goodnews head

നാട് കൂടെയുണ്ട്; യൂനസിനും മാജിദയ്ക്കും പഠിക്കാനും ജീവിക്കാനും

Posted on: 15 May 2015



തേഞ്ഞിപ്പലം: പഠിപ്പിക്കാന്‍ സാക്ഷരാതാപ്രവര്‍ത്തകര്‍, വീടിനടുത്ത് പരീക്ഷാകേന്ദ്രമൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍, പരീക്ഷാ കേന്ദ്രത്തിലെത്തിക്കാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍, പരീക്ഷയെഴുതാന്‍ സഹായികള്‍... തളര്‍ന്നുകിടക്കുന്ന പേശികളില്‍ ഊര്‍ജവും ഉത്സാഹവും നിറയ്ക്കാന്‍ നാട് മുഴുവനുമുണ്ട് യൂനസിനും മാജിദയ്ക്കുമൊപ്പം. പെരുവള്ളൂര്‍ ചാത്രത്തൊടിയിലെ പരേതനായ ചെമ്പന്‍ അബൂബക്കറിന്റെയും സഫിയയുടെയും മക്കളാണ് 'മസ്‌കുലാര്‍ ഡിസ്‌ട്രോഫി ' എന്ന രോഗത്തെ ജീവിതംകൊണ്ടു തോല്‍പ്പിക്കുന്നത്.

വിദൂരവിഭാഗം വഴി പ്രവേശനപ്പരീക്ഷയെഴുതി ബിരുദത്തിനുചേരാന്‍ കാലിക്കറ്റ് സര്‍വകലാശാല ഇവര്‍ക്കുമാത്രമായി കേന്ദ്രമൊരുക്കിയത് വാര്‍ത്തയായിരുന്നു. ബി.എ പൊളിറ്റിക്‌സിന് ചേര്‍ന്ന ഇരുവരും വ്യാഴാഴ്ച ഒന്നാംസെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി. അഞ്ചു പരീക്ഷകളാണുണ്ടായിരുന്നത്. ഓടിച്ചാടി നടന്നിരുന്ന കാലത്ത് നാലാംക്ലാസുവരെ പഠിച്ച ചാത്രത്തൊടി എ.എം.എല്‍.പി.സ്‌കൂളില്‍ തന്നെയാണ് ഇത്തവണയും ഇവര്‍ക്ക് പരീക്ഷാകേന്ദ്രം.

ബിരുദപരീക്ഷകള്‍ മുഴുവനും ഇവിടെത്തന്നെ എഴുതാന്‍ അവസരംനല്‍കുമെന്ന് സര്‍വകലാശാല പ്രഖ്യാച്ചിട്ടുണ്ട്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് പേശികള്‍ ശോഷിക്കുന്ന അസുഖം ഇരുവരെയും ബാധിച്ചത്. പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. പരസഹായംകൂടാതെ എഴുന്നേല്‍ക്കാനും നടക്കാനും കഴിയാത്ത അവസ്ഥയാണ്. സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷയിലൂടെയാണ് പത്താംക്ലാസ് ജയിച്ചത്. തുടര്‍പഠനത്തിനുള്ള ആഗ്രഹം സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും കരുവാങ്കല്ല് മഹാത്മാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും സഫലമാക്കി.

ക്ലബ്ബ് സെക്രട്ടറി ടി.പി. അബ്ദുള്‍റസാഖ്, പ്രവര്‍ത്തകരായ പി. നാഫി, റയീസ് എന്നിവരാണ് യൂനസിനെയും മാജിദയെയും പരീക്ഷയ്ക്കായി സ്‌കൂളിലെത്തിക്കുന്നത്. മുംബൈ മലയാളി അസോസിയേഷന്‍ സമ്മാനിച്ച ഇലക്ട്രോണിക്‌സ് ചക്രക്കസേരയിലാണ് യൂനസിന്റെ യാത്ര. മാജിദയെ ആശാ പ്രവര്‍ത്തക സുഭദ്രയും പഞ്ചായത്തിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ടി. സാജിദയും മറ്റു സുഹൃത്തുക്കളുംചേര്‍ന്ന് ജീപ്പില്‍ കയറ്റി സ്ഥലത്തെത്തിക്കും. റോഡില്‍നിന്ന് വീട്ടിലേക്കുള്ള നൂറുമീറ്ററോളം ദുര്‍ഘടമായ വഴിയില്‍ ചക്രക്കസേരയില്‍ എടുത്തുയര്‍ത്തി കൊണ്ടുപോകാനും എല്ലാവരും ഒരുമിക്കും.

പ്ലസ്ടു വിദ്യാര്‍ഥികളായ ഫര്‍ഷിദയും മുഹ്‌സിനയുമാണ് പരീക്ഷയെഴുതാന്‍ സഹായികളായെത്തിയത്. 21 പിന്നിട്ട യൂനസിനെയും 20 വയസ്സുള്ള മാജിദയെയും പരിചരിക്കാന്‍ കഷ്ടപ്പെടുന്ന ഉമ്മ സഫിയയ്ക്ക് നാട്ടുകാരുടെ സഹായം വലിയ ആശ്വാസമാണ്. ഇവര്‍ക്ക് സൗകര്യപ്രദമായ വീടുപണിയാന്‍ പെരുവള്ളൂര്‍ പഞ്ചായത്തംഗം ചൊക്ലി മൊയ്തീന്‍ അഞ്ചുസെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന് ഒരുലക്ഷം രൂപയും സഹായംനല്‍കി. സാക്ഷരതാമിഷന്‍ കേന്ദ്രങ്ങളും മഹാത്മാ ക്ലബ്ബും ചേര്‍ന്ന് നല്ലൊരു തുക സ്വരൂപിക്കുകയുംചെയ്തു. വീട് ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്.

 

 




MathrubhumiMatrimonial