
ചെമ്പുകടവ് കോളനിയിലെ വിനീതമാര്‍ക്ക് പഠനസഹായം
Posted on: 13 May 2015
![]() |
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ എ.സി. വിനീതയ്ക്ക് ഇറാം ഗ്രൂപ്പിന്റെ പഠനസഹായം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ കൈമാറുന്നു. മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദ് എന്നിവര്‍ സമീപം |
കോഴിക്കോട്: വിധിയെ തോല്‍പ്പിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ചെന്പുകടവ് ആദിവാസി കോളനിയിലെ ബി. വിനീതയ്ക്കും എ.സി. വിനീതയ്ക്കും ഉപരിപഠനത്തിന് ഇനി പണം പ്രയാസമാവില്ല.
അവരുടെ ആഗ്രഹത്തിനനുസരിച്ച് ഏത് ഉന്നത കോഴ്‌സും തിരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള ചെലവ് ഇറാം ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിന്റെ ആദ്യഘട്ടമെന്നനിലയില്‍ ഇരുവര്‍ക്കും 50,000 രൂപവീതവും അയ്യായിരം രൂപ വീതം വസ്ത്രത്തിനും നല്‍കി.
മാതൃഭൂമിയില്‍ നടന്ന ചടങ്ങില്‍ ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദിന്റെ സാന്നിധ്യത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും തുക കൈമാറി.
വിധിക്കെതിരെ പോരാടിയാണ് ചെമ്പുകടവ് പണിയ വിഭാഗക്കാരുടെ ആദിവാസി കോളനിയിലെ ഈ മിടുക്കികള്‍ ഉന്നതവിജയം നേടിയത്. ഇത് മാതൃഭൂമി ഏപ്രില്‍ 21ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത കണ്ടാണ് ഇറാം ഗ്രൂപ്പ് എം.ഡി. സിദ്ദീഖി അഹമ്മദ് ഇവരുടെ ഭാവി പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സൗദിഅറേബ്യ ആസ്ഥാനമായുള്ള ഇറാംഗ്രൂപ്പിന്‍റെ എം.ഡി.യായ സിദ്ദീഖ് അഹമ്മദിന്‍റെ ഉമ്മ മറിയുമ്മയുടെ പേരിലുള്ള ട്രസ്റ്റാണ് പഠനച്ചെലവ് വഹിക്കുക.
കോടഞ്ചേരി പഞ്ചായത്ത് അംഗം ഓമന വര്‍ക്കിയും ഷൈമോന്‍ ജോസഫും ചേര്‍ന്നാണ് കുട്ടികളെ കോഴിക്കോട്ട് കൊണ്ടുവന്നത്. ചെമ്പുകടവ് കോളനിയിലെ കുട്ടികളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കാനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക കമ്മിറ്റിയുടെ ഭാരവാഹികളാണ് ഇവര്‍. പഠനത്തിന് ആവശ്യമായി വരുന്ന എന്ത് സഹായവും ചെയ്തുകൊടുക്കാന്‍ ട്രസ്റ്റ് സദാ സന്നദ്ധമാണെന്ന് സിദ്ദീഖ് അഹമ്മദ് കുട്ടികളെ അറിയിച്ചു.
