
കോക്കാച്ചിയും ഹൈപ്പര്‍ബോക്കുമല്ല; കോഴിക്കോട്ടിവര്‍ 'കാല്‍ബി'
Posted on: 02 Jun 2015

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടി ലഹരിമരുന്ന് കേസില്‍ കോഴിക്കോട് നിന്നുള്ള 'കാല്‍ബി' ടീമും. ഇതിനകം കോക്കാച്ചിയും ഹൈപ്പര്‍ബോക്കുമടക്കം ആറു പേര്‍ പിടിയിലായി ക്കഴിഞ്ഞ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ നാലു പേര്‍ കോഴിക്കോട്ടുകാരായിരുന്നു. ഇവരില്‍ നിന്നാണ് 'കാല്‍ബി' ടീമിനെ കുറിച്ചുള്ള വിവരം ലഭിച്ചിരിക്കുന്നത്. 'കാലിക്കറ്റ് ബീച്ച് സംഘം' എന്നതിന്റെ ചുരുക്കപ്പേരാണ് 'കാല്‍ബി ടീം'. മയക്കുമരുന്ന് മാഫിയക്കാര്‍ക്കിടയില്‍ ഈ വിളിപ്പേരിലാണ് കോഴിക്കോടന്‍ സംഘം അറിയപ്പെടുന്നതെന്ന് പോലീസ് പറയുന്നു. എട്ടു പേരുള്ള ഈ സംഘത്തിലെ നാലു പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.
കൊച്ചിയിലെ മയക്കുമരുന്ന് നിശാപാര്‍ട്ടിക്കായി ഹാഷിഷും ആംപ്യൂളുകളും എത്തിച്ചത് 'കാല്‍ബി' സംഘത്തിലെ പ്രധാനി ജനിത്തും മുഹമ്മദ് ഷബീബുമായിരുന്നുവെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പ് മുംബൈ, ഷാര്‍ജ, ചൈന എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പുറത്തുള്ള ബന്ധവും മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോടിനു പുറമേ കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍പ്പെട്ടവരും കാല്‍ബി ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഈ ജില്ലകളിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ സംഘാംഗങ്ങള്‍ പതിവായി ഗോവയില്‍ പോയി ഹാഷിഷ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായ കോക്കാച്ചി എന്ന മിഥുന്‍ സി. വിലാസിന്റെ റിമാന്‍ഡ് ഈ മാസം ഒമ്പതുവരെ നീട്ടി. ഇയാളെ ചോദ്യം ചെയ്ത് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് പോലീസ്. വരും ദിവസങ്ങളില്‍ കേസില്‍ ഉള്‍പ്പെട്ട ചില പ്രധാനികളെ ചോദ്യം ചെയ്യാനായാണ് പോലീസിന്റെ നീക്കം. ഇവര്‍ക്ക് കാക്കനാട് ഫ്‌ലാറ്റെടുത്ത് നല്‍കിയത് നഗരത്തിലെ ഒരു പ്രധാന വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി.സി.പി. ഹരിശങ്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണര്‍ ബാബുകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൗത്ത് സി.ഐ. സിബി ടോം, ഷാഡോ എസ്.ഐ. അനന്തലാല്‍, മരട് എസ്.ഐ. വിപിന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
