Crime News

അനീഷിന്റെ മരണം: അന്വേഷണച്ചുമതല വീണ്ടും മുഹമ്മദ് കാസിമിന്

Posted on: 16 May 2015


മലപ്പുറം: മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.കെ. അനീഷിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം സര്‍ക്കാര്‍ റദ്ദാക്കി. അന്വേഷണച്ചുമതലയുള്ള പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കാസിമിനെയാണ് ഈമാസം എട്ടിന് സ്ഥലംമാറ്റിയത്.

കേസ് സുപ്രധാന വഴിത്തിരിവിലെത്തിനില്‍ക്കെ നടന്ന സ്ഥലംമാറ്റത്തില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. സ്ഥലംമാറ്റം റദ്ദാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച കിട്ടിയതായി മുഹമ്മദ് കാസിം പറഞ്ഞു.

സ്‌കൂളില്‍നിന്ന് പിരിച്ചുവിട്ട കെ.കെ. അനീഷിനെ സപ്തംബര്‍ രണ്ടിനാണ് മലമ്പുഴയിലെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. അനീഷിനെ മാനേജര്‍ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു കാരണമായിപ്പറഞ്ഞ സംഭവം കെട്ടിച്ചമച്ചതാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.

ഇതോടെ മാനേജരും പ്രഥമാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രതികളാകുമെന്ന അവസ്ഥവന്നു. മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലും ഇതേകാര്യങ്ങള്‍ ബോധ്യപ്പെട്ടു. കുരുക്ക് മുറുകുന്നുവെന്നു ബോധ്യപ്പെട്ടപ്പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്.

 

 




MathrubhumiMatrimonial