Crime News

സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Posted on: 27 May 2015


വണ്ടൂര്‍: ഗുണ്ടല്‍പേട്ടയില്‍ സുഹൃത്തുക്കളുടെ മര്‍ദനത്തിനിടെ മരിച്ച പുളിക്കലോടി പുലത്ത് പുലിക്കോട്ടില്‍ സുനീറിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഇനായത്തുല്ല വാക്കേറ്റത്തിനിടെ തള്ളിയിട്ടപ്പോള്‍ ഹോട്ടലിന്റെ ചവിട്ടുപടിയിലിടിച്ചാണ് സുനീറിന്റെ തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോധരഹിതനായി ക്കിടന്ന സുനീറിന് ചികിത്സ കിട്ടാന്‍ വൈകിയതും മരണ സാധ്യത വര്‍ധിപ്പിച്ചതായി പോലീസ് അനുമാനിക്കുന്നു.

തലയടിച്ചുവീണ സുനീര്‍ ഒരു മണിക്കൂറിലധികം പരിചരണം ലഭിക്കാതെ ഹോട്ടല്‍ പരിസരത്ത് കിടന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ഇടപെട്ടതോടെയാണ് ഇയാളെ ആസ്പത്രിയിലെത്തിക്കാന്‍ പ്രതികള്‍ തയ്യാറായതെന്ന് പോലീസ് പറഞ്ഞു. ആദ്യം മൈസൂരുവിലെ സര്‍ക്കാര്‍ ആസ്പത്രിയിലാണെത്തിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ആസ്പത്രിയിലെത്തിച്ചെങ്കിലും നില വഷളായിരുന്നു. തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ച അവസ്ഥയായതിനാല്‍ ശസ്ത്രക്രിയപോലും സാധ്യമായിരുന്നില്ല.

കേസിലെ പ്രതികളായ കുണ്ടുകുളി അബൂബക്കര്‍(43), കുന്നുമ്മല്‍ അഷ്‌റഫ്(40), കടവത്ത് ജുനൈസ് ബാബു(36), ഷൈഖ് ഇനായത്തുള്ള(32), തറമ്മല്‍ അഷറഫ്(38) എന്നിവര്‍ ചാമരാജ് നഗര്‍ ജയിലില്‍ റിമാന്‍ഡിലാണുള്ളത്.

കേസിലെ പ്രധാന സാക്ഷികളായ ഗുണ്ടല്‍പേട്ട റിഷി ഹോട്ടലിലെ രണ്ടു ജീവനക്കാരുടെ മൊഴി പോലീസ് ശേഖരിച്ചു. പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തതിന്റെ രേഖകളും പോലീസിനുലഭിച്ചു. കേസില്‍ കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അന്വേഷണസംഘം പറഞ്ഞു.

 

 




MathrubhumiMatrimonial