Crime News

വിജിലന്‍സ് വീണ്ടും ബിജുവിന്റെ മൊഴിയെടുത്തു

Posted on: 09 Jun 2015


തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയോടൊപ്പം ഹാജരാക്കിയ തെളിവുകളില്‍ വൈരുധ്യം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗമാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് വ്യക്തതയ്ക്കായി വീണ്ടും ബിജു രമേശിന്റെ മൊഴിയെടുത്തു.

2014 ഡിസംബറില്‍ റെക്കോഡ് ചെയ്തതെന്ന് കാട്ടി ബിജു ഹാജരാക്കിയ മൊബൈല്‍ സംഭാഷണം 2010 ജനവരിയിലേതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് സയന്‍സ് ലാബ് മെയ് 19നാണ് റിപ്പോര്‍ട്ട് നല്‍കിയത്. 20ന് അന്വേഷണസംഘത്തിന് കോടതി റിപ്പോര്‍ട്ട് കൈമാറി. ഇതിനുശേഷം അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പേ ബിജുരമേശിനെ വിളിച്ചുവരുത്തി വിജിലന്‍സ് വീണ്ടും മൊഴിയെടുത്തു. തീയതിയിലെ വൈരുധ്യത്തില്‍ വ്യക്തത വരുത്താനായിരുന്നു മൊഴിയെടുക്കല്‍.

2014ലാണ് മൊബൈല്‍ വാങ്ങിയതെന്ന് ബിജു മൊഴി നല്‍കി. പക്ഷേ, പുതിയ ഫോണില്‍ വര്‍ഷവും തീയതിയും ക്രമീകരിക്കാത്തതിനാലാണ് 2010 ജനവരിയില്‍ റെക്കോഡ് ചെയ്തതായി പരിശോധനയില്‍ കണ്ടത്. 2010ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്‌റ്റ്വെയറായതിനാലാണ് ആശയക്കുഴപ്പമുണ്ടായത്. 2010ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണ് ഭരിച്ചതെന്നും ആ സമയം ബാര്‍ വിഷയം ഉണ്ടായില്ലെന്നും ബിജു വിജിലന്‍സിന് മുന്നില്‍ വ്യക്തമാക്കി.

ബാര്‍ ഉടമകള്‍ മന്ത്രി കെ.എം. മാണി ഉള്‍െപ്പടെ മൂന്ന് പേര്‍ക്ക് കോഴ നല്‍കിയെന്നും അതിന്റെ ശബ്ദരേഖ തെളിവായി നല്‍കാമെന്നും ബിജു അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ബാര്‍ അസോസിയേഷന്റെ 2014 ഡിസംബറില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലെ സംഭാഷണമാണ് തെളിവായി ഹാജരാക്കിയത്. ഇതോടൊപ്പം ജോസ് കെ. മാണി ബാര്‍ ഉടമ ജോണ്‍ കല്ലാട്ടിനോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ഫോണ്‍ സംഭാഷണവും ഹാജരാക്കിയിരുന്നു.

ഇത് രണ്ടും വെവ്വേറെ സംഭാഷണമായാണ് നല്‍കിയത്. ഒന്ന് ജനവരി മൂന്നിനും മറ്റൊന്ന് ഫിബ്രവരി 27നും ആയിട്ടാണ് പരിശോധനയില്‍ കണ്ടത്. ഇതിനുശേഷം തീയതി പുനഃക്രമീകരിച്ച് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു സംഭാഷണം റെക്കോഡ് ചെയ്തതും മൊബൈല്‍ ഹാര്‍ഡ് ഡിസ്‌കിലുണ്ടായിരുന്നു. ഇതായിരുന്നു പരിശോധനയില്‍ സംശയത്തിനിടയായത്.

പരിശോധനയില്‍ സി.ഡി.യില്‍ മാറ്റം വരുത്തിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് വിജിലന്‍സ് ഉറപ്പു വരുത്തി. സി.ഡി.യില്‍ ശബ്ദം ഉയര്‍ത്തിയിട്ടുള്ളതായി ബിജു കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍തന്നെ വ്യക്തമാക്കിയതിനാല്‍ അന്വേഷണസംഘം ഇത് കാര്യമായി എടുത്തില്ല.

 

 




MathrubhumiMatrimonial