Crime News

ഷമാല്‍ കടത്തിയത് പത്ത് കിലോ സ്വര്‍ണം; പ്രതിഫലം 3.5 ലക്ഷം രൂപ

Posted on: 16 Jun 2015


നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്


കൊച്ചി:
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ഷമാല്‍ കടത്തിയത് പത്ത് കിലോ സ്വര്‍ണം. പത്ത് തവണയായിട്ടാണ് സ്വര്‍ണം കടത്തിയത്. ഇതിന് 3.5 ലക്ഷം രൂപയാണ് ഷമാലിന് പ്രതിഫലം കിട്ടിയത്. വിമാനത്തിലെത്തുന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങി പുറത്തെത്തിക്കലായിരുന്നു ഷമാലിന്റെ ജോലി.

യാത്രക്കാരനില്‍ നിന്ന് ഏറ്റുവാങ്ങുന്ന സ്വര്‍ണം വളരെ സമര്‍ത്ഥമായിട്ടാണ് ഷമാല്‍ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തെത്തിച്ചിരുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ കാത്തുനില്‍ക്കുന്ന മുഹമ്മദ് റഫീഖിനാണ് ഷമാല്‍ സ്വര്‍ണം കൈമാറിയിരുന്നത്. ഇവിടെവെച്ചുതന്നെയാണ് റഫീഖ് ഷമാലിനുള്ള പ്രതിഫലവും കൈമാറിയിരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി നൗഷാദില്‍ നിന്ന് സ്വര്‍ണം വാങ്ങി മുറിച്ചു വില്‍ക്കലായിരുന്നു വളപ്പില്‍ ഹംസയുടെ ജോലി. 100 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള കഷണങ്ങളാക്കിയായിരുന്നു മുറിച്ചിരുന്നത്. കള്ളക്കടത്ത് സ്വര്‍ണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ ഹംസ വില്പന നടത്തിയതെന്നും കസ്റ്റംസ് പറഞ്ഞു. നൗഷാദുമായി ഹംസയ്ക്ക് അഞ്ച് വര്‍ഷത്തിലേറെക്കാലത്തെ പരിചയമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്ന് രണ്ട് മാസത്തിനിടെ 60 കിലോ സ്വര്‍ണം കടത്തിയിരുന്നു. ഇതിന് ഇവര്‍ക്ക് പ്രതിഫലമായി 15,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ ലഭിച്ചിരുന്നു. കേസില്‍ ഇനിയും ഏറെ കണ്ണികളുണ്ടെന്നും അവര്‍ ഉടനെ അറസ്റ്റിലാകുമെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

 

 




MathrubhumiMatrimonial