Ramzan Banner

വിതരണത്തിലൂടെ വികസനം

Posted on: 15 Sep 2009

ടി.കെ. ഉബൈദ്‌



സ്വന്തം മുതലുകള്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍, ഒരു ധാന്യം വിതയ്ക്കുന്നതുപോലെയാകുന്നു. അത് ഏഴു കതിരുകള്‍ വിളയിക്കുന്നു. ഓരോ കതിരിലും നൂറുവീതം ധാന്യങ്ങള്‍. അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മഫലം ഈ വിധം പൊലിപ്പിക്കുന്നു. അല്ലാഹു വിശാലഹസ്തനും സര്‍വജ്ഞനുമല്ലോ'' (2:261).



സമ്പത്ത്് ഭൗതികലോകത്തിന്റെ മാലിന്യമാണ്. ആത്മീയോല്‍കര്‍ഷത്തിന് വിഘാതമാണ്. ആത്മവിശുദ്ധിയും സാത്വികജീവിതവും കാംക്ഷിക്കുന്നവര്‍ സമ്പത്തില്‍ വിരക്തരായിരിക്കണം. ഇങ്ങനെയൊക്കെ സിദ്ധാന്തിക്കുന്ന ആത്മീയവാദികള്‍ ഏറെയുണ്ട്. ഖുര്‍ആന്‍ ഈ കാഴ്ചപ്പാടിനെതിരാണ്. മനുഷ്യന്‍ തേടുകയും നേടുകയും ചെയ്യേണ്ട ദൈവാനുഗ്രഹമാണ് സമ്പത്ത്. അത് ശേഖരിച്ചു കെട്ടിപ്പൂട്ടിവെക്കുകയോ ധൂര്‍ത്തടിച്ചു പാഴാക്കുകയോ ചെയ്തുകൂടാ. ദൈവികമാര്‍ഗത്തിലൂടെ സമ്പാദിക്കുകയും ദൈവികമാര്‍ഗത്തില്‍ തന്നെ ചെലവഴിക്കുകയും വേണം. അതാണ് സാമ്പത്തികമായ 'തഖ്‌വ.' ദൈവം മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനായി നിശ്ചയിച്ചിട്ടുള്ളതാണ് സമ്പത്തെന്നും അത് മൂഢന്മാരുടെ കരങ്ങളിലേല്‍പിച്ച് പാഴാക്കിക്കളയരുതെന്നും ഖുര്‍ആന്‍ (4:5) പ്രത്യേകം അനുശാസിക്കുന്നുണ്ട്. സമ്പാദ്യത്തിന്റെയും വിതരണത്തിന്റെയും ജീവല്‍പ്രാധാന്യം മുമ്പെന്നത്തേക്കാളുമേറെ മുഴച്ചുകാണപ്പെടുന്ന ചരിത്രസന്ധിയിലൂടെയാണ് ആധുനിക മനുഷ്യന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സമ്പത്തിന്റെയും സമൂഹത്തിന്റെയും ശരിയായ വികസനം അത് ദൈവമാര്‍ഗത്തില്‍ വിതരണം ചെയ്യപ്പെടുന്നതിലൂടെയാണെന്ന് ലളിതമായ ഉപമയിലൂടെ ഉല്‍ബോധിപ്പിക്കുകയാണ് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തം.

ദൈവികമാര്‍ഗം എന്നാല്‍ അല്ലാഹു അനുശാസിച്ച മാര്‍ഗമാണ്. ധാര്‍മികവും നൈതികവുമായ എല്ലാ മാര്‍ഗങ്ങളും ദൈവം അനുശാസിച്ചിട്ടുള്ളതാണ്. ദൈവമാര്‍ഗവും ധര്‍മമാര്‍ഗവും ഒന്നുതന്നെ. ചെലവഴിക്കുക എന്നവാക്ക് ദാനത്തെയും ദാനമല്ലാത്ത ധനവ്യയങ്ങളെയും ഉള്‍ക്കൊള്ളുന്നു. നിര്‍ബന്ധ സകാത്തായി കൊടുക്കുന്നതും പാവങ്ങള്‍ക്ക് നല്‍കുന്ന സഹായവും കുടുംബം പോറ്റാന്‍ ചെലവഴിക്കുന്നതും പൊതുക്ഷേമ സംരംഭങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതുമെല്ലാം ചെലവഴിക്കലില്‍ പെടുന്നു. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടാണതൊക്കെ ചെയ്യുന്നതെങ്കില്‍ എല്ലാം ദൈവമാര്‍ഗത്തിലുള്ള ചെലവഴിക്കലായി.

ഒരു ധാന്യത്തിന്റെ ഉടമ അത് സ്വയം തിന്നുകയാണെങ്കില്‍ അതോടെ അത് ഇല്ലാതാകുന്നു. അയാളത് ഫലപുഷ്ടമായ മണ്ണില്‍ നടുകയാണെങ്കിലോ, നൂറുകണക്കില്‍ ധാന്യങ്ങള്‍ പേറുന്ന പല പല കതിരുകളുല്‍പ്പാദിപ്പിക്കുന്ന സസ്യമായി വളര്‍ന്നു പെരുകുന്നു. ഇതുപോലെ മുതലുടമ തനിക്ക് മാത്രമായി ഉപയോഗിക്കുന്ന ആ മുതല്‍ അതോടെ അസ്തമിക്കുന്നു. ഒരാവശ്യക്കാരനു ദാനം ചെയ്യുന്ന മുതലോ, അപരന്റെ ആശ്വാസമായി, പരസ്​പരസ്‌നേഹമായി, പൊതുക്ഷേമമായി, ആരോഗ്യകരമായ സാമൂഹികബന്ധങ്ങളായി അവയുടെയൊക്കെ നൂറുനൂറു സല്‍ഫലങ്ങളായി അതു നിലനില്‍ക്കുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വികാസവും വളര്‍ച്ചയുമെല്ലാം കര്‍മഫല രൂപേണ മരണാനന്തര ജീവിതത്തില്‍ ദാതാവില്‍ തന്നെ ചെന്നുചേരുകയും ചെയ്യുന്നു. അല്ലാഹു പരിമിതികള്‍ക്കതീതനാണ്. വിശാലഹസ്തനായ അവന്ന് ആര്‍ക്ക് എത്ര വേണമെങ്കിലും നല്‍കാനുള്ള വിഭവശേഷിയുണ്ട്. ആര്‍ എത്ര അര്‍ഹിക്കുന്നു എന്ന് അവന്‍ കൃത്യമായി അറിയുന്നുമുണ്ട്.



MathrubhumiMatrimonial