണ് വൈകുന്നേരങ്ങള്‍ ചെലവഴിച്ചത്. ബീച്ച് ക്രിക്കറ്റ്, വോളിബോള്‍, ബോട്ടിങ്ങ് തുടങ്ങിയവയായിരുന്നു പരിപാടി.

അവസാനത്തെ ഏകദിനമായിരുന്നു സെന്റ് ലൂസിയയിലേത്. എങ്ങും കാലിപ്‌സൊ സംഗീതവും നൃത്തവും. കളി, പക്ഷെ കനത്ത മഴ കാരണം മുടങ്ങിപ്പോയി. കളി മുടങ്ങിയതിന്റെ നിരാശയൊന്നും പക്ഷെ കരീബിയക്കാര്‍ക്കില്ല. ആടിയും പാടിയും അവര്‍ മഴയെ ആഘോഷിച്ചു.
ദ്വീപിനെ റോഡു വഴിയും സ്​പീഡ് ബോട്ടു വഴിയും ഞാന്‍ ചുറ്റിക്കണ്ടു. പാറ്റണ്‍ പര്‍വതം, ചെറിയ ചെറിയ ടൗണ്‍ഷിപ്പുകള്‍, വെളളച്ചാട്ടങ്ങള്‍, അഗ്നിപര്‍വതം... വൈവിധ്യമാര്‍ന്ന കാഴ്ച്ചകള്‍.

സെന്റ ലൂസിയയിലെ കാഴ്ച്ചകള്‍ പെട്ടന്നൊന്നും മനസ്സില്‍ നിന്നും മായില്ല. 2010 ലെ ട്വന്റ്‌റി-20 മല്‍സരങ്ങള്‍ക്ക് ഞാനിവിടെ വീണ്ടുമെത്തും ഉറപ്പ്. അതായിരുന്നു എന്റെ യാത്രാമൊഴി.

(മുന്‍ ജൂനിയര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും കേരള രഞ്ജി ക്യാപ്ടനും മുന്‍ ദുലീപ് ട്രോഫി താരവുമാണ് ലേഖകന്‍.)

Information
Saint lucia
An island nation in the eastern Caribbean Sea on the boundary with Atlantic ocean.
Area: 620 sq. km.
Population: 160000. Capital; Castrise
Language: English. Climte: Tropical
By plane: George Fl charles airport, Castries.
Hawanorra International at Vieux Fort. Flights are there from US and Uk
By road: The main way for tourist to get around st. Lucia is by taxi. For budget travellers locl buses provide a cheap way of getting arround. Water taxis are also there.
MathrubhumiMatrimonial