
'തഖ്വ'യും നീതിയും
Posted on: 14 Sep 2009
ടി.കെ. ഉബൈദ്
''അല്ലയോ സത്യവിശ്വാസികളേ, നീതിക്കു സാക്ഷികളായിക്കൊണ്ട് അല്ലാഹുവിനുവേണ്ടി നിലകൊള്ളുവിന്‍. ഒരു ജനവിഭാഗത്തോടുള്ള വൈരം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൂടാത്തതാകുന്നു. ഏതു സാഹചര്യത്തിലും നീതിതന്നെ ചെയ്യുവിന്‍. അതാണ് തഖ്വയോട് ഏറ്റം ഇണങ്ങുന്നത്. അല്ലാഹുവിനോട് തഖ്വയുള്ളവരായിരിക്കുവിന്‍. നിശ്ചയം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്'' (ഖു. 5: 8).
നീതിയും തഖ്വയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയാണീ സൂക്തം. സമസൃഷ്ടികളോടുള്ള ഇടപാടുകളിലും പെരുമാറ്റത്തിലുമുള്ള 'തഖ്വ' അതില്‍ നൈതികത കാത്തുസൂക്ഷിക്കുകയാണ്. ഇവിടെ 'അല്ലാഹുവിനോട് തഖ്വയുള്ളവരായിരിക്കുവിന്‍' എന്നുണര്ത്തുന്നതിന്റെ താല്പര്യം, ദൈവത്തെയോര്‍ത്ത് എല്ലാ നടപടികളിലും നീതി മുറുകെപ്പിടിക്കുവിന്‍ എന്നാണ്.
വ്യക്തികള്‍ തമ്മിലോ സംഘങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന ശത്രുതയാണ് ആളുകളെ അനീതിക്കും അക്രമത്തിനും പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ശത്രുക്കളോട് എന്തുമാകാം എന്നാണ് ശത്രുതയില്‍ വര്‍ത്തിക്കുന്ന കക്ഷികളുടെ പൊതുനിലപാട്. പണ്ടെന്നപോലെ ഈ പരിഷ്കൃതയുഗത്തിലും അതങ്ങനെ തന്നെ തുടരുന്നു. വിശാലവും സംഘര്‍ഷവും സജീവമായി നിലനില്ക്കാനും തലമുറകളിലേക്ക് പകരാനും ഇടയാക്കുന്ന ഈ നിലപാടിനെ അസന്ദിഗ്ധമായി നിരോധിക്കുകയാണ് അല്ലാഹു. ഖുര്‍ആന്‍ 4:135ല്‍, ഉറ്റബന്ധുക്കളോടും അടുപ്പക്കാരോടുമുള്ള സ്നേഹം അവര്‍ക്കുവേണ്ടി നീതിവിട്ട് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കരുതെന്നും അനുശാസിക്കുന്നുണ്ട്. ഈ സൂക്തത്തില്‍ നീതിക്കുവേണ്ടി സാക്ഷികളായിക്കൊണ്ട് അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരാകുവിന്‍ എന്നു പറയുമ്പോള്‍ 4:135ല്‍ പറയുന്നത് 'അല്ലാഹുവിനുവേണ്ടി സാക്ഷികളായിക്കൊണ്ട് നീതിയില്‍ നിലകൊള്ളുവിന്‍' എന്നാണ്.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സത്യവും നീതിയും മുറുകെപ്പിടിക്കുകയും അവന്റെ നൈതിക നിയമങ്ങള്‍ സ്വജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയുമാണ് അല്ലാഹുവിനുവേണ്ടി സാക്ഷികളാവല്. വിശ്വാസിയുടെ ജീവിതം കണ്ടാല്‍ അതാണ് ദൈവം തൃപ്തിപ്പെടുന്ന ജീവിതചര്യയെന്നും അതിലൂടെയാണ് സത്യവും നീതിയും സാക്ഷാത്കരിക്കപ്പെടുന്നതെന്നും മറ്റുള്ളവര്‍ക്ക് ബോധ്യമാകണം. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് ഉറച്ചുനില്‍ക്കുകയും കര്മജീവിതംകൊണ്ട് നൈതിക മൂല്യങ്ങളുടെ സജീവമാതൃക സൃഷ്ടിക്കുകയുമാണ് നീതിക്കു സാക്ഷികളാവല്.
നീതിക്കുവേണ്ടി അല്ലാഹുവിന്റെ സാക്ഷികളാകുന്നതും അല്ലാഹുവിനുവേണ്ടി നീതിയുടെ സാക്ഷികളാകുന്നതും ഫലത്തില്‍ ഒന്നുതന്നെയാണ്. അല്ലാഹുവിന്റെ സാക്ഷികളാകുന്നവര്‍ തന്നെയാണ് നീതിയുടെയും സാക്ഷികളാകുന്നത്. നീതിക്കുവേണ്ടി നിലകൊള്ളല്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളല്‍ തന്നെയാണ്. ഇസ്ലാമിക നീതിശാസ്ത്രത്തിന്റെ അടിത്തറയാണീ സമവാക്യം. ദൈവത്തെ തിരസ്കരിച്ചുകൊണ്ട് നീതിയില്ല. നീതിയെ തിരസ്കരിച്ചുകൊണ്ട് ദൈവഭക്തി (തഖ്വ)യുമില്ല.
