
ബാര്‍കോഴ കുറ്റപത്രം: വിജിലന്‍സ് ഡയറക്ടറുടെ നിലപാട് നിര്‍ണായകം
Posted on: 06 Jun 2015

വിജിലന്‍സ് കേസുകളില്‍ സാധാരണ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന വസ്തുതാ റിപ്പോര്‍ട്ട് വിജിലന്‍സ് നിയമോപദേഷ്ടാവ് പരിശോധിക്കും. വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണോ അല്ലയോയെന്നാണ് പ്രധാനമായും പരിശോധിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ നിലപാടുകള്‍ കൂടി രേഖപ്പെടുത്തി ഫയല്‍ വിജിലന്‍സ് എ.ഡി.ജി.പി.ക്ക് കൈമാറും. എ.ഡി.ജി. പി. ഷേക്ക് ദര്‍വേഷ് സാഹേബ് ഇത് സൂക്ഷ്മമായി പരിശോധിക്കും. വേണമെങ്കില്‍ അദ്ദേഹത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്റെ നിയമോപദേശവും തേടാം. അല്ലെങ്കില്‍ എ.ജി.യുടെ നിയമോപദേശം കൂടി തേടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിലയിരുത്തലുകളോടെ ഫയല്‍ ഡയറക്ടര്‍ക്ക് കൈമാറും.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളായിരിക്കും കേസില്‍ അന്തിമ തീരുമാനമെടുക്കുക. കുറ്റപത്രം നല്‍കണമോ വേണ്ടയോ എന്നും അദ്ദേഹത്തിന് തീരുമാനിക്കാം. മറിച്ച് കേസില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ അതുകൂടി ചേര്‍ക്കുന്നതിന് ഫയല്‍ തിരികെ അന്വേഷണ ഉദ്യോഗസ്ഥന് മടക്കിനല്‍കാം. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടേണ്ടകാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും ഡയറക്ടറാണ്. വിജിലന്‍സ് നിയമോപദേഷ്ടാവ് കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കിയ നിരവധി കേസുകള്‍ പിന്നീട് കുറ്റപത്രം നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റപത്രം നല്‍കാന്‍ വിജിലന്‍സ് ഉപദേഷ്ടാവ് ശുപാര്‍ശ ചെയ്ത ഫയലുകള്‍ അവ നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് ഡയറക്ടര്‍ അവസാനിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കുന്ന വസ്തുതാ റിപ്പോര്‍ട്ടില്‍ 20 ശതമാനം തെളിവുകള്‍ക്ക് മുകളിലുണ്ടെങ്കില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാകും വിജിലന്‍സ് ബാര്‍കോഴ കേസില്‍ തീരുമാനമെടുക്കുക. ബിജു രമേശിന്റെ രഹസ്യമൊഴി, ഡ്രൈവര്‍ അമ്പിളിയുടെ മൊഴി, നുണപരിശോധനാഫലം, സാഹചര്യതെളിവുകള്‍ എന്നിവയെല്ലാം മാണിക്കെതിരാണെന്ന് വസ്തുതാറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചെങ്കിലും നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിന്‍ അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയ തെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക ശക്തമായ തെളിവുകളല്ലെന്നാണ് നിയമോപദേഷ്ടാവിന്റെ നിലപാട്.
കുറ്റപത്രത്തിന്റെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും നിയമോപദേഷ്ടാവും രണ്ടുതട്ടിലായതോടെ ഇതിന്റെ സൂക്ഷ്മമായ പരിശോധനതന്നെ വേണ്ടിവരും. അന്തിമറിപ്പോര്‍ട്ട് വന്നതിനുശേഷം ആക്ഷേപമുണ്ടെങ്കില്‍ മേല്‍നോട്ട ഹര്‍ജിക്കാര്‍ക്ക് കോടതിയെ വീണ്ടും സമീപിക്കാമെന്നാണ് കോടതി നിര്‍ദേശം. ഇതോടെ ബാര്‍കോഴ കോടതി നടപടികളിലേക്ക് കടക്കും. പിന്നീട് തീരുമാനം കോടതിയുടേതായി മാറുകയും ചെയ്യും.
