Crime News

ബൈക്ക് തടഞ്ഞ് യുവാവിനെ അടിച്ചുകൊന്നു; സഹോദരന് പരിക്ക്

Posted on: 13 May 2015


ആളുമാറി കൊലയെന്ന് സംശയം


ഉദുമ: മരണവീട്ടിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ അര്‍ധരാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. തലയ്ക്കടിയേറ്റ മൂത്തയാള്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന സഹോദരന്‍ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ബാദുഷ (25)യാണ് മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. പാലക്കുന്ന് കണ്ണംകുളം ഗ്രീന്‍വുഡ് സ്‌കൂളിനുസമീപം നടുറോഡിലാണ് അക്രമം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം.

കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഷാഹുല്‍ ഹമീദിന്റെ അടുത്ത ബന്ധു, ഉദുമ പടിഞ്ഞാറെ പി.എം.അബ്ദുള്ള ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. രാത്രിയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഗ്രീന്‍വുഡ് സ്‌കൂളിന് മുന്നിലെ റോഡില്‍ ഒരുസംഘം ആള്‍ക്കാര്‍ ഷാഹുല്‍ ഹമീദും ബാദുഷയും സഞ്ചരിച്ചിരുന്ന മോട്ടോര്‍ബൈക്ക് തടഞ്ഞ് അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കാണിച്ചശേഷം മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും ഷാഹുല്‍ ഹമീദ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഉദുമ നാലാം വാതുക്കലിലെ സാദിഖിനെ ആറാട്ടുകടവ് പാലത്തിനടുത്തുവെച്ച് നാലംഗസംഘം മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സാദിഖിനെ മര്‍ദിച്ചവരെ കാത്തിരുന്ന സംഘം ആളുമാറി ഷാഹുല്‍ ഹമീദിനെ കൊന്നതാണോ എന്നതും അന്വേഷണപരിധിയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് പറഞ്ഞു.

രാവണീശ്വരം മുക്കൂട് കുന്നോത്ത് കാവിലെ അബൂബക്കറിന്റെയും ദൈനബിയുടെയും മകനാണ് ഷാഹുല്‍ ഹമീദ്. ആറുമാസം മുമ്പാണ് മുക്കൂടിലെ വീടും സ്ഥലവും വിറ്റ് കണ്ണംകുളത്തെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. ഗള്‍ഫില്‍ ജോലിയിലിരിക്കെ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ഒരുമാസംമുമ്പാണ് ഷാഹുല്‍ ഹമീദ് നാട്ടിലെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കി തിരികെ ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം.

 

 




MathrubhumiMatrimonial