Crime News

വിരുന്ന് സത്കാരത്തിന് സുന്ദരിമാര്‍: ഐ.എം.എഫ്. മുന്‍മേധാവിയെ വെറുതെവിട്ടു

Posted on: 13 Jun 2015


ലില്ലി (ഫ്രാന്‍സ്): അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വിരുന്നുസത്കാരങ്ങളില്‍ സുന്ദരിമാരെ ഉപയോഗിച്ച സംഭവത്തില്‍ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മുന്‍ മേധാവി ഡൊമിനിക് സ്‌ട്രോസ് ഖാനെ (66) ഫ്രാന്‍സിലെ കോടതി വെറുതെവിട്ടു. സ്ത്രീകളെ ഏര്‍പ്പാട് ചെയ്തുകൊടുത്തെന്നാണ് കേസില്‍ ഖാനെതിരെ ചുമത്തിയിരുന്ന കുറ്റം.

ബലാത്സംഗശ്രമമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കേസിന്റെ തുടക്കത്തില്‍ ചുമത്തിയിരുന്നു. പിന്നീട് ഇവ പിന്‍വലിക്കപ്പെട്ടു. ആകെ 13 പ്രതികളാണ് ഉണ്ടായിരുന്നത്. ബെല്‍ജിയത്തിലെ വ്യഭിചാരശാലാ നടത്തിപ്പുകാരന്‍ ഡൊമിനിക് ആല്‍ഡര്‍വീല്‍ഡ് ഉള്‍പ്പെടെ ഏഴുപേരെ കോടതി വെറുതെവിട്ടു.

ന്യൂയോര്‍ക്കിലെ ഹോട്ടല്‍ജീവനക്കാരി 2011-ല്‍ ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഖാനെതിരായ ക്രിമിനല്‍കുറ്റങ്ങള്‍ ഒഴിവാക്കുകയും ഈ കേസ് ഒത്തുതീരുകയും ചെയ്തു.

തുടര്‍ന്ന് വടക്കന്‍ഫ്രാന്‍സിലെ പെണ്‍വാണിഭ സംഘവും ഖാനുമായുള്ള ബന്ധത്തെക്കുറിച്ചായി അന്വേഷണം. ഖാന്‍ നടത്തിയിരുന്ന വിരുന്നുസത്കാരങ്ങളില്‍ സ്ത്രീകളെ നല്‍കിയിരുന്നത് ഈ സംഘമാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഏഴ് സ്ത്രീകളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചുവെന്ന കുറ്റം ഖാനെതിരെ ചുമത്തി. 10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സ്ത്രീകള്‍ക്ക് ഖാന്‍ പണം നല്‍കിയിട്ടില്ലെന്നും കുറ്റം തെളിയിക്കാന്‍ എതിര്‍ കക്ഷിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി.

ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായ ഖാന്‍ ഫ്രാന്‍സിന്റെ ഭാവിപ്രസിഡന്റായി വരെ വിലയിരുത്തപ്പെട്ടിരുന്നയാളാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്‍, അഭിഭാഷകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 2007-ല്‍ ഐ.എം.എഫ്. പ്രസിഡന്റായ ഖാന്‍ ലൈംഗികാരോപണക്കേസിനെത്തുടര്‍ന്ന് 2011-ല്‍ രാജിവെക്കുകയായിരുന്നു.

 

 




MathrubhumiMatrimonial